എം.പി വീരേന്ദ്രകുമാറിനെ അനുസ്മരിച്ചു

കാലിക്കറ്റ് പ്രസ്‌ക്ലബ് ഹാളില്‍ നടന്ന എം.പി വീരേന്ദ്രകുമാര്‍ അനുസ്മരണ യോഗത്തില്‍ ഒ. അബ്ദുറഹിമാന്‍ സംസാരിക്കുന്നു

കോഴിക്കോട്: ബഹുമുഖ പ്രതിഭയായ എം.പി വീരേന്ദ്രകുമാറിന്റെ നിര്യാണം മാധ്യമലോകത്തിന് കനത്ത നഷ്ടമാണെന്ന് കാലിക്കറ്റ് പ്രസ്‌ക്ലബില്‍ ചേര്‍ന്ന അനുശോചന യോഗം അഭിപ്രായപ്പെട്ടു. നീതിയുടെ ശബ്ദമായിരുന്നു വീരേന്ദ്രകുമാര്‍. മണ്ണിനും മനുഷ്യനും പ്രകൃതിക്കും വേണ്ടി എന്നും അദ്ദേഹം പടവെട്ടി. അധികാരത്തിന്റെ നാനാതുറകളില്‍ എത്തിപ്പെട്ടപ്പോഴൊക്കെ ഒരിക്കലും ഒരന്യായത്തോടും വിട്ടുവീഴ്ച ചെയ്യാത്ത ശക്തിയായി അദ്ദേഹം ഉറച്ചു നിന്നു. അടിസ്ഥാന മൂല്യങ്ങളില്‍ നിന്നും പാരമ്പര്യത്തില്‍ നിന്നും വ്യതിചലിക്കാതെ തന്നെ മാധ്യമരംഗത്തെ സാങ്കേതിക മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അദ്ദേഹം നേതൃത്വം നല്‍കിയെന്നും യോഗം വിലയിരുത്തി.
മതേതര ജനാധിപത്യത്തോട് അവസാനകാലം വരെ പ്രതിബദ്ധത പുലര്‍ത്തിയ വ്യക്തിയായിരുന്നു വീരേന്ദ്രകുമാറെന്ന് അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ച മാധ്യമം മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുറഹിമാന്‍ പറഞ്ഞു. ഏതെങ്കിലും ഒരു മേഖലയില്‍ മാത്രം പരിമിതമായിരുന്നില്ല അദ്ദേഹത്തിന്റെ കഴിവ്. എല്ലാ രംഗത്തും വീരേന്ദ്രകുമാര്‍ വ്യക്തിമുദ്ര പതിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്‌ക്ലബ് പ്രസിഡന്റ് എം. ഫിറോസ്ഖാന്‍ അധ്യക്ഷത വഹിച്ചു. മാതൃഭൂമി എഡിറ്റര്‍ മനോജ് കെ. ദാസ്, സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍, മലയാള മനോരമ ചീഫ് ന്യൂസ് കോര്‍ഡിനേറ്റര്‍ പി.ജെ ജോഷ്വ, കേരള മീഡിയ അക്കാദമി മുന്‍ ചെയര്‍മാന്‍ എന്‍.പി രാജേന്ദ്രന്‍, ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂര്‍, ദേശാഭിമാനി സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ. പ്രേമനാഥ്, 24 ന്യൂസ് റീജ്യനല്‍ ഹെഡ് ദീപക് ധര്‍മ്മടം, ജന്‍മഭൂമി ന്യൂസ് എഡിറ്റര്‍ എം. ബാലകൃഷ്ണന്‍ സംസാരിച്ചു. പ്രസ്‌ക്ലബ് ട്രഷറര്‍ ഇ.പി മുഹമ്മദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രസ്‌ക്ലബ് സെക്രട്ടറി പി.എസ് രാകേഷ് സ്വാഗതവും ജോ.സെക്രട്ടറി പി.കെ സജിത്ത് നന്ദിയും പറഞ്ഞു.