പാനൂര്‍: പിറന്ന നാടിന്റെ അഭിവൃദ്ധിക്കൊപ്പം നിന്ന് ജീവിതം മരുഭൂമിയില്‍ ഹോമിച്ചവരുടെ പ്രയാസമകറ്റാനുള്ള കരുതലിലാണ് ഒരുനാട്. മുസ്ലിം ലീഗിന്റെ പ്രയത്നത്തില്‍ സജ്ജമായി പാനൂരില്‍ പ്രവാസികള്‍ക്കായി ക്വാറന്റീന് കേന്ദ്രം. മുസ്ലിംലീഗ് പാനൂര്‍ നഗരസഭ കമ്മിറ്റിയാണ് കോവിഡിന്റെ അതിഭീകരമായ സാഹചര്യത്തില്‍ നിന്ന് നാടണയുന്ന മികവുറ്റ സൗകര്യത്തില്‍ ക്വാറന്റീന് കേന്ദ്രം ഒരുക്കിയത്.
നഗരസഭാ അധികാരികളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് മുസ്ലിംലീഗ് കമ്മിറ്റി ക്വാറന്റീന് കേന്ദ്രം ഒരുക്കിയത്. പെരിങ്ങത്തൂര്‍ അലിയ്യുല്‍ ഖൂഫി ഖുര്‍ആന്‍ കോളജും പെരിങ്ങത്തൂര്‍ ടിടിഐയുമാണ് ക്വാറന്റീന് കേന്ദ്രങ്ങള്‍.
സ്ഥാപനങ്ങളിലെ നിലവിലെ മുറികള്‍ക്ക് പുറമെ ഹാളുകള്‍ താല്‍ക്കാലികമായി വിഭജിച്ച് അടച്ച് മുറികളാക്കിയുമാണ് താമസ സൗകര്യമൊരുക്കിയത്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണമുള്‍പ്പെടെ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
നഗരസഭയുടെ ക്വാറന്റീന് കേന്ദ്രങ്ങളായ കരിയാട് സിറാജുല്‍ ഹുദയിലും മൗണ്ട് ഗൈഡിലുമുള്ളവര്ക്കും ഭക്ഷണം നല്‍കുന്നത് മുസ്ലിംലീഗ് കമ്മിറ്റിയാണ്. നിലവില്‍ പെരിങ്ങത്തൂരിലെ കേന്ദ്രത്തില്‍ ഇതര സംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നുമെത്തിയ നഗരസഭ പരിധിയിലുള്ളവര്‍ താമസിക്കുന്നുണ്ട്.
പ്രദേശത്തുകാരുടെയും പരിസര പ്രദേശങ്ങളിലുള്ളവരുടെയും പ്രവാസി വ്യവസായികളുടെയും സഹകരണത്തോടെയാണ് ക്വാറന്റീന് സൗകര്യം ഒരുക്കിയത്. മുസ്ലിംലീഗ് കൂത്തുപറമ്പ് മണ്ഡലം, പാനൂര്‍ നഗരസഭ കമ്മിറ്റി നേതാക്കളായ വി നാസര്‍, പിപിഎ സലാം, ടികെ ഹനീഫ്, ഡോ.എന്‍എ മുഹമ്മദ് റഫീഖ്, എംപികെ അയ്യൂബ്, എന്‍പി മുനീര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു.