മുസ്‌ലിം യൂത്ത്‌ലീഗ് സോളാര്‍ സ്ഥാപിച്ചു; വാണിയമ്പുഴ കോളനിയിലെ ടി.വി ബദല്‍ സ്‌കൂളിലേക്ക് മാറ്റിസ്ഥാപിച്ചു

32
വാണിയമ്പുഴ ആദിവാസി കോളനിയിലെ കുട്ടികള്‍ക്കായി മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി നല്‍കിയ സോളാര്‍ പാനല്‍ നിലമ്പൂര്‍ മണ്ഡലം യൂത്ത്‌ലീഗ് ഭാരവാഹികള്‍ കോളനിയിലേക്ക് എത്തിക്കുന്നു

മലപ്പുറം: മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ വാണിയമ്പുഴ ആദിവാസി കോളനിയിലെ കുട്ടികള്‍ക്കായി നല്‍കിയ ടി.വി ബദല്‍ സകൂളിലേക്ക് മാറ്റി സ്ഥാപിച്ചു. വൈദ്യുതിയില്ലാത്തതിനാല്‍ താല്‍ക്കാലികമായി ഫോറസ്റ്റ് ഓഫീസിലായിരുന്നു നേരത്തെ ടി.വി സ്ഥാപിച്ചിരുന്നത്. ബദല്‍ സ്‌കൂളില്‍ യൂത്ത്‌ലീഗ് തന്നെ സോളാര്‍ പാനലും ഒരുക്കിയതോടെയാണ് കുട്ടികള്‍ക്ക് അവരുടെ ഊരിലെ സ്‌കൂളില്‍ ഇരുന്നു തന്നെ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമായത്. കഴിഞ്ഞ പ്രളയത്തിലാണ് ബദല്‍ സ്‌കൂളിലേക്കുള്ള വൈദ്യുതി തകരാറിലായത്. സംസ്ഥാന സര്‍ക്കാര്‍ തിടുക്കം കൂട്ടി ഓണ്‍ലൈന്‍ പഠനം ആരംഭിച്ചതിനാല്‍ നിലമ്പൂരിലെ നിരവധി ആദിവാസി കോളനികള്‍ പരിധിക്കു പുറത്തായി.
ഇവരുടെ ദുരവസ്ഥ ശ്രദ്ധയില്‍പ്പെട്ട മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റിയാണ് ഇവര്‍ക്ക് പഠിക്കാനുള്ള മുഴുവന്‍ സൗകര്യവും ചെയ്ത് നല്‍കിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ടി.പി അഷ്‌റഫലി എന്നിവരുടെ നേതൃത്വത്തില്‍ കോളനിയിലെത്തി ടി.വിയും ഡിഷും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്. വൈദ്യുതിയില്ലാത്ത വിഷയം കോളനിയിലെത്തിയപ്പോഴാണ് നേതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. മുസ്‌ലിം യൂത്ത്‌ലീഗ് നിലമ്പൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇന്നലെ സോളാര്‍ പാനല്‍ സ്ഥാപിച്ചത്. യൂത്ത്‌ലീഗ് ഭാരവാഹികളായ സി.എച്ച് അബ്ദുല്‍കരീം. ഡോ. അന്‍വര്‍ ഷാഫി ഹുദവി, ജാഫര്‍ സാദിഖ്, സുഹൈബ്. എം. സിക്കന്തര്‍, ജനയിസ്, ഷമീര്‍ ബാബു, ആഷിക്ക് ജനമൈത്രി എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ പി രാമചന്ദ്രന്‍, ആര്‍.പി സുരേഷ് ബാബു, വാണിയംപുഴ ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ എം ശശികുമാര്‍ എന്നിവരും സന്നിഹിതരായിരുന്നു.