വരും ദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍

119

നെടുമ്പാശ്ശേരി : വരും ദിവസങ്ങളില്‍ ഗള്‍ഫ്, ഓസ്‌ട്രേലിയ, യൂറോപ്പ് മേഖലകളില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്നു. വിവിധ കമ്പനികളും ഏജന്‍സികളും ചേര്‍ന്ന് 14 പ്രത്യേക വിമാനങ്ങളും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സര്‍വ്വീസ് നടത്തുവാന്‍ ചാര്‍ട്ടര്‍ ചെയ്തിട്ടുണ്ട്. ഒന്‍പതു മുതല്‍ 21 വരെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 15 വിമാനങ്ങളാണ് ഗള്‍ഫില്‍ നിന്ന് കൊച്ചിയിലേക്ക് സര്‍വീസ് നടത്തുന്നത്. അബുദാബി, സലാല, ദോഹ, കുവൈറ്റ്,ദുബായ്, മസ്‌ക്കറ്റ് എന്നിവിടങ്ങളില്‍ നിന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകളുള്ളത്. 11, 13, 20 തീയതികളില്‍ സിംഗപ്പൂരില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളെത്തും. എയര്‍ ഇന്ത്യ നേരത്തെ നിശ്ചയിച്ചിരുന്ന പട്ടികയില്‍ സിഡ്‌നി, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്നുള്ള അധിക സര്‍വീസുകള്‍ ചേര്‍ത്തിട്ടുണ്ട്. ജൂണ്‍ 23ന് സിഡ്‌നിയില്‍ നിന്നുള്ള വിമാനം ഡല്‍ഹി വഴി കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തില്‍ എത്തിച്ചേരും. 29 നാണ് രണ്ടാം വിയറ്റ്‌നാം സര്‍വീസ്. ജൂണ്‍ 10 മുതല്‍ 18വരെ മാത്രം 14 ചാര്‍ട്ടര്‍ വിമാനങ്ങള്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കമ്പനികള്‍, വിദേശ മലയാളികളുടെ കൂട്ടായ്മകള്‍ ട്രാവല്‍ ഏജന്‍സികള്‍ എന്നിവയാണ് ഈ സര്‍വീസുകള്‍ ഏര്‍പ്പാടാക്കിയിട്ടുള്ളത്. ഈ വിമാനങ്ങള്‍ക്ക് കേന്ദ്രാനുമതി ലഭിച്ചാല്‍ മൂവായിരത്തിലധികം പ്രവാസികള്‍ക്ക് ഈയാഴ്ച തന്നെ നാട്ടിലെത്താനാകും. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമേ, അള്‍ജീരിയ, ഘാന, താജിക്കിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിലേക്ക് സര്‍വീസുകള്‍ ചാര്‍ട്ടര്‍ ചെയ്തിട്ടുണ്ട്. എത്ര ചാര്‍ട്ടര്‍ വിമാനങ്ങള്‍ വന്നാലും സൗകര്യമൊരുക്കാന്‍ സിയാല്‍ സജ്ജമാണെന്ന് അറിയിച്ചിട്ടുണ്ട്.
ഇന്നലെ ടാന്‍സാനിയ-ഒമാന്‍-കൊച്ചി ചാര്‍ട്ടര്‍ വിമാനം എത്തിയിരുന്നു. 126 യാത്രക്കാര്‍ ഈ വിമാനം വഴി നാട്ടിലെത്തി. ഖത്തര്‍ എയര്‍വേസില്‍ ദോഹയില്‍ നിന്ന് 214 യാത്രക്കാരും സ്‌പൈസ് ജെറ്റ് വിമാനത്തില്‍ 154 പേരും കൊച്ചിയിലെത്തി. ഇന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അബുദാബി വിമാനത്തില്‍ 177 പേര്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തും.