നെല്ലും മീനും പദ്ധതിയുടെ പേരില്‍ വ്യാപകമായി കണ്ടല്‍ വേട്ട

നെല്ലും മീനും പദ്ധതിയുടെ മറവില്‍ ഏഴോം പഞ്ചായത്തില്‍ യന്ത്രം ഉപയോഗിച്ച് കണ്ടല്‍ കാടുകള്‍ നശിപ്പിക്കുന്നു.

സബ്‌സിഡി പണം തട്ടുന്നതായും ആരോപണം

കണ്ണൂര്‍: നെല്ലും മീനും പദ്ധതിയുടെ പേരില്‍ ജില്ലയില്‍ വ്യാപകമായി കണ്ടല്‍വേട്ട. തീരദേശ പഞ്ചായത്തുകളിലാണ് ലോക്ക്ഡൗണിന്റെ മറവില്‍ വ്യാപകമായി കണ്ടലുകള്‍ നശിപ്പിക്കുന്നത്. ഫിഷറീസ്, കൃഷിവകുപ്പുകള്‍ സംയുക്തമായി നടത്തുന്ന പദ്ധതിയില്‍ വ്യാപകമായ ക്രമക്കേടും ഇതിനോടനുബന്ധിച്ച് നടക്കുന്നു.
പരമ്പരാഗത കൈപ്പാട് കര്‍ഷകര്‍ക്ക് അനുബന്ധ വരുമാനം ഉറപ്പാക്കുന്നതിനാണ് കൈപ്പാട് നിലങ്ങളില്‍ നെല്ലും മീനും പദ്ധതി നടപ്പാക്കുന്നത്. എന്നാല്‍ ഇതിന്റെ മറവില്‍ കൃഷി ഉപജീവനമല്ലാത്തവര്‍ സര്‍ക്കാര്‍ സബ്‌സിഡി തട്ടിയെടുക്കാനായി പദ്ധതി ദുരുപയോഗം ചെയ്യുകയാണ്. ഇത്തരം ഗ്രൂപ്പില്‍ പാടശേഖര സമിതി അംഗങ്ങള്‍ പേരിനുമാത്രമാണ്. ഇതിനു പിന്നില്‍ സമ്പന്നരും രാഷട്രീയ പാര്‍ട്ടി നേതാക്കളും എല്ലാമുണ്ട്. കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍ നോട്ടത്തിലാണ് ചെറുകുന്ന്, താവം, മുള്ളൂല്‍, കൂത്താട്, ഏഴോം ഭാഗങ്ങളില്‍ ഏക്കര്‍ കണക്കിന് കണ്ടല്‍ നശിപ്പിച്ചത്. കൊറോണ ഭീതിക്കിടയിലാണ് കൈപ്പാടിലെ അപൂര്‍വ്വയിനം കണ്ടല്‍ ഉള്‍പ്പെടെ നശിപ്പിച്ചത്. ഇതിനെതിരെ കല്ലേന്‍ പൊക്കുടന്‍ കണ്ടല്‍ കാട് ട്രസ്റ്റ് പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല.
പാടശേഖര സമിതിയുടെ പേരില്‍ കൈപ്പാടുകള്‍ ലീസിനോ ചെറിയ വിലക്കോ എടുത്താണ് വന്‍പദ്ധതി നടപ്പാക്കുന്നത്. ഇത്തരം പദ്ധതിയില്‍ കണ്ടല്‍ കാടുകള്‍ നശിപ്പിക്കാതെ പരമ്പരാഗത രീതിയില്‍ കൃഷി ചെയ്യണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇതെല്ലാം അട്ടിമറിച്ചാണ് ലക്ഷങ്ങള്‍ ഇത്തരം സംഘം തട്ടുന്നത്. ഇത്തരം പദ്ധതിക്കു പിന്നില്‍ ഒരേ സംഘമാണെന്നും ആരോപണം ഉയരുന്നു.
പഞ്ചായത്ത് അംഗങ്ങള്‍ തന്നെയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഇതിനെതിരെ ജില്ലാ പരിസ്ഥിതി സമിതി കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
പരമ്പരാഗത കൃഷി പ്രോത്സാഹിപ്പിക്കാന്‍ 2016ല്‍ നടപ്പാക്കിയ പദ്ധതിയാണ് നെല്ലുംമീനും. സംസ്ഥാനത്ത് 8000ത്തോളം ഹെക്ടര്‍ ഭൂമിയില്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ട്.