
1,000 കിറ്റുകള്‍ കുവൈത്ത് കെഎംസിസിക്ക് നല്കി
കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധി മൂലം ജോലി നഷ്ടപ്പെട്ട് റൂമുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണക്കിറ്റുകളും മരുന്നുകളും എത്തിച്ച് നല്കാന് കുവൈത്ത് കെഎംസിസി ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്ക് സഹായം നല്കിയവരും നല്‍കുന്നവരും കുറവല്ല. എന്നാല്‍, 1000 കിറ്റുകള്‍ ഒന്നിച്ച് നല്കി നെസ്റ്റോ ഹൈപര്‍ കുവൈത്ത് കെഎംസിസിയുടെ വിശ്വാസ്യത വര്‍ധിപ്പിച്ചിരിക്കുകയാണ്. നെസ്റ്റോ ഹൈപര്‍ മാര്‍ക്കറ്റ് റീജ്യണല്‍ ഡയറക്ടര്‍ വി. കരീം കുവൈത്ത് കെഎംസിസി പ്രസിഡന്റ് ഷറഫുദ്ദീന് കണ്ണേത്തിനും ജന.സക്രട്ടറി എം.കെ അബ്ദുല്‍ റസാഖ് പേരാമ്പ്രക്കും കിറ്റുകള്‍ കൈമാറി.
വിശപ്പ് എന്നത് അനുഭവിച്ചറിയേണ്ട ഒരു വികാരമാണ്. കഴിഞ്ഞ മൂന്ന് മാസമായി കുവൈത്തിലെ മലയാളികള്‍ താമസിക്കുന്ന ഭൂരിപക്ഷ പ്രദേശങ്ങളും കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ ലോക്ക്ഡൗണിലാണ്. ജോലിയും കൂലിയുമില്ലാതെ പ്രയാസപ്പെടുന്നവരുടെ വിളികള്‍ അധികവും തേടിയെത്തുന്നത് കുവൈത്തിലെ പ്രയാസപ്പെടുന്നവന്റെ ആശ്വാസ തുരുത്തായ കുവൈത്ത് കെഎംസിസിയെയാണ്, അതിന്റെ നേതാക്കളെയാണ്.
ആശങ്കകള്‍ക്ക് മുന്നില്‍ എന്ത് ചെയ്യുമെന്നറിയാതെ പകച്ചു നില്ക്കുന്നവരുടെ മുന്നില്‍ ആശ്വാസത്തിന്റെ തെളിനീരായി എന്നും മുന്നില്‍ കെഎംസിസിയുണ്ട്. അയ്യായിരത്തോളം ഭക്ഷ്യ ധാന്യക്കിറ്റുകള്‍ ഇതിനോടകം കെഎംസിസി കുവൈത്തിന്റെ പല ഭാഗങ്ങളിലും വിതരണം ചെയ്തു കഴിഞ്ഞു.
ലോക്ക്ഡൗണ്‍ കാലാവധി നീളുന്നതിനനുസരിച്ച് ദുരന്തത്തിന്റെ വ്യാപ്തി കൂടുകയാണ്. പ്രതിസന്ധി നീളുമ്പോള്‍ എവിടെയും ഒന്നും തികയാത്ത അവസ്ഥ ഇനി എന്ത് ചെയ്യും എന്ന് കരുതി പകച്ചു നില്ക്കുന്നിടത്താണ് ആശ്വാസത്തിന്റെ പൊന്‍ വെളിച്ചവുമായി നെസ്റ്റോ എംഡിയുടെ വിളി കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീന് കണ്ണേത്തിനെ തേടിയെത്തുന്നത്. ആയിരം കിറ്റുകളാണ് നെസ്റ്റോ കുവൈത്ത് കെഎംസിസിയെ ഏല്‍പ്പിച്ചത്. വാക്കുകള്‍ക്കതീതമാണ് നെസ്റ്റോയുടെ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കുവൈത്ത് കെഎംസിസിയുമായുള്ള സഹകരണം. ലോകം ഇന്നു വരെ ദര്‍ശിച്ചിട്ടില്ലാത്ത ദുരിത കാലത്തെ മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സമൂഹത്തില്‍ ഇല്ലാത്തവനെ സഹായിക്കാന്‍ നെസ്റ്റോ അധികാരികള്‍ കാണിച്ച ഉദാര മനസ്കത കേവലം നന്ദി വാക്കില്‍ ഒതുക്കാനാവില്ല.