അബുദാബി: വിദേശ രാജ്യങ്ങളില്‍ നിന്നും യുഎഇയിലേക്ക് വരുന്നവര്‍ പാലിക്കേണ്ട നിബന്ധനകള്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. ജൂണ്‍ 23 മുതല്‍ പുതിയ നിബന്ധന പ്രാബല്യത്തില്‍ വരും.
1. യുഎഇയിലേക്ക് വരുന്ന എല്ലാ സ്വദേശികളും വിദേശികളും ഫെഡറല്‍ അഥോറിറ്റി ഫോര്‍ സിറ്റിസണ്‍ഷിപ് ആന്‍ഡ് ഐഡന്റിറ്റിയുടെ വെബ്സൈറ്റ് വഴി യാത്രാനുമതിക്കായി അപേക്ഷിക്കുകയും യാത്രക്ക് മുന്‍പായി തവജ്ജുദി സേവനത്തില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം.
2. യാത്രക്ക് മുന്‍പായി കോവിഡ് 19 പരിശോധനക്ക് വിധേയരാവുകയും എല്ലാ യാത്രക്കാരും പരിശോധനാ ഫലം കൈവശം സൂക്ഷിക്കുകയും വേണം. ഇതിന് 48 മണിക്കൂര്‍ മാത്രമേ കാലാവധി ഉണ്ടായിരിക്കുകയുള്ളൂ.
3. 70 വയസ്സിന് മുകളിലുള്ളവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. വിട്ടു മാറാത്ത രോഗങ്ങളുള്ള ആളുകള്‍ അവരുടെ സുരക്ഷക്കായി യാത്ര ചെയ്യരുതെന്നും നിര്‍ദേശിക്കുന്നു.
4. അന്താരാഷ്ട്ര മെഡിക്കല്‍ ഇന്‍ഷുറന്‍സ് എല്ലാ യാത്രക്കാര്‍ക്കും ഉണ്ടായിരിക്കണം.
5. മാസ്കുകള്‍, കയ്യുറകള്‍, കൈകളുടെ നിരന്തരമായ ശുചിത്വം, സുരക്ഷിതമായ ശാരീരിക അകലം പാലിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ വിമാനത്താവളങ്ങളില്‍ പാലിക്കണം.
6. ഉയര്‍ന്ന താപനില (37.8ല്‍ കൂടുതല്‍) ഉള്ളവരോ ശ്വാസകോശ സംബന്ധമായ രോഗ ലക്ഷണങ്ങളുള്ളവരോ ഐസൊലോഷനില്‍ പ്രവേശിപ്പിക്കപ്പെടും. കോവിഡ് 19 സംശയിക്കുന്ന വ്യക്തിയുടെയും മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പാക്കാന്‍ അത്തരക്കാരെ യാത്ര ചെയ്യാന്‍ അനുവദിക്കുന്നതല്ല.
7. സ്വദേശികളുള്‍പ്പെടെ മുഴുവന്‍ യാത്രക്കാരും വ്യക്തിഗത ആരോഗ്യ ഉത്തരവാദിത്ത ഫോറം പൂരിപ്പിക്കണം. തിരിച്ചെത്തുമ്പോള്‍ ക്വാറന്റീന് വിധേയമാക്കാനുള്ള കരാര്‍ ഉള്‍പ്പെടുന്നതാണിത്. യാത്രാ അപേക്ഷയില്‍ പറഞ്ഞതല്ലാത്ത മറ്റൊരിടത്തേക്കും പോകാന്‍ പാടില്ല.
ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുന്‍പ് യാത്രക്കാരന് അസുഖം തോന്നുന്നുവെങ്കില്‍, അവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടുകയും ആരോഗ്യ ഇന്‍ഷുറന്‍സ് ഉപയോഗപ്പെടുത്തുകയും വേണം.
യാത്രക്കാര്‍ അവരുടെ മൊബൈല്‍ ഫോണുകളില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അല്‍ഹുസന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പാക്കണം. യുഎഇയിലെത്തി കോവിഡ് 19 പരിശോധനക്ക് ശേഷം 14 ദിവസത്തേക്ക് യാത്രക്കാരന് ഹോം ക്വാറന്റീനില്‍ കഴിയണം. ഇത് അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് അല്ലെങ്കില്‍ നിര്‍ണായക മേഖലകളിലെ പ്രൊഫഷണലുകള്‍ക്ക് ഏഴ് ദിവസമായി കുറയാം.
ഏതെങ്കിലും ലക്ഷണങ്ങളുള്ള യാത്രക്കാര്‍ രാജ്യത്ത് പ്രവേശിച്ച് 48 മണിക്കൂറിനുള്ളില്‍ അംഗീകൃത മെഡിക്കല്‍ സെന്ററുകളില്‍ കോവിഡ് 19 പരിശോധനക്ക് വിധേയരാവണം. ഹോം ക്വാറന്റീന് വിധേയമാകാന്‍ കഴിയുന്നില്ലെങ്കില്‍, യാത്രക്കാരന് ഹോട്ടലിലോ മറ്റോ ക്വാറന്റീനില്‍ കഴിയുകയും ചെലവുകള്‍ സ്വയം വഹിക്കുകയും വേണം.