ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങളോടെ തുറന്നു

ലോക്ഡൗണിനെ തുടര്‍ന്ന് ദിവസങ്ങളോളം അടച്ചിട്ട ആരാധനാലയങ്ങള്‍ തുറക്കുന്നതിനു മുന്നോടിയായി കണ്ണൂര്‍ ചൊവ്വ ശിവക്ഷേത്രത്തില്‍ ശുചീകരണ പ്രവൃത്തികള്‍ ആരംഭിച്ചപ്പോള്‍ ചിത്രം:കെ.ശശി

മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും വിശ്വാസികളെത്തി

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ആരാധനാലയങ്ങള്‍ തുറന്നു. കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ച് ആരാധനാലയങ്ങള്‍ തുറക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. വിഗ്രഹങ്ങളിലോ, പരിശുദ്ധ ഗ്രന്ഥങ്ങളിലോ വിശ്വാസികള്‍ സ്പര്‍ശിക്കാന്‍ പാടില്ല. ഡല്‍ഹിയില്‍ മാസ്‌ക് ധരിക്കാതെ ആരാധനാലയങ്ങളില്‍ വിശ്വാസികള്‍ക്ക് പ്രവേശനമില്ല. മാത്രവുമല്ല ക്ഷേത്രത്തിലും പള്ളിയിലും കയറുന്നതിന് മുമ്പ് ശരീരോഷ്മാവും പരിശോധിക്കുന്നുണ്ട്. ഡല്‍ഹിയിലെ മസ്ജിദുകള്‍ ശുദ്ധിയോടെയും അണുവിമുക്തമായുമാണ് നിലനിര്‍ത്തുന്നതെന്ന് ഡല്‍ഹി പഴയ ഡല്‍ഹിയിലെ സുനേഹരി മസ്ജിദ് ഇമാം മൗലാന മുഹമ്മദ് ഫുര്‍ഖാന്‍ ഖാസിമി പറഞ്ഞു. ഡല്‍ഹിയിലെ വേളാങ്കണ്ണി ആരാധനാലയത്തില്‍ സാമൂഹിക അകലം പാലിക്കാനായി നിലത്ത് പ്രത്യേകം അടയാളം രേഖപ്പെടുത്തിയിട്ടുണ്ട്.
ലഖ്നൗ പള്ളിയില്‍ ശരീരോഷ്മാവ് പരിശോധിച്ചിട്ടാണ് വിശ്വാസികളെ പ്രവേശിപ്പിക്കുന്നത്. ഉത്തരാഖണ്ഡില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള മേഖലകളില്‍ രാവിലെ ഏഴുമുതല്‍ രാത്രി ഏഴ് വരെ ആരാധനാലയങ്ങള്‍ തുറക്കാം. ഉത്തരാഖണ്ഡിലെ പ്രസിദ്ധമായ വൈഷ്ണോവദേവി ക്ഷേത്രവും തുറന്നു. പക്ഷെ സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്ക് ആരാധനാലയങ്ങളില്‍ പ്രവേശനമില്ല. അതേ സമയം ഉത്തര്‍പ്രദേശില്‍ മൊറാദാബാദില്‍ തുറന്ന ഗുരുദ്വാര ശ്രീ ഗുരു സിങ് സഭയും മനോകമ്മ ഹനുമാന്‍ ക്ഷേത്രവും രണ്ടാഴ്ച്ചത്തേക്ക് കൂടി അടച്ചിടുന്നത് നീട്ടി. പശ്ചിമ ബംഗാളില്‍ ഷോപ്പിങ് മാളുകളും ആരാധനാലയങ്ങളും ഇന്നലെ മുതല്‍ തുറന്നു. ബംഗളൂരുവില്‍ ആരാധാനാലയങ്ങളും ഹോട്ടലുകളും തുറന്നു. ബംഗളൂരുവിലെ മുസ്്‌ലിം പള്ളികളില്‍ പായയും കാര്‍പറ്റുകള്‍ നീക്കം ചെയ്തു. അഞ്ചു നേരവും നമസ്‌കാരത്തിന് മുമ്പ് പള്ളികള്‍ അണുവിമുക്തമാക്കാനാണ് തീരുമാനം. ഉത്തരാഖണ്ഡില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള മേഖലകളില്‍ രാവിലെ ഏഴുമുതല്‍ രാത്രി ഏഴ് വരെ ആരാധനാലയങ്ങള്‍ തുറക്കാം.