ന്യുസിലാന്റില്‍ കോവിഡ് രോഗികളില്ല

ജസിന്ത ആര്‍ഡന്‍

അവസാന കോവിഡ് രോഗിയും ആസ്പത്രി വിട്ടു; ഇന്നു മുതല്‍ സാധാരണ നിലയിലേക്ക്

വെല്ലിങ്ടണ്‍: തുടക്കം മുതല്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ കോവിഡിനെ തുരത്തി ന്യൂസിലാന്റ്. അവസാനത്തെ രോഗിയും ആസ്പത്രിവിട്ടതോടെ രാജ്യം കോവിഡിനെ പൂര്‍ണമായി തുടച്ചുനീക്കിയെന്ന് പ്രധാനമന്ത്രി ജസിന്ത ആര്‍ഡന്‍ പറഞ്ഞു. രാജ്യത്ത് ഇനി ഒരാള്‍ പോലും കോവിഡ് പോസിറ്റീവായി അവശേഷിക്കുന്നില്ല. മെയ് 22-നാണ് ന്യൂസീലന്‍ഡില്‍ അവസാനമായി കോവിഡ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. 50 ലക്ഷം ജനങ്ങളുള്ള രാജ്യത്ത് 1,154 പേര്‍ക്കാണ് ആകെ രോഗം ബാധിച്ചത്. 22 പേര്‍ക്ക് മാത്രമാണ് ജീവന്‍ നഷ്മായത്.
നിയന്ത്രണങ്ങളില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാല്ലാത്ത നേതാവും സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അണുവിട തെറ്റാതെ പാലിക്കുന്ന ജനങ്ങളും ചേര്‍ന്ന് മാരക വൈറസിനെ രാജ്യത്ത് നിന്ന് തുരത്തുകയായിരുന്നു. രാജ്യത്ത് വൈറസ് എത്തുന്നതിന് മുമ്പുതന്നെ വരാനിരിക്കുന്ന മഹാമാരിയെ മുന്നില്‍ കണ്ട് കരുതലോടെയാണ് പ്രവര്‍ത്തിച്ചത്. ജസിന്തയും ന്യൂസി ലാന്റും മഹാവ്യാധിയെ നേരിട്ട രീതി ലോകത്തിന്റെ മുഴുവന്‍ പ്രശംസ നേടിയിരുന്നു. മറ്റു പല രാജ്യങ്ങളിലും അതിലേറെ രോഗബാധിതരുണ്ടായിരുന്നെങ്കിലും സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് പോകാന്‍ മടിച്ചുനില്‍ക്കുകയായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി ജസിന്ത ന്യൂസീലന്റിലെ ജനങ്ങള്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കി.
നാല് ഘട്ടങ്ങളിലായുള്ള നിയന്ത്രണ സംവിധാനമാണ് മാര്‍ച്ച് 25-ന് പ്രഖ്യാപിച്ചത്. സ്‌കൂളുകളും വ്യാപാര സ്ഥാപനങ്ങളും പൂര്‍ണമായി അടച്ചു. ജനങ്ങള്‍ നിര്‍ബന്ധമായും വീട്ടില്‍ തന്നെ കഴിയണമെന്ന് നിര്‍ദേശിച്ചു. ഫെബ്രുവരി 28-നാണ് ന്യൂസീലന്റില്‍ ആദ്യ കോവിഡ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. അപ്പോള്‍ മുതല്‍ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. കേസുകളുടെ എണ്ണം കൂടാന്‍ തുടങ്ങിയതോടെ മാര്‍ച്ച് 25 മുതല്‍ രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണിലായി. അഞ്ചാഴ്ച കഴിഞ്ഞപ്പോള്‍, ഏപ്രിലില്‍ രാജ്യം നിയന്ത്രണങ്ങളുടെ മൂന്നാംഘട്ടത്തിലേക്ക് കടന്നു. പുതിയ രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞപ്പോള്‍ മെയ് മധ്യത്തോടെ രണ്ടാംഘട്ടത്തിലേക്ക് കടന്നു. ഇതോടെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി.
നിയന്ത്രണങ്ങള്‍ മുഴുവനായും നീക്കുന്ന ഒന്നാം ഘട്ടം തുടങ്ങാന്‍ ജൂണ്‍ 22-നായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ 17 ദിവസമായി പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്നപ്പോള്‍ നേരത്തെ തന്നെ ലോക്ക് ഡൗണ്‍ പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഏഴാഴ്ച നീണ്ട ലോക്ക് ഡൗണാണ് ഇന്ന് അവസാനിക്കുന്നത്. ഇന്നു മുതല്‍ സ്‌കൂളുകളും ഓഫീസുകളും ഉള്‍പ്പെടെ എല്ലാം പ്രവര്‍ത്തിക്കും. വിവാഹം, ശവസംസ്‌കാരം, പൊതുഗതാഗതം എന്നിവക്കൊന്നും നിയന്ത്രണം ഉണ്ടാകില്ല. സാമൂഹിക അകലവും പൊതു ഇടങ്ങളില്‍ ഒത്തുകൂടുന്നതിനുള്ള നിയന്ത്രണങ്ങളും ഇനി ആവശ്യമില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അവസാന രോഗിയും നെഗറ്റീവായ വാര്‍ത്ത എങ്ങനെയാണ് സ്വീകരിച്ചതെന്ന ചോദ്യത്തിന്, താന്‍ മകള്‍ നീവിനൊപ്പം നൃത്തം ചെയ്തുവെന്നാണ് അവര്‍ പറഞ്ഞത്. നിയന്ത്രണങ്ങള്‍ പൂര്‍ണമായി നീക്കിയെങ്കിലും വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. രാജ്യത്ത് ഇനിയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് തന്നെയാണ് പ്രധാനമന്ത്രി ജസിന്ത ആര്‍ഡന്‍ പറയുന്നത്.