നിമിഷക്ക് തുണയായി ഒരുമനയൂര്‍ കെഎംസിസി

നിമിഷ

അബുദാബി: സന്ദര്‍ശക വിസയിലെത്തി നാട്ടിലേക്ക് തിരിക്കാന്‍ പണമില്ലാതെ വിഷമിച്ച കണ്ണൂര്‍ ജില്ലയിലെ നിമിഷക്ക് അബുദാബി-ഒരുമനയൂര്‍ കെഎംസിസി തുണയായി.
ജോലി തേടിയെത്തിയ നിമിഷ ബുധനാഴ്ചയാണ് ടിക്കറ്റിനായി ഒരുമനയൂര്‍ കെഎംസിസിയെ സമീപിച്ചത്. അന്നു തന്നെ ടിക്കറ്റ് നല്‍കി വ്യാഴാഴ്ച അബുദാബി കെഎംസിസി കോഴിക്കോട്ടേക്ക് ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ രോഗി കൂടിയായ നിമിഷയെ നാട്ടിലെത്തിക്കുകയും ചെയ്തു.
ആയിരക്കണക്കിനു പേര്‍ നാട്ടില്‍ പോകാന്‍ അവസരം കാത്തിരിക്കുമ്പോള്‍ തനിക്ക് സൗജന്യ ടിക്കറ്റ് നല്‍കുകയും അതേ ദിവസം തന്നെ നാട്ടിലേക്ക് പോകാന്‍ അവസരമൊരുക്കുകയും ചെയ്ത അബുദാബി-ഒരുമനയൂര്‍ കെഎംസിസിയോട് തീരാത്ത കടപ്പാടുണ്ടെന്ന് നിമിഷ പറഞ്ഞു.
ടിക്കറ്റെടുക്കാന്‍ പണമില്ലാതെ പ്രയാസപ്പെടുന്ന 100 പേര്‍ക്കാണ് അബുദാബി-ഒരുമനയൂര്‍ കെഎംസിസി സൗജന്യമായി വിമാന ടിക്കറ്റ് നല്‍കുന്നത്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഓണ്‍ലൈനില്‍ നടത്തിയ പരിപാടിയില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
സന്ദര്‍ശക വിസയിലെത്തി ജോലി ലഭിക്കാത്തതു മൂലം തിരിച്ചുപോകാന്‍ ടിക്കറ്റെടുക്കാന്‍ പണമില്ലാത്തവര്‍, ചെറിയ വേതനക്കാരായ തൊഴില്‍ നഷ്ടപ്പെട്ടവര്‍ തുടങ്ങിയവര്‍ക്കാണ് സൗജന്യ ടിക്കറ്റ് നല്‍കുക.
സൗജന്യ ടിക്കറ്റിന് അര്‍ഹതയുള്ളവര്‍ 055 4800 477 എന്ന വാട്‌സാപ്പ് നമ്പറില്‍ ബന്ധപ്പെടണമെന്ന് ചിഫ് കോര്‍ഡിനേറ്റര്‍ റസാഖ് ഒരുമനയൂര്‍ അറിയിച്ചു.