ഗര്‍ഭിണികളുടെ മടക്കത്തിനായി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയ ആതിരയുടെ ഭര്‍ത്താവ് നിധിന്‍ ദുബൈയില്‍ മരിച്ചു

  145

  ഷാര്‍ജ: ലോക്ക്ഡൗണ്‍ മൂലം ദുരിതത്തിലായതിനാല്‍ യുഎഇയില്‍ നിന്ന് നാട്ടിലെത്താന്‍ അവസരമൊരുക്കണമെന്നഭ്യര്‍ത്ഥിച്ച് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി വാര്‍ത്തകളിലിടം നേടിയ ഗര്‍ഭിണി ആതിരയുടെ ഭര്‍ത്താവ് കോഴിക്കോട് പേരാമ്പ്ര സ്വദേശി നിധിന്‍ ചന്ദ്രന്‍ (29) ഷാര്‍ജയില്‍ മരിച്ചു. തിങ്കളാഴ്ച ഉറക്കത്തിനിടെയായിരുന്നു അന്ത്യമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. രാവിലെ ഉണരാത്തതിനെ തുടര്‍ന്ന് ഒപ്പം താമസിക്കുന്നവര്‍ വിളിച്ചപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് കരുതുന്നത്.
  നിധിന്റെ സഹായത്താല്‍ ഇന്‍കാസ് യൂത്ത് വിംഗിന്റെ നേതൃത്വത്തിലായിരുന്നു ആതിര നാട്ടിലെത്താനുള്ള ആവശ്യമുന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചത്. ഇന്ത്യക്കാരെ കൊണ്ടു പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക വിമാന സര്‍വീസിന് അനുമതി നല്‍കിയപ്പോള്‍ ആതിരക്ക് അവസരം ലഭിക്കുകയും ചെയ്തു.
  ഒരു സ്വകാര്യ കമ്പനിയില്‍ എഞ്ചിനീയറായ നിധിന്‍ കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ഇന്‍കാസ് യൂത്ത് വിംഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. സാമൂഹിക രംഗത്തെ നിറസാന്നിധ്യമായിരുന്ന നിധിന്‍ കേരള ബ്‌ളഡ് ഡോണേഴ്‌സ് ഗ്രൂപ് യുഎഇ കോഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചിരുന്നു.
  ഒരു വര്‍ഷം മുന്‍പ് ഹൃദയ സംബന്ധമായ രോഗത്തിന് നിധിന്‍ ചികിത്സിച്ചിരുന്നു. വീണ്ടും അസുഖമുണ്ടായെങ്കിലും ചികില്‍സിച്ചില്ലെന്നാണ് വിവരം.
  റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാമചന്ദ്രന്റെ മകനാണ് നിധിന്‍. ദുബൈ റാഷിദ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം കോവിഡ് 19 പരിശോധനാ ഫലം വന്ന ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.