നിലമ്പൂര്‍ വാണിയംപുഴ കോളനിയില്‍ അക്ഷരവെളിച്ചവുമായി മുസ്‌ലിം യൂത്ത്‌ലീഗ് മുനവ്വറലി തങ്ങള്‍

21
ഓണ്‍ലൈന്‍ ക്ലാസുകള്‍ കേള്‍ക്കാന്‍ സൗകര്യമില്ലാത്ത നിലമ്പൂര്‍ വാണിയംപുഴ കോളനിയിലേക്ക് ടെലിവിഷനും ഡി.ടി.എച്ചും എത്തിക്കാനായി ചങ്ങാടത്തില്‍ പുഴ കടക്കുന്ന മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് ടി.പി അഷ്‌റഫലി തുടങ്ങിയവര്‍ 

സര്‍ക്കാരിന്റെ അവഗണനക്കെതിരെ

മുനവ്വറലി തങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ടി.വിയുമായി ചങ്ങാടത്തിലെത്തി

 

കോളനിയിലെ ഫോറസ്റ്റ് ഓഫീസില്‍ ഓണ്‍ലൈന്‍ പഠത്തിനായി സ്ഥാപിച്ച ടീവീ യില്‍ വിക്ടേഴ്‌സ് ചാനലില്‍ ക്ലാസില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കൊപ്പം മുനവ്വറലി തങ്ങളും പി.കെ ഫിറോസും ടി.പി അഷ്‌റഫലിയും മറ്റ് ഭാരവാഹികളും

നിലമ്പൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പദ്ധതിയായ ഫസ്റ്റ്‌ബെല്ലില്‍ ഇതാദ്യമായി മുണ്ടേരി വാണിയംപുഴ കോളനിയിലെ വിദ്യാര്‍ഥികള്‍ ഭാഗമായി. കഴിഞ്ഞ പ്രളയത്തില്‍ വൈദ്യുതി നഷ്ടമായ കോളനിയിലെ വിദ്യാര്‍ഥികള്‍ക്ക് അക്ഷരവെളിച്ചം ലഭിച്ചത് മുസ്‌ലിം യൂത്ത് ലീഗിന്റെ കാരുണ്യ പ്രവര്‍ത്തനത്താലാണ്. യൂത്ത്‌ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങളും, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും കൈമാറിയ ടി.വിയിലൂടെ ആദ്യമായി വിദ്യാര്‍ഥികള്‍ ഈ അധ്യയന വര്‍ഷത്തിന്റെ ഭാഗമായി. കോളനിയിലെ സോളാര്‍ വൈദ്യുതി സംവിധാനവും, ഡി.ടി.എച്ചും, ഹോം തിയേറ്റര്‍ സംവിധാനവും ഉപയോഗപ്പെടുത്തിയാണ് ടെലിവിഷനിലൂടെ കുട്ടികള്‍ ഫസ്റ്റ്‌ബെല്ലിന്റെ ഭാഗമാകുന്നത്.
കോളനിയിലെ വിദ്യാര്‍ഥികളുടെ ദുരവസ്ഥ മാധ്യമ വാര്‍ത്തകളിലൂടെ മനസിലാക്കിയാണ് യൂത്ത്‌ലീഗ് നേതാക്കള്‍ സ്മാര്‍ട്ട് ടി.വിയും, ഡി.ടി.എച്ച് സംവിധാനവുമായി കോളനിയിലെത്തിയത്. അതിസാഹസികമായി കോളനി വാസികള്‍ താല്‍ക്കാലികമായി നിര്‍മിച്ച ചങ്ങാടത്തിലൂടെയാണ് ഇവര്‍ കുത്തിയൊഴുകുന്ന ചാലിയാര്‍ പുഴ മറികടന്ന് കാട്ടിലേക്കെത്തിയത്. 2019ലെ പ്രളയത്തില്‍ വാണിയംപുഴ കോളനിയുടെ നല്ലൊരു ശതമാനം വീടുകളും തകര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് മറ്റൊരിടത്ത് താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ പ്ലാസ്റ്റിക്ക് ഷീറ്റ് കൂരകളിലാണ് ഇവിടെയുള്ള 34ഓളം കുടുംബങ്ങള്‍ കഴിയുന്നത്. വൈദ്യുതിയും, മൊബൈല്‍ നെറ്റ്‌വര്‍ക്കുമില്ലാതെ ഓണ്‍ലൈന്‍ ക്ലാസിന്റെ ഭാഗമാകാന്‍ സാധിക്കാത്ത വിഷമത്തിലായിരുന്നു കുട്ടികളും, രക്ഷിതാക്കളും. ഇവിടത്തെ ബദല്‍ സ്‌കൂള്‍ അധ്യാപകര്‍ അടക്കം വിദ്യാര്‍ഥികള്‍ക്ക് മതിയായ സൗകര്യമൊരുക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു. ഇതിനിടെയാണ് വാര്‍ത്തയറിഞ്ഞ് ടെലിവിഷനുമായി മുനവറലി തങ്ങളും, പി.കെ ഫിറോസും എത്തുന്നത്.
ഒരാഴ്ച്ചക്ക് മുമ്പ് തുടങ്ങിയ സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പദ്ധതിയില്‍ നിന്ന് ഈ കുട്ടികള്‍ പൂര്‍ണമായും പുറത്തായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസം അവകാശമായൊരു രാജ്യത്ത് ഈ കുട്ടികള്‍ അനുഭവിച്ചിരുന്നത് പൂര്‍ണമായ അവഗണനയാണ്. സ്വന്തമായി ലഭിച്ച ടി.വിയില്‍ ഇക്കൊല്ലം ആദ്യമായി പാഠഭാഗങ്ങള്‍ കണ്ടപ്പോള്‍ അവരുടെ മുഖത്ത് വിരിഞ്ഞ ചിരി തന്നെയാണ് ഈ പ്രവര്‍ത്തനത്തിന് യൂത്ത്‌ലീഗിന് ലഭിച്ച അംഗീകാരമെന്ന് മുനവറലി തങ്ങള്‍ പറഞ്ഞു. ഇതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഇതിനടുത്തുള്ള ഇരുട്ടുകുത്തി കോളനിയിലേക്കും ഒരു ടി.വി നല്‍കാന്‍ മുസ്‌ലിം യൂത്ത്‌ലീഗ് തീരുമാനമെടുത്തതായി തങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ പ്രളയത്തില്‍ കോളനിയിലേക്കുള്ള നടപ്പാലം തകര്‍ന്നിരുന്നു. താല്‍ക്കാലികമായി നിര്‍മിച്ച പാലവും ഏതാനും ദിവസങ്ങള്‍ക്കകം നശിച്ചിരുന്നു. ഇതേ തുടര്‍ന്ന് മുളകൊണ്ടുണ്ടാക്കിയ ചങ്ങാടത്തിലാണ് ഇക്കരക്കുള്ള യാത്ര.
അധികൃതരുടെ ശ്രദ്ധ അടിയന്തരമായി ഈ കോളനികളില്‍ പതിയേണ്ടതുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രളയദുരിതാശ്വാസ ഫണ്ടില്‍ ഉള്‍പ്പെടുത്തി പ്രാദേശിക റോഡുകള്‍ നന്നാക്കുന്നതിനേക്കാളും പ്രാധാന്യവും, പരിഗണനയും ഈ കോളനയിലെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ടതുണ്ട്. കോവിഡ് പ്രതിസന്ധി അവസാനിച്ച് സ്‌കൂളുകള്‍ ആരംഭിച്ചാലും മഴക്കാലത്ത് കുത്തിയൊലിക്കുന്ന ഈ പുഴ കടന്ന് സ്‌കൂളുകളിലേക്ക് ഇവര്‍ക്ക് പോകാനാകില്ല. അതുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് വേണ്ടപ്പെട്ട നടപടികള്‍ സ്വീകരിക്കണമെന്ന് പി.കെ ഫിറോസ് പറഞ്ഞു.
കോളനിയിലെ ജനമൈത്രി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന എക്‌സൈസ് ഉദ്യോഗസ്ഥരുടെയും, ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെയാണ് ടെലിവിഷന്‍ കൈമാറിയത്. ജനമൈത്രി എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ പി രാമചന്ദ്രന്‍, പി.കെ സുരേഷ് കുമാര്‍, വാണിയംപുഴ ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ എം ശശികുമാര്‍, എം.എസ്.എഫ് ദേശീയ അധ്യക്ഷന്‍ ടി.പി അഷ്‌റഫലി, ബദല്‍ സ്‌കൂള്‍ അധ്യാപകരായ അബ്ദുല്‍ ഗഫൂര്‍, ഉമ്മുല്‍ വാഹിദ, നിലമ്പൂര്‍ മണ്ഡലം യൂത്ത്‌ലീഗ് അധ്യക്ഷന്‍ സി.എച്ച് കരീം, ജനറല്‍ സെക്രട്ടറി ഡോ അന്‍വര്‍ ഷാഫി ഹുദവി, അബ്ദുല്‍ ഹക്കീം, ഡോ.സൈനുല്‍ ആബിദീന്‍ ഹുദവി പങ്കെടുത്തു.