
കോഴിക്കോട്: ദാമ്പത്യവല്ലരിയിലെ കടിഞ്ഞൂല്‍ക്കനിയെ കാണാനെത്തുമെന്ന വാഗ്ദാനം നിതിന്‍ നിറവേറ്റുമെന്ന് ആതിരക്ക് ഉറപ്പായിരുന്നു. എന്നാല്‍ നിത്യനിദ്രയുടെ ലോകത്തേക്കുള്ള യാത്രയുടെ ഇടവേളയിലായിരിക്കും ആ സന്ദര്‍ശനമെന്ന് അവള് കരുതിയതേയില്ല. ജീവിതത്തിലും നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളിലും തോളോടുതോള്‍ ചേര്‍ന്നു നിന്ന പ്രിയതമന് തനിച്ചാക്കി യാത്രയായെന്ന വിവരം ഇന്നലെ രാവിലെയാണ് ആതിരയെ അറിയിച്ചത്. നിതിന്റെ ഭൗതികശരീരം ഇന്നലെ രാവിലെ എട്ടരയോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. അവിടെ നിന്ന് ആംബുലന്‍സ് മാര്‍ഗം കോഴിക്കോട്ടെത്തിക്കുകയായിരുന്നു. പ്രസവത്തിനായി ആതിരയെ പ്രവേശിപ്പിച്ചിരുന്ന മിംസില്‍ 10.45ന് നിതിന്റെ മൃതദേഹം വഹിച്ച ആംബുലന്‍സ് എത്തി. ഡോക്ടര്‍മാര്‍ ഇന്നലെ രാവിലെ തന്നെ ആതിരയെ വിവരം ധരിപ്പിച്ചിരുന്നു. കരള്‍ പിളരുന്ന ആ വാര്‍ത്ത അവളുടെ മനസ്സ് എങ്ങനെ ഏറ്റെടുത്തു എന്നറിയില്ല. എന്നാല്‍, ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷാവസ്ത്രങ്ങളണിഞ്ഞ് വീല്‍ചെയറില്‍ ആംബുലന്‍സിന് അടുത്തെത്തി. ഒരു നോട്ടം മാത്രം. അപ്പോഴേക്ക് മനസ്സും ശരീരവും തളര്‍ന്നിരുന്നു. മൂന്ന് മിനുട്ട് കൊണ്ട് കദനനിര്‍ഭരമായ അവസാന കാഴ്ച അവസാനിച്ചു. കണ്ടുനിന്നവരുടെ മനസ്സില്‍ നീറിപടരുന്ന വേദനയായി അത് മാറി. ഇതൊന്നുമറിയാതെ ആസ്പത്രി വാര്‍ഡില്‍ നിതിന്റെ കണ്മണി ഉറക്കത്തിലായിരുന്നു. ആതിരക്ക് ആശ്വാസവും പ്രതീക്ഷയുമായി.
ദുബൈയില്‍ ഐ.ടി എഞ്ചിനീയറായ ആതിരയോടൊപ്പമായിരുന്നു ഭര്‍ത്താവ് പേരാമ്പ്ര മുയിപ്പോത്ത് സ്വദേശി നിതിന്‍ചന്ദ്രന്‍(29). പ്രവാസികളെ പ്രത്യേകിച്ച് ഗര്‍ഭിണികളെ നാട്ടിലെത്തിക്കുന്നതിന് നിയമയുദ്ധം നടത്തിയ പേരാമ്പ്ര സ്വദേശി ജി.എസ് കേസുമായി സുപ്രീംകോടതി വരെ പോയിരുന്നു. അങ്ങനെയാണ് ഗള്‍ഫില്‍ നിന്നുള്ള ആദ്യവിമാനത്തില്‍ ആതിര നാട്ടിലെത്തിയത്. നിതിനും അതേ വിമാനത്തില്‍ വരാമായിരുന്നുവെങ്കിലും മറ്റൊരാള്‍ക്കുവേണ്ടി മാറി കൊടുക്കുകയായിരുന്നു.
തിങ്കളാഴ്ച ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ച സന്നദ്ധപ്രവര്ത്തകന് നിതിന്‍ചന്ദ്രന്റെ മൃതദേഹം ഇന്നലെ പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് നെടുമ്പാശ്ശേരിയിലെത്തിച്ചത്. പ്രിയപ്പെട്ടവന് പോയ്മറഞ്ഞു എന്ന സങ്കട വാര്‍ത്ത അറിയും മുമ്പ് സിസേറിയനിലൂടെ അവള് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ആസ്പത്രിയില്‍ നിതിന്റെ ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും എത്തിയിരുന്നു. ആശ്വസിക്കാനും പരസ്പരം ആശ്വസിപ്പിക്കാനും പറ്റാതെ നിന്നവരുടെ ഇടയിലൂടെ ആംബുലന്‍സ് പേരാമ്പ്രക്ക് നീങ്ങി. പേരാമ്പ്ര മുയിപ്പോത്തെ വീട്ടുവളപ്പില്‍ നിതിന്‍ ചിതയൊരുക്കി.