വിമാനം വന്നില്ല; കാത്തിരിക്കാം ഇനി നാലു നാളുകള്‍

അബുദാബി: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള വിമാനം വരാത്ത ദിവസമായിരുന്നു വെള്ളിയാഴ്ച. കഴിഞ്ഞ ഒരുമാസമായി നൂറുകണക്കിന് പ്രവാസികള്‍ നാട്ടിലെത്തിയ ദിവസങ്ങളിലൂടെയാണ് ഗള്‍ഫ് നാടുകളിലെ ഇന്ത്യക്കാര്‍ കടന്നുപോയത്.
പരിമിതമായിരുന്നുവെങ്കിലും ഒട്ടേറെ പേരുടെ ആശങ്കക്ക് വിരാമമിട്ട ദിവസങ്ങളാണ് പിന്നിട്ടത്. എന്നാല്‍ ജൂണ്‍ 5 വെള്ളിയാഴ്ച മുതല്‍ നാലുനാള്‍ വിമാനമില്ലാത്ത ദിവസങ്ങ ളാണ്. വന്ദേഭാരത് രണ്ടാംഘട്ടത്തില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് അനുവദിക്കപ്പെട്ട സര്‍വീസുകള്‍ 4ന് അവസാനിച്ചു.
ഇനി മൂന്നാംഘട്ടം ഈ മാസം 9നാണ് ആരംഭിക്കുക. അതുവരെ പ്രവാസികള്‍ക്ക് കാത്തിരിപ്പിന്റെ നാളുകളാണ്. കഴിഞ്ഞ ഒരുമാസമായി ഉണ്ടായിരുന്ന അത്രതന്നെ എണ്ണം മൂന്നാം ഘട്ടത്തില്‍ അനുവദിച്ചിട്ടില്ല. എങ്കിലും നാടണയാനുള്ള മോഹവുമായി പ്രവാസികള്‍ കാത്തിരിക്കുകയാണ്.
രോഗികളും ഗര്‍ഭിണികളും തൊഴില്‍ നഷ്ടപ്പെട്ടവരുമെല്ലാം അടങ്ങുന്ന ആയിരക്കണക്കിനുപേര്‍ ഓരോദിവസവും മൊബൈല്‍ ഫോണില്‍ കണ്ണും നട്ട് നോക്കിയിരിപ്പാണ്. കോളുകളൊന്നും മിസ് ആവാതിരിക്കാന്‍, കോവിഡിനോളം അതീവ ജാഗ്രതയാണ് ഇക്കാര്യത്തിലും പ്രവാസികള്‍ പുലര്‍ത്തുന്നത്.
അതേസമയം എയര്‍ഇന്ത്യ സഊദി അറേബ്യയില്‍നിന്ന് വെള്ളിയാഴ്ച പ്രവാസികളെ നാട്ടിലെത്തിച്ചിരുന്നു.