വന്ദേ ഭാരതില്‍ 14 വരെ സീറ്റില്ല; ചാര്‍ട്ടേഡിന് ആവശ്യക്കാരേറും

  റസാഖ് ഒരുമനയൂര്‍
  അബുദാബി: വന്ദേ ഭാരത് മിഷന്‍ നാലാം ഘട്ടത്തിന്റെ ഭാഗമായി അനുവദിച്ച വിമാനങ്ങളില്‍ ജൂലൈ 14 വരെയുള്ള മുഴുവന്‍ സീറ്റുകളും വിറ്റഴിഞ്ഞു. കൂടുതല്‍ വിമാനങ്ങള്‍ ഉടന്‍ അനുവദിച്ചില്ലെങ്കില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിക്കും. നേരിട്ട് ബുക് ചെയ്യാമെന്ന സംവിധാനം പ്രത്യക്ഷത്തില്‍ സൗകര്യപ്രദമാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ താഴേക്കിടയിലുള്ള തൊഴിലാളികള്‍ക്ക് ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയാണ് ഉണ്ടാക്കിയിട്ടുള്ളത്.
  എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ കൂടുതല്‍ പേര്‍ക്ക് യാത്ര ചെയ്യാന്‍ അവസരം കിട്ടിയതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു-നാലു ദിവസമായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ആവശ്യക്കാര്‍ താരതമ്യേന കുറവായിരുന്നു. എന്നാല്‍, നേരിട്ട് ബുക് ചെയ്യാമെന്ന സംവിധാനം ഞായറാഴ്ച നിലവില്‍ വന്ന് നിമിഷങ്ങള്‍ക്കകം തന്നെ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള യാത്രക്കാര്‍ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗപ്പെടുത്തി സീറ്റുകള്‍ ബുക് ചെയ്തു.
  ഇതോടെ, ജൂലൈ 14വരെ യുഎഇയില്‍ നിന്ന് ഷെഡ്യൂള്‍ ചെയ്ത മുഴുവന്‍ വിമാനങ്ങളുടെയും സീറ്റുകള്‍ വിറ്റഴിക്കപ്പെട്ടു. വന്ദേ ഭാരത് നാലാം ഘട്ടത്തില്‍ അബുദാബിയില്‍ നിന്ന് 14 വിമാനങ്ങളും ദുബൈയില്‍ നിന്ന് 35 വിമാനങ്ങളുമാണ് അനുവദിച്ചിട്ടുള്ളത്. ആകെയുള്ള 39 വിമാനങ്ങളില്‍ 33 എണ്ണവും കേരളത്തിലേക്കുള്ളവയാണ്. കോഴിക്കോട് 6, കണ്ണൂര്‍ 7, തിരുവന്തപുരം 7, കൊച്ചി 13 എന്നിങ്ങനെ 33 വിമാനങ്ങള്‍ കേരളത്തിലേക്കും; ഹൈദരാബാദ് 4, അമൃത്‌സര്‍ 2, ലഖ്‌നോ 4, ഡല്‍ഹി 2, ചെന്നൈ 4 എന്നിങ്ങനെയുമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
  കിട്ടാവുന്ന സ്ഥലങ്ങളിലേക്ക് ഞായറാഴ്ച ഓഫീസിലും വീട്ടിലുമിരുന്ന് പരമാവധി പേര്‍ സീറ്റ് തരപ്പെടുത്തി. എന്നാല്‍, സാധാരണക്കാരായ തൊഴിലാളികള്‍ രാത്രിയോടെയാണ് വിവരമറിയുന്നത്. തിങ്കളാഴ്ച രാവിലെ എയര്‍ലൈന്‍ ഓഫീസില്‍ എത്തിയപ്പോഴേക്കും ആധുനിക സംവിധാനവും സൗകര്യവുമുള്ളവര്‍ തങ്ങളുടെ യാത്ര ഉറപ്പ് വരുത്തിക്കഴിഞ്ഞിരുന്നു. ബാങ്ക് കാര്‍ഡുകളോ ഇന്റര്‍നെറ്റ് സംവിധാനങ്ങളോ ഇല്ലാത്ത താഴേക്കിടയിലുളള ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയാണ് ഇതോടെ സംജാതമായത്.
  എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ജിഎസ്എ അറേബ്യന്‍ ട്രാവല്‍ ഏജന്‍സിയുടെ വിവിധ ഓഫീസുകളില്‍ തിങ്കളാഴ്ച കാലത്ത് എത്തി പൊരിവെയിലില്‍ മണിക്കൂറുകളോളം വരി നിന്ന നൂറുകണക്കിനു പേര്‍ക്ക് ഒടുവില്‍ നിരാശരായി മടങ്ങേണ്ടി വന്നു. ഇവരെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ അറേബ്യന്‍ ട്രാവല്‍ ഏജന്‍സി ജീവനക്കാര്‍ക്ക് ഏറെ പ്രയാസപ്പെടേണ്ടിയും വന്നു. വരുംദിവസങ്ങളിലും ഈ അവസ്ഥ തുടരുമെന്നു തന്നെയാണ് കരുതുന്നത്.