റസാഖ് ഒരുമനയൂര്‍
അബുദാബി: പ്രവാസികളുടെ ടെന്‍ഷന്‍ അയവ് വരുമെന്ന സന്തോഷ വര്‍ത്തമാനവുമായി പ്രവാസികളെ കൊണ്ടു പോകാന്‍ കൂടുതല്‍ വിമാനങ്ങള്‍ പറന്നു വരുന്നു. വരുംദിവസങ്ങളില്‍ നാടണയാന്‍ കൂടുതല്‍ അവസരമൊരുങ്ങുന്നുവെന്ന സന്തോഷ സന്ദേശമാണ് പ്രവാസികളെ തേടിയെത്താനിരിക്കുന്നത്.
നാടണയാന്‍ കൂടുതല്‍ അവസരങ്ങള്‍ വരികയാണ്. പ്രവാസികളുടെ ടെന്‍ഷന്‍ കുറയട്ടെ. വന്ദേ ഭാരത് മിഷന് മൂന്നാം ഘട്ട പട്ടിക എത്തിയപ്പോള്‍ പ്രവാസികള്‍ കൂടുതല്‍ നിരാശരാകുന്ന കാഴ്ചയാണ് കണ്ടത്. കാരണം, യുഎഇയില്‍ നിന്നും വിമാനങ്ങളുടെ എണ്ണം തീരെ കുറവാണ് രേഖപ്പെടുത്തിയിരുന്നത്.
എന്നാല്‍, പ്രവാസികളുടെ നാടണയാനുള്ള ആശയുടെയും പ്രാര്‍ത്ഥനയുടെയും ഫലമെന്നോണം കൂടുതല്‍ വിമാനങ്ങള്‍ താമസിയാതെ എത്തുകയാണ്. നേരത്തെ വന്ന പട്ടികയില്‍ ജൂണ്‍ 9 മുതല്‍ 23 വരെയുള്ള കാലയളവില്‍ അബുദാബിയില്‍ നിന്നും 6 വിമാനങ്ങള്‍ മാത്രമാണ് കേരളത്തിലേക്ക് ഷെഡ്യൂള്‍ ചെയ്തിരുന്നത്.
അതേസമയം, ഒടുവില്‍ കിട്ടിയ വിവരമനുസരിച്ച്, ജൂണ്‍ 30നകം അബുദാബിയില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ 20 വിമാനങ്ങള്‍ കേരളത്തിലേക്ക് ഉണ്ടാകും.
കോഴിക്കോട് 9, കൊച്ചി 6, തിരുവനന്തപുരം 3, കണ്ണൂര്‍ 2 എന്നിങ്ങനെയാണ് വിമാനങ്ങള്‍ പറക്കാനിരിക്കുന്നത്. കൂടാതെ, ദുബൈയില്‍ നിന്നും കൂടുതല്‍ വിമാനങ്ങള്‍ ഉണ്ടാകും. വളരെ പ്രതീക്ഷയോടെയാണ് ഓരോ പ്രവാസിയും തങ്ങളുടെ പേര് വരുന്നതും കാത്തിരിക്കുന്നത്.