ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍: സ്മാര്‍ട്ട് ട്രാവലിന് അനുമതി

സ്മാര്‍ട്ട് ട്രാവല്‍ എംഡി അഫിഎ അഹ്മദ്

നിരക്ക് 1000 ദിര്‍ഹമിന് താഴെ, ലക്ഷ്യം ചൂഷണം തടയല്‍: അഫി അഹ്മദ്

ദുബൈ: തങ്ങള്‍ക്ക് ലഭിച്ച ചാര്‍ട്ടേര്‍ഡ് വിമാനങ്ങളുടെ അനുമതി പൊതുനന്മ ലക്ഷ്യമാക്കി ഏറ്റവും ചുരുങ്ങിയ ചെലവില്‍ ഒരുക്കാന്‍ തീരുമാനിച്ചതായി യുഎഇയിലെ സ്മാര്‍ട്ട് ട്രാവല്‍ എംഡി അഫി അഹ്മദ് അറിയിച്ചു. കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്കാണ് 10 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ സര്‍വീസ് നടത്താനുള്ള അനുമതി സ്മാര്‍ട്ട് ട്രാവലിന് ലഭിച്ചിരിക്കുന്നത്. പ്രതിസന്ധിയിലായിരിക്കുന്ന പ്രവാസികളെ സഹായിക്കാന്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുകയെന്ന ഉദ്ദേശ്യത്തിന് പ്രാധാന്യം നല്‍കുമെന്നും ഇതു വരെ യുഎഇയില്‍ നിന്ന് പറന്നു പൊങ്ങിയ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളുടെ നിരക്കില്‍ നിന്നും വളരെയധികം കുറവ് പ്രതീക്ഷിക്കാമെന്നും അഫി പറഞ്ഞു. ഇത് 1,000 ദിര്‍ഹമില്‍ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭക്ഷണവും സുരക്ഷാ കിറ്റുകളും റാപിഡ് ടെസ്റ്റുമടക്കം ഈ തുകക്ക് ഉള്ളിലെതുക്കാന്‍ ചര്‍ച്ചകള്‍ നടക്കുകായാണെന്നും അഫി അഹ്മദ് വിശദീകരിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചാര്‍ട്ടേര്‍ഡ് സര്‍വീസുകളുടെ നിരക്ക് ഉയര്‍ന്ന നിലയിലായിരുന്നു. ദുബൈ കെഎംസിസി നടത്താനിരിക്കുന്ന സര്‍വീസിന് മാത്രമാണ് നിരക്ക് കുറവെന്നാണ് അറിയുന്നത്. വരുംദിവസങ്ങളില്‍ നിരക്ക് വീണ്ടും കൂടുമെന്ന സൂചനകള്‍ ഉയര്‍ന്നതോടെയാണ് സ്മാര്‍ട്ട് ട്രാവല്‍സ് രംഗത്തേക്കിറങ്ങിയതെന്നും അഫി വ്യക്തമാക്കി. വര്‍ഷങ്ങളായുള്ള തങ്ങളുടെ പരിചയ സമ്പത്തും നിരവധി ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയ അനുഭവ സമ്പത്തുമുള്ള തങ്ങള്‍ക്ക് യാത്രക്കാര്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ഏര്‍പ്പെടുത്തി കൊടുക്കുകയെന്നത് എളുപ്പമുള്ള കാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിമാന കമ്പനികളുമായുള്ള വളരെ മികച്ച രീതിയിലുള്ള ബന്ധം ഉപയോഗിച്ച് വില പേശല്‍ നടത്തിയാലേ നമുക്ക് ഏറ്റവും കുറഞ്ഞ ചെലവില്‍ വിമാനങ്ങള്‍ വാടകക്ക് എടുക്കാന്‍ സാധിക്കൂ. നല്ല അനുഭവ സമ്പത്തും ബന്ധങ്ങളും ഇതിനാവശ്യമാണ്. യുഎഇയില്‍ നിന്നും ഈ പ്രതിസന്ധി സമയത്തും കൂടുതല്‍ ചാര്‍ജ് ഈടാക്കേണ്ട അവസ്ഥയുണ്ടായത് അത്തരത്തില്‍ ഒരു വിലപേശല്‍ നടത്താന്‍ പറ്റാത്തത് കൊണ്ടായിരിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
യുഎഇയില്‍ ലോക്ക്ഡൗണ്‍ വരുന്നതിന് തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ വിസിറ്റ് വിസ കഴിഞ്ഞവര്‍ക്ക് വിസ പുതുക്കേണ്ട അത്യാവശ്യം വന്നപ്പോള്‍ സ്മാര്‍ട്ട് ട്രാവല്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഒരുക്കിയത് യുഎഇയിലെ പ്രാദേശിക മാധ്യമങ്ങളില്‍ അടക്കം വാര്‍ത്തയായിരുന്നു. അന്ന് 1,800ലധികം പേരാണ് സ്മാര്‍ട്ട് ട്രാവല്‍സിന്റെ ഈ സേവനം ഉപയോഗിച്ചത്. ഇതില്‍ ഏറെ മലയാളികുമായിരുന്നു. നേരത്തെ, വിസിറ്റ് വിസാ മേഖലയിലുള്ള ചൂഷണവും നിയന്ത്രണത്തിലായത് സ്മാര്‍ട്ട് ട്രാവലിന്റെ വരവോടെയായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
നാട്ടിലേക്കുള്ള ചാര്‍ട്ടേര്‍ഡ് വിമാന നിരക്ക് ഈ രീതിയില്‍ കുറയുകാണെങ്കില്‍ ഏറെ ഉപകാരപ്പെടുക പ്രതിസന്ധിയിലായിരിക്കുന്ന പതിനായിരക്കണക്കിന് പ്രവാസികളെയായിരിക്കും. പ്രത്യേകിച്ചും, മറ്റ് പല മേഖലകളില്‍ നിന്നും നിരക്ക് ഉയര്‍ത്താന്‍ സാധ്യത ഉണ്ടെന്ന സൂചന ഉയര്‍ന്നു വന്നതോടെ ഒടുവിലത്തെ ആശ്രയവും അണഞ്ഞ പ്രവാസികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്നതായിരിക്കും ഇത്തരം നീക്കം.
നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നേരിട്ട് സ്മാര്‍ട്ട് ട്രാവല്‍സുമായി ബന്ധപ്പെടാമെന്നും അത്യാവശ്യക്കാര്‍ക്ക് ആദ്യം എന്ന നിലയില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ യാത്രാ സൗകര്യം സ്മാര്‍ട്ട് ട്രാവല്‍ ഒരുക്കിക്കൊടുക്കുമെന്നും അഫി പ്രസ്താവിച്ചു. യാത്ര ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് ടിക്കറ്റ് സ്‌പോണ്‍സര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്മാര്‍ട്ട് ട്രാവലുമായി ബന്ധപ്പെടാം. ലാഭേച്ഛയില്ലാതെ മനുഷ്യ നന്മക്ക് പ്രാധാന്യം കൊടുക്കുന്ന കൂട്ടായ്മകള്‍ക്കും സംഘടനകള്‍ക്കും തന്നെ ബന്ധപ്പെടാമെന്നും അദ്ദേഹം പറഞ്ഞു. അവര്‍ക്ക് വേണ്ടി പ്രത്യേക ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഒരുക്കാന്‍ തയാറാണ്. യുഎഇയിലെ ദേശീയ എയര്‍ലൈനുകളെയാണ് താന്‍ സര്‍വീസിന് വേണ്ടി ഒരുക്കുന്നതെന്നും അതുകൊണ്ട് തന്നെ കാര്യങ്ങള്‍ കുറെക്കൂടി എളുപ്പത്തിലാകുമെന്നും അഫി അഹമ്മദ് നിരീക്ഷിച്ചു. അടുത്ത ആഴ്ചയോടെ കണ്ണൂരിലേക്ക് നടത്തുന്ന ആദ്യ സര്‍വീസിന് ഉപയോഗിക്കുന്നതും യുഎഇ നാഷണല്‍ എയര്‍ലൈന്‍ ആയിരിക്കുമെന്ന് സൂചനയുണ്ട്. നേരത്തെ, ലോക്ക്ഡൗണ്‍ ആരംഭിച്ച ശേഷം യുഎഇയില്‍ നിന്ന് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതോടെ അത്യാവശ്യമുള്ള പ്രവാസികള്‍ക്ക് നാട്ടിലേക്ക് തിരിച്ചു വരാന്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ആദ്യമായി രംഗത്ത് വന്നത് അഫി അഹ്മദ് ആയിരുന്നു. ഇതുസംബന്ധിച്ച് നിരവധി നിവേദനങ്ങളും ഇടപെടലുകളും അഫി അഹ്മദ് നടത്തിയിരുന്നു. ഇന്ത്യന്‍ സറക്കാറിന്റെ വന്ദേ ഭാരത് മിഷന്‍ ഏര്‍പ്പെടുത്തിയതോടെ തല്‍ക്കാലം ചാര്‍ട്ടേര്‍ഡ് സര്‍വീസ് നടത്തേണ്ടെന്ന് അദ്ദേഹം തീരുമാനിച്ചിരുന്നുവെങ്കിലും മറ്റ് പല സ്ഥാപനങ്ങളും ചാര്‍ട്ടേര്‍ഡ് അനുമതി കച്ചവടമാക്കി തുടങ്ങിയതായി സൂചനകള്‍ ലഭിച്ചതോടെയാണ് ഇത് തടയിടാന്‍ താന്‍ ഈ തീരുമാനവുമായി രംഗത്തിറങ്ങിയതെന്നും ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റുകള്‍ സര്‍വീസ് നടത്തുമ്പോള്‍ അമിതമായി ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കരുതെന്നും പ്രവാസികളെ ചൂഷണം ചെയ്യരുതെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ നിര്‍ദേശിച്ചത് മാനിച്ചു കൂടിയാണ് താനീ ഉദ്യമത്തിന് ഇറങ്ങിയതെന്നും അഫി അഹ്മദ് പ്രസ്താവിച്ചു.