റസാഖ് ഒരുമനയൂര്‍
അബുദാബി: ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ പ്രവാസിയെ വഴിയില്‍ തടയുകയും സ്വന്തം വീട്ടിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്ത കാഴ്ച ഓരോ പ്രവാസിയുടെയും ഉള്ളം പിടപ്പിച്ചു. കൊല്ലം ജില്ലയിലാണ് ഗള്‍ഫില്‍ നിന്നും എത്തിയ പ്രവാസിയെ തന്റെ വീട്ടിലേക്കുള്ള വഴിയില്‍ അയല്‍വാസികള്‍ ഉള്‍പ്പെടുന്ന നാട്ടുകാര്‍ തടഞ്ഞത്.
വിമാനത്താവളത്തില്‍ നിന്നും ആംബുലന്‍സില്‍ പൊലീസിന്റെ അകമ്പടിയോടെയാണ് എത്തിയതെങ്കിലും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ വഴിയില്‍ തടയുകയായിരുന്നു. തീരെ പ്രതീക്ഷിക്കാത്ത കാഴ്ചയാണ് പ്രവാസികളുടെ മൊബൈല്‍ സ്ക്രീനിലൂടെ കടന്നു പോയത്. വേദനാജനകമായ രംഗങ്ങള്‍ പലരുടെയും കണ്ണുകള്‍ നനയിച്ചു.
തന്റെ ബാഗ് തോളിലിട്ട് ഓരം ചേര്‍ന്നു വേദനയോടെ നടന്നുപോകുന്ന പ്രവാസി ഏവരുടെയും കരളലിയിച്ചു. പൊലീസുകാര്‍ ജനങ്ങളെ വിരട്ടിപ്പായിച്ചാണ് ഇദ്ദേഹത്തെ തന്റെ വീട്ടിലേക്ക് കയറ്റിയത്. യാതൊരു കുറ്റവും ചെയ്യാത്ത പ്രവാസിയോട് സ്വന്തം അയല്‍വാസികള്‍ പോലും ഇത്രയും ക്രൂരമായി പെരുമാറുന്നത് ആദ്യ അനുഭവമായി മാറുകയാണ്.
കടുത്ത മാനസിക സംഘര്‍ഷത്തോടൊപ്പം നിരവധി പരിഹാസങ്ങള്‍ക്ക് വിധേയമാവേണ്ടി വരുന്ന പ്രവാസികളോടുള്ള ക്രൂരത സഹിക്കാവുന്നതിലുമപ്പുറമാണെന്ന് വിലയിരുത്തപ്പെടുന്നു. രോഗബാധിതനായല്ല, മറിച്ച് ഗള്‍ഫില്‍ നിന്നും വരുന്നുവെന്ന ഒറ്റക്കാരണത്താലാണ് പ്രവാസി തടയപ്പെട്ടത്.
സമാനമായ സംഭവം നേരത്തെയും ചില സ്ഥലങ്ങളിലുണ്ടായി. പാലക്കാട് ജില്ലയിലെ തൃത്താലയിലും പ്രവാസി വീട്ടിലെത്തിയതറിഞ്ഞ് അയല്‍വാസി പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഒടുവില്‍ പൊലീസെത്തി വീട്ടുകാരെ പറഞ്ഞ് അനുനയിപ്പിക്കുകയായിരുന്നു.
നീണ്ട വര്‍ഷങ്ങള്‍ ഗള്‍ഫ് നാടുകളില്‍ കഷ്ടപ്പെട്ട് പണിയെടുത്ത് നാട്ടില്‍ ചെല്ലുമ്പോഴെല്ലാം മിഠായിപ്പൊതിയും മറ്റു സമ്മാനങ്ങളും കൈപ്പറ്റിയവര്‍ തന്നെയാണ് തടയാന്‍ ചെല്ലുന്നതെന്നത് ഓരോ പ്രവാസിയെയും വീണ്ടുവിചാരങ്ങള്‍ക്ക് പ്രേരിപ്പിക്കുകയാണ്.