നാട്ടുചോലയില്‍ ചേക്കേറുന്ന പ്രവാസം

255

നിഷാദ് ഫുജൈറ
വീട്ടിലേക്കുള്ള ഓരോ യാത്രയും വിണ്ടും യാത്ര പറയാനാണ് എന്നൊരു ബോധം പ്രവാസിയെ നിരന്തരം വേദനിപ്പിക്കുന്നതാണ്. എന്നാല്‍, അത്തറിന്റെ സുഗന്ധമുള്ള ഗള്‍ഫുകാരന്റെ മടക്കയാത്ര അകലത്തിലല്ലെന്ന വിപല്‍ സന്ദേശങ്ങള്‍ പിന്നെയും അവരെ അസ്വസ്ഥരാക്കുന്നു. അവധി കഴിഞ്ഞുള്ള തിരിച്ചു വരവോര്‍ത്തുള്ള വേദനയോടെയല്ല നല്ലൊരു ശതമാനം പ്രവാസികളുടെയും വീട്ടിലേക്കുള്ള പുതിയ യാത്രകള്‍. ഇനി എന്താകുമെന്ന നിശ്ചയമില്ലാത്ത യാത്രയാണ്.
അപ്രതീക്ഷിതമാണ് ചിലരുടെ വീഴ്ചകള്‍. എല്ലാ പ്രതീക്ഷകളും അസ്തമിച്ച് കുട്ടികളും കുടുംബവുമായി മടങ്ങുന്നവര്‍ ഈ കോവിഡ് പ്രതിസന്ധിയിലേക്ക് വേണം ഓട്ടക്കീശയുമായി വന്നു കയറാന്‍. ജീവിത സ്വപ്നങ്ങളില്‍ ഊഷരമായിരുന്ന ഒരു നാടിനെ സമ്പല്‍ സമൃദ്ധിയുടെ കൈവഴികളൊഴുകുന്ന ഉര്‍വര ഭൂമിയാക്കിയ പ്രവാസികളാണ് ഇത്തരത്തില്‍ തിരിച്ചു പോരുന്നതെന്നോര്‍ക്കണം.
നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മരുഭൂമിയിലെ പ്രതീക്ഷ നഷ്ടപ്പെട്ടവന്റെ വിയര്‍പ്പാണ് ഇന്ന് നാം അനുഭവിച്ചും കണ്ടുംകൊണ്ടിരിക്കുന്ന പല വികസനങ്ങളും. അനുകരണ ശീലവും കയ്യിട്ടുവാരലും നന്നായറിയാവുന്ന കേരളീയര്‍ക്ക്, പ്രവാസ സംസ്‌കാരത്തെ അതേപടി അനുകരിക്കാനും പലതും ‘കാല്‍ നനയാതെ മീന്‍ പിടിക്കുക’ എന്ന നിലപാടിലൂടെ നേടിയെടുക്കാനും ഒട്ടും പ്രയാസമുണ്ടായിരുന്നില്ല. കേരളത്തിന്റെ സംസ്‌കാരത്തില്‍ വന്ന പല മാറ്റങ്ങളിലും പ്രവാസ ജീവിതത്തിന്റെ കൈ കടത്തലുണ്ടെന്ന് നിസ്സംശയം പറയാവുന്നതാണ്.
ജീവിതത്തിന്റെ നാനാ ഭാഗങ്ങളിലും സ്വാധീനം ചെലുത്താന്‍ പ്രവാസി സംസ്‌കാരത്തിന് സാധിച്ചു. കേരളത്തിലെ ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളുമായ, അഭ്യസ്തവിദ്യരും തൊഴില്‍ രഹിതരുമായ യുവാക്കളാണ് ആദ്യ ഘട്ടത്തില്‍ ജോലി തേടി സ്വരാജ്യം വിട്ടത്.
ഗള്‍ഫിലേക്കുള്ള മലയാളികളുടെ കുടിയേറ്റത്തിന് എക്കാലത്തും രണ്ട് മുഖങ്ങള്‍ ഉണ്ടായിരുന്നു. ഫുജൈറക്കടുത്ത ഖോര്‍ഫക്കാന്‍ കടല്‍ തീരത്ത് ഉരുവില്‍ നിന്ന് ചാടി, കഷ്ടപ്പാടിന്റെയും ബുദ്ധിമുട്ടിന്റെയും ഇരുണ്ട പ്രവാസത്തിലേക്ക് കാലു കുത്തിയ ഒരു കൂട്ടം മലയാളികള്‍ക്കൊപ്പം തന്നെ, സാങ്കേതിക വിദ്യകളിലും ആതുര ശുശ്രൂഷാ രംഗത്തും വൈദഗ്ധ്യം നേടിയ മലയാളികളും അതേ കാലത്ത് തന്നെ തുറമുഖത്തെ സുരക്ഷാ വാതിലുകളിലൂടെ സൗഭാഗ്യത്തിന്റെ പ്രവാസത്തിലേക്ക് എത്തപ്പെടുകയുണ്ടായി. കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് പരിസരമൊരുക്കിയ പരമ്പരാഗത തൊഴിലിടങ്ങളും രാഷ്ട്രീയ ബോധമുള്ള തൊഴിലാളികളും അപ്രത്യക്ഷമാവാനുള്ള കാരണവും ഗള്‍ഫ് പ്രവാസമായിരുന്നു. ഇന്ന് ഗള്‍ഫിലെ സമസ്ത തൊഴില്‍ മേഖലകളിലും മലയാളികളുണ്ട്. അഞ്ച് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഗള്‍ഫിന് മറ്റേത് ദേശക്കാരെക്കാളും പ്രിയപ്പെട്ടവരായി മലയാളി തുടരുന്നത് അവരുടെ പ്രായോഗിക ബുദ്ധിയും കഠിനാധ്വാനവും അര്‍പ്പണ മനോഭാവവും കൂറും സാമര്‍ത്ഥ്യവും കവച്ചു വെക്കാന്‍ ഗള്‍ഫിലേക്ക് അന്നം തേടിവന്ന മറ്റൊരു ദേശക്കാരനും കഴിഞ്ഞിട്ടില്ല എന്നതു കൊണ്ടാണ്. 2019ല്‍ ഏകദേശം 45,000 കോടി രൂപ കേരളത്തിന്റെ വെളിയില്‍ ജോലി ചെയ്യുന്നവര്‍ നാട്ടിലേക്ക് അയച്ചതായാണ് കണക്കുകള്‍ പറയുന്നത്.
കേരളത്തിന്റെ അറിയപ്പെടുന്ന മിക്ക റിയല്‍ എസ്റ്റേറ്റ് ആഭരണ-വാഹന വ്യാപാരികളുടെയും പ്രധാന വരുമാനം ഗള്‍ഫ് രാജ്യങ്ങളെ കേന്ദ്രീകരിച്ചാണ് കുതിച്ചുയരുന്നത്. ഇന്ത്യയിലെ വന്‍ നഗരങ്ങളില്‍ പോലും കാണാനാവാത്ത അത്രയും സ്വര്‍ണ്ണക്കടകള്‍ കേരളത്തിലെ നഗരങ്ങളില്‍ ഇന്ന് പെരുകി വരുന്നതിന്റെ രഹസ്യമിതാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചേക്കേറിയ ദശലക്ഷക്കക്കിന് വരുന്ന മലയാളികള്‍ അടുത്ത കാലത്ത് മാത്രമാണ് കേരളത്തിന്റെ പൊതുധാരാ ചര്‍ച്ചകളില്‍ ഇടം നേടിയത്. അതിരുകള്‍ താണ്ടിയുള്ള യാത്ര ഉപജീവനത്തിന്റെ ഈടുവെപ്പുകള്‍ മാത്രമല്ല, സാംസ്‌കാരിക സമ്പന്നതയും മലയാളിക്ക് ആവോളം നല്‍കി. തൊഴിലിനു വേണ്ടി കാല്‍ കുത്തിയ മണ്ണില്‍ ആഴത്തില്‍ വേരുകളാഴ്ത്താനും മറുനാടന്‍ മലയാളിക്ക് കഴിയുന്നു. ഉപരിപഠനത്തിന്റെ തുറന്ന വിഹായസ്, മെച്ചപ്പെട്ട തൊഴില്‍ സാധ്യതകള്‍ എന്നിവ മലയാളി പുതുതലമുറയെ സ്ഥിരമായി വിദേശ നഗരങ്ങളില്‍ തളച്ചിടുന്നു. ഇംഗ്‌ളീഷും ഹിന്ദിയും അനായാസം കൈകാര്യം ചെയ്യുന്ന ഈ തലമുറ പുത്തന്‍ ശരീര ഭാഷയോടും ജീവിത പരിസരങ്ങളോടും കൂടുതല്‍ ഒട്ടി നില്‍ക്കുന്നതിനാല്‍ അതിന്റെ വിപണി സാധ്യതകള്‍ പ്രയോജനപ്പെടുത്താനും കഴിഞ്ഞു.
സ്വദേശിവത്കരണത്തോടുള്ള തദ്ദേശീയ ഭരണകൂടങ്ങളുടെ ആഭിമുഖ്യം, വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ അഭാവം, സാമ്പത്തിക പ്രതിസന്ധി, പ്രഖ്യാപിത തൊഴില്‍ നഷ്ടം, എമിഗ്രേഷന്‍ നിയമങ്ങളുടെ കാര്‍ക്കശ്യം, രാഷ്ട്രീയ കാലുഷ്യങ്ങള്‍ സൃഷ്ടിക്കുന്ന അസ്ഥിരത ഇവയൊക്കെ ചേര്‍ന്ന് ഗള്‍ഫ് പരദേശികളെ സ്വന്തം നാടുകളിലേക്ക് പിന്‍വാങ്ങാന്‍ ഇന്ന് പ്രേരിപ്പിക്കുന്നു. കുടിയേറ്റത്തിന്റെ ആരംഭ കാലത്തും തുടര്‍ വര്‍ഷങ്ങളിലും മഹാ നഗരങ്ങളില്‍ കിടപ്പാടം സ്വന്തമാക്കിയ ചെറിയൊരു ന്യൂനപക്ഷം രക്ഷപ്പെട്ടു. റിയല്‍ എസ്റ്റേറ്റ് കേന്ദ്രീകൃത വളര്‍ച്ചയുടെ ഗുണഫലം ഇവരെ കോടീശ്വരന്‍മാരാക്കി. നഗരത്തിന്റെ വിദൂര പ്രദേശങ്ങളെ പോലും അടുത്താക്കുമാറ് മെട്രോ സംവിധാനം വ്യാപിച്ചതോടെ ഡല്‍ഹിയില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ ഫ്‌ളാറ്റ് ഭൂമി വിലകളിലുണ്ടായ വര്‍ധന വളരെ വലുതാണ്. ഗള്‍ഫ് നാടുകളില്‍ വര്‍ഷങ്ങള്‍ ചെലവിട്ട് ഒരാള്‍ നേടുന്നതിനെക്കാള്‍ കൂടുതല്‍ തുക ഇങ്ങനെ സമ്പാദിച്ചവരുമുണ്ട് മലയാളിക്കൂട്ടത്തില്‍.
ഇത്തരം മേഖലകളില്‍ പ്രവാസം സ്വാധീനം ചെലുത്തിയപ്പോള്‍, അടിവരയിട്ട് സൂചിപ്പിക്കേണ്ട ഒന്നാണ് ഇന്നത്തെ മലയാളിയുടെ ഇഷ്ട വിഭവമായ ഫാസ്റ്റ് ഫുഡിന്റെ കേരളത്തിലേക്കുള്ള ആഗമനം. ഇന്ന് കേരളീയ സമൂഹത്തില്‍ സുലഭമായി ലഭിക്കുന്ന അല്‍ഫാം, ബ്രോസ്റ്റ്, ഷവായ്, ഷവര്‍മ, ഖുബ്ബൂസ്, കഫ്‌സ തുടങ്ങിയ പുതുപുത്തന്‍ ഭക്ഷണങ്ങള്‍ വിപണി കീഴടക്കിയിരിക്കുന്നു. ഈ ഭക്ഷണ വിഭവങ്ങളുടെ വരവോടെ, കൊളസ്‌ട്രോള്‍, ഷുഗര്‍, കാന്‍സര്‍, പ്രഷര്‍, ആമാശയ സംബന്ധമായ മറ്റു രോഗങ്ങള്‍ തുടങ്ങിയവ ഏറ്റുവാങ്ങേണ്ടി വന്നത് പ്രവാസത്തിന്റെ മറ്റൊരു സ്വാധീനമാണ്.


മറ്റു ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് ഒരു കാലഘട്ടം എന്നെന്നേക്കുമായി തിരശ്ശീലയിടുകയാണ് ഗള്‍ഫില്‍. ഒന്നുമില്ലായ്മയാണെങ്കില്‍ ഒന്നുമില്ലായ്മയിലേക്ക് പുറപ്പെടാനായി നില്‍ക്കുന്നു പ്രവാസികള്‍. ജന്മനാട്ടിലെത്തിയാല്‍ എന്തുണ്ട് എന്നതാണ് തുറിച്ചു നോക്കുന്ന ചോദ്യം. ആ ചോദ്യം പല മാനങ്ങളുള്ളതാണ്. ഏതൊക്കെ കല്‍പിത യുക്തി കൊണ്ട് ആശ്വാസം കണ്ടെത്താന്‍ ശ്രമിച്ചാലും ഒരു കാര്യം വാസ്തവമാണ്, കണ്‍മുന്നില്‍ സംഭവിക്കുന്നതാണ്, ഗള്‍ഫ് മേഖലയിലെ പ്രവാസികള്‍ തിരിച്ചു പോക്കാരംഭിച്ചു. കുറെ കാലമായി ആവര്‍ത്തിക്കുന്ന ഗള്‍ഫ് പ്രതീക്ഷകള്‍ അവസാനിച്ചുവെന്ന ക്‌ളീഷേ അല്ല ഇത്. 2014ല്‍ അന്തര്‍ദേശീയ വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില താഴേക്ക് പതിക്കാന്‍ തുടങ്ങിയതോടെ തെന്നെ ഗള്‍ഫ് രാജ്യങ്ങളില്‍ ഉത്കണ്ഠ പരന്നിരുന്നു. ഈ മേഖലയില്‍ അമേരിക്ക വിരിച്ച എണ്ണക്കെണിയുടെ ആഘാതം ഗള്‍ഫ് രാജ്യങ്ങള്‍ കണക്കു കൂട്ടിയതിലുമപ്പുറമായിരുന്നു. ഇപ്പോള്‍ കൊറോണ മൂലം ക്രൂഡ് ഓയിലിന്റെ മൂല്യം അമ്പേ തകരുകയും ചെയ്തു. ഗള്‍ഫ് നാടുകളെ പ്രത്യേകിച്ചും സഊദിയെ ഈ ആഘാതം വിശേഷിച്ചും ബാധിച്ചു. എണ്ണ ഇതര വരുമാനം തുലോം തുച്ഛമായ സഊദിയെ ഇത് പിടിച്ചുലച്ചു. യുവാക്കളുടെ തൊഴിലില്ലായ്മയാണ് സഊദി അറേബ്യ നേരിടുന്ന മറ്റൊരു സാമൂഹിക-സാമ്പത്തിക പ്രതിസന്ധി. സഊദിയുടെ ആഭ്യന്തര രാഷ്ട്രീയം ചില തന്ത്രപരമായ ഇടപെടലുകളും നിയന്ത്രണങ്ങളും ആവശ്യപ്പെടുന്നുണ്ട് എന്നാണ് സമീപ കാല വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. സാമൂഹികമായും സാംസ്‌കാരികമായും രാജ്യത്തിന്റെ ഭൂതകാലസാഹചര്യങ്ങളില്‍ നിന്ന് മാറി നടക്കാന്‍ ശ്രമിക്കുമ്പോഴും ഒരു രാഷ്ട്രീയ ഏകകം എന്ന നിലക്ക് കൂടുതല്‍ നിയന്ത്രണമുള്ള കേന്ദ്രീകൃത ഭരണം നിലനില്‍ക്കണമെന്നു തന്നെയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതിന്റെ പ്രതിഫലനങ്ങള്‍ രാജ്യത്തിന്റെ ആഭ്യന്തരവും ബാഹ്യവുമായ രാഷ്ട്രീയ നിലപാടുകളില്‍ പ്രതിഫലിക്കും.
ഏതൊരു രാജ്യത്തിന്റെയും പ്രഥമ കര്‍ത്തവ്യം സ്വന്തം പൗര ജീവിതത്തിന്റെ ക്ഷേമം ഉറപ്പു വരുത്തുക എന്നത് തന്നെയാണ്. ജനാധിപത്യമല്ലാത്ത ഭരണകൂടങ്ങളുടെ പോലും ആധുനിക സ്റ്റേറ്റ് സങ്കല്‍പത്തിന്റെ വികാസമാണ് പ്രജാക്ഷേമം എന്നത്. യുവജനത്തെ ഒപ്പം നിര്‍ത്തുകയെന്നത് സുപ്രധാന കാര്യമാണ്. ചില സവിശേഷ സന്ദര്‍ഭങ്ങളില്‍ രാഷ്ട്രീയ തന്ത്രവുമാണ്. അങ്ങനെ, നിരവധി ഘടകങ്ങള്‍ ചേരുന്നതാണ് വരാനിരിക്കുന്ന കൊറോണാനന്തര ഗള്‍ഫ് പരിഷ്‌കാരങ്ങള്‍. പക്ഷെ, പുതിയ കാലം ആവശ്യപ്പെടുന്ന വൈദഗ്ധ്യമുള്ളവര്‍ക്ക് പിടിച്ചു നില്‍ക്കാനാകുമെന്നത് ഉറപ്പാണ്. കാല മാറ്റങ്ങള്‍ക്കനുസരിച്ച് നാം നമ്മെ തന്നെ പുതുക്കുക എന്നതാണ് ഇപ്പോള്‍ ചെയ്യേണ്ടത്.
ഗള്‍ഫ് കാലം കഴിഞ്ഞെന്ന് പറയുന്നതിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഓരോ തലമുറയും അവര്‍ക്ക് ശേഷം കഴിഞ്ഞു, ഇങ്ങോട്ടാരും വരേണ്ട, എന്നൊക്കെ പറയുമ്പോഴും പാസ്‌പോര്‍ട്ട് കോപ്പിയും രണ്ട് ഫോട്ടോയും പാന്റ്‌സിന്റെ പോക്കറ്റില്‍ കാണും. അങ്ങനെ വന്നണഞ്ഞവര്‍ മറ്റുള്ളവരോട് പറയും: കഴിഞ്ഞു, ഇനി വിസ ഇല്ല എന്ന്. ഈ വാക്കും പ്രവൃത്തിയും തുടര്‍ന്നു കൊണ്ടേ ഇരുന്നു. കോഴിക്കോട്ട് നിന്നും കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് നിന്നും വിമാനങ്ങള്‍ പറന്നു കൊണ്ടിരിന്നു. അതിലെല്ലാം വിസിറ്റായും എംപ്‌ളോയ്‌മെന്റ് വിസയായും പുതുതലമുറയും എത്തി. അതുപോലൊരു ഒഴുക്ക് ഇനി ഉണ്ടാവുമോ എന്ന് കാത്തിരുന്ന് തന്നെ കാണണം.
യുദ്ധം കൊണ്ട് ഒറ്റപ്പെട്ട് പോയ ഒരു രാജ്യത്തിലെ ജനങ്ങളെ പോലെയാണ് പ്രവാസികള്‍. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പുറംലോകമറിയുന്നില്ല. ഗള്‍ഫ് എഡിഷനുകള്‍ തീര്‍ത്ത് ഗള്‍ഫില്‍ തന്നെ വാര്‍ത്തകള്‍ ജീര്‍ണിക്കുകയാണ്. ഗള്‍ഫ് കവി, പ്രവാസി രചന, പ്രവാസി എഴുത്തുകാരന്‍, ഗള്‍ഫ് കോളം എന്നിവ കൊണ്ട് നാം നല്‍കിയത് നമുക്ക് തന്നെ നല്‍കിക്കൊണ്ട് ‘സായൂജ്യ’മടയുകയാണ്.
ചക്രവാളത്തിലൂടെ പറക്കുന്ന അവസാനത്തെ വിമാനത്തിന് കാത്തു നില്‍ക്കുകയാണ് പകുതിയിലധികം പ്രവാസികള്‍. അവര്‍ വൈകാരികമായ പിരിമുറുക്കങ്ങളില്‍ ജന്മനാട്ടില്‍ വിമാനമിറങ്ങും. ഗള്‍ഫ് പ്രവാസിയെ ഭാവാത്മകമായി വ്യാഖ്യാനിച്ച നാടും നാട്ടുമാധ്യമങ്ങളും തിരിച്ചെത്തുന്നന്നവരുടെ കണ്ണീരില്‍ നോക്കി, ചിതറിപ്പോയ സ്വപ്നങ്ങളില്‍ നോക്കി, ശൂന്യമായ കൈകളില്‍ നോക്കി വീണ്ടും പറയുമോ പ്രവാസം വിരിച്ച തണലിനെ കുറിച്ച്?! ഓരോ അസ്തമയവും ഒരു പൊന്‍പുലരിക്ക് പ്രത്യാശ പകരുന്നുണ്ട്. നമുക്ക് പ്രത്യാശിക്കാം.