
അല്‍ഐന്‍: അബുദാബി എമിറേറ്റിലെ അല്‍ ഐനില്‍ സമസ്തയുടെ കീഴില്‍ ഒന്നു മുതല്‍ 12 വരെ വളരെ വിജയകരമായി പ്രവര്‍ത്തിക്കുന്ന മഹദ് സ്ഥാപനമാണ് ദാറുല്‍ ഹുദാ മദ്രസ. സൂഫീ ചക്രവാളത്തില്‍ അതുല്യ ശോഭ പരത്തിയ അത്തിപ്പറ്റ ഉസ്താദിന്റെ തണലില്‍ വളര്‍ന്ന ഉത്കൃഷ്ട വിദ്യാലായമാണിത്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിലാണ് ദാറുല്‍
ഹുദാ മദ്രസയില്‍ ഓണ്‍ലൈന്‍ ക്ളാസ് ആരംഭിച്ചത്. ചെയര്മാന് വി.പി പൂക്കോയ തങ്ങള്‍ ബാ അലവി ക്ളാസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രാര്‍ത്ഥനക്കും പൂക്കോയ തങ്ങള്‍ തന്നെ നേതൃത്വം നല്കി. പുതിയ സാഹചര്യത്തില്‍ ഒന്നുമില്ലാതിരിക്കുന്നതിനെക്കാള് ഭേദമാണ് ഓണ്‍ലൈന്‍ ക്ളാസുകളെന്ന് പൂക്കോയ തങ്ങള്‍ അഭിപ്രായപ്പെട്ടു. ദാറുല്‍ ഹുദാ മാനേജിംഗ് ഡയറക്ടര്‍ ഇ.കെ മൊയ്തീന് ഹാജി, പ്രിന്‍സിപ്പല്‍ മുനീര്‍ ചാലില്‍ ചടങ്ങില്‍ ആശംസ നേര്‍ന്നു. മദ്രസ സ്വദര്‍ മുഅല്ലിം വി.പി ശിഹാബുദ്ദീന് തങ്ങള്‍ ബാ അലവി സ്വാഗതവും നന്ദിയും പറഞ്ഞു.