ഓണ്‍ലൈന്‍ പഠനത്തിന് സൗത്ത് മണ്ഡലത്തില്‍ സമ്പൂര്‍ണ്ണ സൗകര്യമൊരുക്കി ഡോ.എം.കെ മുനീര്‍

20
സൗത്ത് മണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്കുളള ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ഡോ.എം.കെ മുനീര്‍ എം.എല്‍.എ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.പി മിനിക്ക് കൈമാറുന്നു

കോഴിക്കോട്: ലോക് ഡൗണ്‍ കാലത്ത് വിദ്യാഭ്യാസം ഓണ്‍ലൈനിലായപ്പോള്‍ അതിനു സൗകര്യമില്ലാത്തവര്‍ക്ക് ആശ്വാസവുമായി പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ എം.എല്‍.എ. ഓണ്‍ലൈന്‍ ക്ലാസിന് സൗകര്യമില്ലെന്ന് സര്‍വ്വെയില്‍ കണ്ടെത്തിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ടെലിവിഷനുകളും മൊബൈല്‍ ഫോണുകളും ലഭ്യമാക്കിയാണ് വേറിട്ട മാതൃകയായത്. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പുറമെ രക്ഷിതാക്കള്‍ക്കു കൂടി പങ്കാളിത്തമുള്ള വിദ്യാഭ്യാസ ക്രമത്തിന്റെ പ്രാധാന്യം എല്ലാവരും ഉള്‍കൊള്ളണമെന്ന് കുറ്റിച്ചിറ സിയസ്‌കോയില്‍ നടന്ന ഡിജിറ്റല്‍ പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്ത് ഡോ.എം.കെ മുനീര്‍ പറഞ്ഞു.
പൊതുസ്ഥലങ്ങളില്‍ എത്തിച്ചേരുവാന്‍ കഴിയാത്ത കുട്ടികള്‍ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍, പത്തോളം പൊതുസ്ഥലങ്ങളില്‍ പഠനകേന്ദ്രങ്ങള്‍, എന്നിവ ഒരുക്കി കഴിഞ്ഞു. പഠനകേന്ദ്രങ്ങള്‍ ഒരുക്കുന്ന വേളയില്‍ ചില സ്ഥലങ്ങളില്‍ ടി.വി യുടെ അഭാവം ഉണ്ടായിരുന്നു. അതും പരിഹരിക്കുകയാണ്. കാഴ്ച, കേള്‍വി പരിമിതരായ കുഞ്ഞുങ്ങളുടെ പഠനം ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ സാധ്യമാകുമായിരുന്നില്ല. പ്രത്യേക പരിശീലനം നേടിയ അധ്യാപകര്‍ വ്യക്തിപരമായ ശ്രദ്ധയിലൂടെയാണ് ഓരോ കുട്ടിക്കും പാഠഭാഗങ്ങള്‍ പകര്‍ന്നുനല്‍കുന്നത്. ഇതിനാവശ്യമായ ക്രമീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും മുനീര്‍ വ്യക്തമാക്കി. പഠനോപകരണങ്ങള്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.പി മിനി, ഡോ. എം.കെ മുനീറില്‍ നിന്ന് ഏറ്റുവാങ്ങി. ചടങ്ങില്‍ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാധാകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്രീകല, ഡോ.എ.കെ അബ്ദുല്‍ ഹക്കീം, കെ മൊയ്തീന്‍കോയ, അഡ്വ.എ.വി അന്‍വര്‍, പി.എന്‍ വലീദ് സംസാരിച്ചു.