ഓണ്‍ലൈന്‍ ക്ലാസിനിടെ ഓഫ്‌ലൈനായി വിദ്യാര്‍ഥികള്‍

അമനും അമീനും ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാതെ വീട്ടില്‍

മലപ്പുറം: കോവിഡ് ഭീതിക്കിടെ ഇന്നലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചെങ്കിലും മതിയായ സൗകര്യങ്ങളില്ലാത്തതിനാല്‍ ക്ലാസില്‍ പങ്കെടുക്കാനാകാതെ ഓഫ്‌ലൈനായി വിദ്യാര്‍ഥികള്‍. മലപ്പുറം താമരക്കുഴിയിലെ മുജീബ് റഹ്മാന്റെ മക്കളായ അമാന്‍, അമീന്‍, കുന്നുമ്മല്‍ സ്വദേശി സമീറിന്റെ മക്കളായ ആബിദ് റഹ്മാന്‍, ആദില്‍ റഹ്മാന്‍, ഖദീജ, അലി റഹ്മാന്‍ എന്നിവര്‍ക്കാണ് വിവിധ കാരണങ്ങളാല്‍ ക്ലാസില്‍ പങ്കെടുക്കാനാവാഞ്ഞത്. അമാന്‍, അമീന്‍ എന്നിവര്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥികളാണ്. ആബിദ് റഹ്മാന്‍ ഒന്നിലും ആദില്‍ റഹ്മാന്‍ രണ്ടിലും ഖദീജ ആറിലും അലി റഹ്മാന്‍ പത്താം ക്ലാസിലുമാണ് പഠിക്കുന്നത്.
ഇവരുടെ വീടുകളില്‍ ടെലിവിഷന്‍ ഉപയോഗിക്കുന്നില്ല. മുജീബ് റഹ്്മാന്റെ മക്കളായ അമാന്‍, അമീന്‍ എന്നിവര്‍ മൂന്നാം ക്ലാസിലാണ് പഠിക്കുന്നത്. ഇവരുടെ തറവാട് വീട്ടില്‍ നേരത്തെ ടി.വിയുണ്ടായിരുന്നു. എന്നാല്‍ പുതിയ വീട് വെച്ച് മാറിയപ്പോള്‍ ടി.വി വാങ്ങിയില്ല. കൂടാതെ സ്മാര്‍ട്ട് ഫോണും ഉപയോഗിക്കുന്നില്ല. കച്ചവടക്കാരനായ മുജീബ് റഹ്മാന്‍ ഉപയോഗിക്കുന്ന സാധാരണ ഒരു ഫോണ്‍ മാത്രമാണുള്ളത്. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുക ഓണ്‍ലൈനായാണെന്ന് അറിഞ്ഞപ്പോള്‍ ഒരു സെക്കനന്റ് ഫോണ്‍ വാങ്ങാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മൊബൈല്‍ കടകളില്‍ ലോക്ക്ഡൗണ് പ്രഖ്യാപിച്ചതിന് ശേഷം പഴയ ഫോണുകള്‍ വില്‍പനക്കെത്തുന്നില്ലെന്നാണറിഞ്ഞതെന്നാണ് പിതാവ് മുജീബ് റഹ്മാന്‍ പറയുന്നത്. സമീറിന്റെ കയ്യില്‍ സ്മാര്‍ട്ട് ഫോണ്‍ ഉണ്ടെങ്കിലും കുട്ടികള്‍ക്ക് അത് ഉപയോഗിച്ച് ക്ലാസില്‍ പങ്കെടുക്കാനായിരുന്നില്ല. ആറാം ക്ലാസില്‍ പഠിക്കുന്ന മകളുടെ ക്ലാസ് 2.30 മുതല്‍ ആരംഭിക്കുമെന്ന് കേട്ട് മൊബൈലുമായിരുന്നു. എന്നാല്‍ നെറ്റ്‌വര്‍ക്ക് പ്രശ്‌നം കാരണം ക്ലാസില്‍ പങ്കെടുക്കാനായില്ല. പുതിയ സംവിധാനം എത്രത്തോളം പ്രായോഗികമാണെന്നതിനെ കുറിച്ച് ആശങ്കയുണ്ട്. പാഠപുസ്തകം ലഭിക്കുകയാണെങ്കില്‍ ചെറിയ ക്ലാസിലെ കുട്ടികളെയെങ്കിലും പഠിപ്പിക്കാനാവും. എന്നാല്‍ സ്‌കൂളില്‍ അന്വേഷിച്ചപ്പോള്‍ പാഠപുസ്തകങ്ങള്‍ എന്നാണ് ലഭിക്കുകയെന്നതിനെ കുറിച്ച് ധാരണയില്ലെന്നാണ് മനസിലായത്. പത്താം ക്ലാസില്‍ പഠിക്കുന്ന അലി റഹ്മാന്റെ പഠനവും അവതാളത്തിലാണ്. എസ്.എസ്.എല്‍.സി ആയതിനാല്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നും കുട്ടികള്‍ക്ക് പഠന സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് താനെന്നും സമീര്‍ പറഞ്ഞു.