ദുബൈ: യുഎഇയിലെ സാംസ്കാരിക-സാമൂഹിക കൂട്ടായ്മയായ ‘ഓര്മ’യുടെ നേതൃത്വത്തില്‍ സൗജന്യ
ചാര്‍ട്ടേര്‍ഡ് വിമാനം ദുബൈയില്‍ നിന്ന് പുറപ്പെട്ടു. നൂറ്റി എണ്‍പത്തി മൂന്നു പ്രവാസി മലയാളികളെ തീര്‍ത്തും സൗജന്യമായാണ് ഈ വിമാനത്തില്‍ നാട്ടിലേക്ക് എത്തിച്ചത്. ഇതാദ്യമായാണ് ഒരു സാംസ്കാരിക-സാമൂഹിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഗള്‍ഫില്‍ നിന്ന് സൗജന്യമായി ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ പ്രവാസി മലയാളികളെ നാട്ടിലേക്ക് എത്തിക്കുന്നത്. നൂറ്റി എണ്‍പത് പേരും മൂന്നു കൈക്കുഞ്ഞുങ്ങളും ഉള്‍പ്പെടെ 183 യാത്രക്കാരാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കണ്ണൂരിലേക്ക് പറന്നത്.
ഓര്മ പ്രവര്‍ത്തകരുടെ ഏറെ നാളത്തെ പരിശ്രമത്തിനൊടുവിലാണ് യാത്ര യാഥാര്‍ത്ഥ്യമായത്. സാമ്പത്തിക പ്രയാസം അനുഭവപ്പെടുന്ന അര്‍ഹരായ ആളുകളെയാണ് യാത്രക്കായി തെരഞ്ഞെടുത്തത്. ഓര്മ രക്ഷാധികാരിയും ലോക കേരളാ സഭാംഗവുമായ എന്‍.കെ കുഞ്ഞഹമ്മദ്, എം.പി മുരളി, സാമൂഹിക പ്രവര്ത്തകന് രാജന് മാഹി, അബ്ദുറഹിമാന്, സുധീഷ് ദേര ട്രാവല്‍സ്, അബ്ദുല്‍ റഷീദ്, അനീഷ്, രാകേഷ്, ശ്രീകല, റിയാസ് കൂത്തുപറമ്പ്, ദിലീപ്, അന്‍വര്‍ ഷാഹി, അഷ്റഫ്, പ്രദീപ് നേതൃത്വം നല്കി. കൂടുതല്‍ പ്രവാസി മലയാളികളെ നാട്ടിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.