വിടവാങ്ങിയത് കര്‍മ്മപഥത്തിലെ കാരുണ്യഹസ്തം

മുസ്‌ലിംലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് സി.എ.എം.എ കരീം ജനാസനമസ്‌കാരത്തിന് നേതൃത്വം നല്‍കുന്നു

ഒറ്റപ്പാലം: ഇന്നലെ നിര്യാതനായ പി.സി സെയ്തുമുഹമ്മദ്ഹാജിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി. അന്ത്യയാത്രയായത് അഗതികളുടെയും അശണരുടെയും എക്കാലത്തെയും അത്താണി. തനിക്കുള്ളതില്‍ വലിയൊരു പങ്ക് സമൂഹത്തിന് എന്നത് പ്രവര്‍ത്തിയില്‍ കാണിച്ച ഇദ്ദേഹത്തിനെ കാരുണ്യത്തിന്റെ കെടാവിളക്ക് എന്ന് ജീവിചിരിക്കെ തന്നെ വിലയിരുത്തിയിവരുണ്ട്. അതില്‍ അതിശയോക്തിയില്. ഒരു പുരുഷായുസ്സുമുഴുവന്‍ സമൂഹത്തിനും സമുദായത്തിനും വിശിഷ്യ മുസ്്‌ലിംലീഗ് പ്രസ്ഥാനത്തിനും വേണ്ടി നീക്കിവെച്ചെ അപൂര്‍വം ചിലരിലൊരാള്‍. പരേതനായ പി.കെ മൊയ്തീന്‍ എന്ന സിന്ദാബാദ് മൊയ്തീന്റെ സന്തതസഹചാരിയായി പാര്‍ട്ടിപ്രവര്‍ത്തനം ആരംഭിച്ച ഇദ്ദേഹം 1948ല്‍ മദ്രാസ് രാജാജിഹാളില്‍ മുസ്്്‌ലിംലീഗ് എന്ന് വിളിയുയര്‍പ്പോള്‍ സിന്താബാദ് മൊയ്തീനൊപ്പം പഴയലെക്കിടിയില്‍ ഹരിതപതാക ഉയര്‍ത്തി സിന്താബാദ് എന്ന് വിളിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ടെന്ന് സെയ്തുമുഹമ്മദ്ഹാജി ഈ ഉള്ളവനുമായി പങ്കുവെച്ചിട്ടുണ്ട്. തുടര്‍ന്നുള്ള നാളുകളില്‍ മരണംവരെയും മൊയ്തീന്‍സാഹിബുമായുള്ള ബന്ധം നിലനിര്‍ത്തിവന്ന ഇദ്ദേഹം താന്‍ മുന്‍കൈഎടുത്ത് നിര്‍മിച്ച ആധുനിക മുസ്്‌ലിംലീഗ് ഓഫീസിന് സിന്ദാബാദ് മൊയ്തീന്‍ സ്മാരകസൗധം എന്ന് നാമകരണം ചെയ്യാനും താല്‍പര്യം കാണിച്ചു. ഈ ഉള്ളവനുള്‍പ്പടെയുള്ള ടീമുകള്‍ 1972ല്‍ പത്തിരിപ്പാല ഗവ.ഹൈസ്‌കൂളില്‍ എം.എസ്.എഫ് രൂപീകരിക്കാന്‍ മുതിര്‍ന്നപ്പോള്‍ ആളിലും അര്‍ത്ഥത്തിലും താങ്ങും തണലുമായി നിലയുറപ്പിച്ച ഇദ്ദേഹം തുടര്‍ന്നുള്ള കാലങ്ങളില്‍ മുസ്്‌ലിംലീഗിന്റെ എല്ലാ പോഷകഘടകങ്ങള്‍ക്കും ആരോഗ്യംവകവെക്കാതെ ഒരുനിഴല്‍പോലെ നിലയുറപ്പിച്ചത് അക്ഷരാര്‍ത്ഥത്തില്‍ എക്കാലത്തും ഓര്‍ക്കപ്പെടുന്നതാണ്. സഹപ്രവര്‍ത്തകനും സമകാലികരും പി.സി എന്ന രണ്ടക്ഷരത്തില്‍ അഭിസംബോധനചെയ്യപ്പെട്ടിരുന്ന പി.സി സെയ്തുമുഹമ്മദ്ഹാജി നേരത്തെ സൂചിപ്പിച്ചതുപോലെ ആധുനികലീഗ് ഓഫീസിന്റെ ശല്‍പി, പഴയലെക്കിടിയില്‍ നിര്‍മിച്ചബൈത്തുല്‍റഹ്്മകളുടെ നെടുംതൂണ്‍, എം.യു മദ്രസ ഓഡിറ്റോറിയം നിര്‍മാണം, നിര്‍ധനരായ ഒട്ടനവധി യുവതികളുടെ വിവാഹത്തിനുള്ള വലിയപങ്ക്, നിര്‍ധനരായ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിനുള്ള ധനസഹായം, വിദ്യാഭ്യാസതല്‍പരയായ ഒരുവിദ്യാര്‍ഥിനിയുടെ ഡോക്ടര്‍ ബിരുദംവരെയുള്ള പഠനം ഏറ്റെടുക്കല്‍, അങ്ങനെ ചെറുതും വലുതുമായ ഒട്ടനവധി സേവനപ്രവര്‍ത്തനങ്ങള്‍, എന്തിനേറെ ജില്ലയില്‍ തന്നെ പ്രധാന സല്‍പ്രവര്‍ത്തനങ്ങള്‍ക്ക്് പി.സിയുടെ ഒരുവലിയ പങ്കുണ്ടായിരിക്കും. സിന്താബാദ് മൊയ്തീന്റെ നിര്യാണത്തിന് ശേഷം മുസ്്‌ലിംലീഗ് പാര്‍ട്ടിയുടെ മേഖലയിലെ പ്രവര്‍ത്തനത്തിന് തുടക്കംകുറിക്കുക മിക്കവാറും സെയ്തുമുഹമ്മദ്ഹാജിയുടെ ആഹ്വാനമനുസരിച്ചായിരിക്കും. മൂന്ന്് പതിറ്റാണ്ട് മുമ്പ്് ചന്ദ്രികദിനപത്രം ചന്ദ്രികദിനപത്രത്തിന്റെ ലേഖകന് ഏജന്‍സി തുടക്കംകുറിച്ചത് സയ്യിദ് മുഹമ്മദ്ഹാജിയുടെ ആശീര്‍വാദത്തോടെയാണ്.
അതോടൊപ്പം തന്നെ മേഖലയിലെ മുസ്്്‌ലിംലീഗ് പ്രവര്‍ത്തകരുള്‍പ്പടെ വലിയൊരു സമൂഹം തങ്ങളുടെ ഭാരം ഇറക്കിവെക്കാന്‍ സെയതുമുഹമ്മദ്ഹാജിയെ സമീപിക്കലും പതിവായിരുന്നു. 5 ഹജുകള്‍ ഭാര്യ ഖദീജയോടൊപ്പം നിര്‍വഹിച്ച ഇദ്ദേഹം നിലവിലെ നിയോജകമണ്ഡലം മുസ്്‌ലിംലീഗ് ജനറല്‍സെക്രട്ടറി പി.എ ഷൗക്കത്തലി ഉള്‍പ്പടെ ഒരു ഹജ്ജിന് കൂടി പോകണമെന്ന മോഹമുണ്ടെന്നതായും പങ്കുവെച്ചിരുന്നു. പക്ഷേ ആ മോഹം സാഫല്യമാകുന്നതിന് മുമ്പ് പ്രപഞ്ചനാഥന്റെ വിളിക്കുത്തരവ് നല്‍കി യാത്രയായി.

മുസ്‌ലിംലീഗ് അനുശോചിച്ചു
ഒറ്റപ്പാലം: മുസ്‌ലിംലീഗ് മുന്‍ ജില്ലാ സെക്രട്ടറി പി.സി സൈദ് മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ മുസ്‌ലിംലീഗ് അനുശോചിച്ചു. നിസ്വാര്‍ത്ഥനായ ഒരു പ്രവര്‍ത്തകനെയാണ് മുസ്്‌ലിംലീഗ് പാര്‍ട്ടിക്ക് നഷ്ടമായിരിക്കുന്നതെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് സി.എ.എം.എ കരീം അനുശോചനത്തില്‍ അഭിപ്രായപ്പെട്ടു. മാത്രമല്ല സെയ്തുമുഹമ്മദ്ഹാജിയുടെ ജീവിതശൈലി പുത്തന്‍ തലമുറക്ക്പാഠമാണെന്നും ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നീതിപുലര്‍ത്തുക എന്നത്് സെയ്തുമുഹമ്മദ്ഹാജിയുടെ മുഖമുദ്രയാണെന്നും അദ്ദേഹം പറഞ്ഞു.
മഹാനായ പ്രതിഭയായിരുന്നു സെയ്തുമുഹമ്മദ്ഹാജിയെന്ന് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുല്ല അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ സേവനം നിസ്തുലമായിരുന്നുവെന്നും കളത്തില്‍ പറഞ്ഞു. ഒരു രാഷ്ട്രീയഗുരുനാഥനെയാണ് തനിക്ക് നഷ്ടമായതെന്ന് ജില്ലാ ജനറല്‍സെക്രട്ടറി മരക്കാര്‍ മാരായമംഗലം അഭിപ്രായപ്പെട്ടു.
അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലി രാഷ്ട്രീയപ്രവര്‍ത്തനത്തിന് ഏറെ ഗുണം ലഭിച്ചിട്ടുണ്ടെന്ന് മരക്കാര്‍ പറഞ്ഞു. ആത്മാര്‍ത്ഥയുള്ള പ്രവര്‍ത്തകനെയാണ് ലീഗിന് നഷ്ടമായിരിക്കുന്നതെന്ന് ജില്ലാ ട്രഷറര്‍ പി.എ തങ്ങള്‍ പറഞ്ഞു. അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥതയും നിഷ്‌ക്കളങ്കതയും പാര്‍ട്ടി എന്നും ഓര്‍മിക്കുമെന്നും തങ്ങള്‍ പറഞ്ഞു. തന്റെ കമ്പനിയുടെ പുരോഗതിക്ക് ആവുന്നത്ര പ്രവര്‍ത്തിക്കുമ്പോഴും തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിലും ആനുകൂല്യങ്ങള്‍ യഥാവിധി നടപ്പിലാക്കുന്നതിലും ശ്രദ്ധചെലുത്തിയിരുന്നുവെന്ന് സീനിയര്‍വൈസ്പ്രസിഡന്റ് എം.എം ഹമീദ് അഭിപ്രായപ്പെട്ടു.
കുമരനല്ലൂര്‍: നിര്യാണത്തില്‍ മുസ്്‌ലിംലീഗ് ജില്ലാ വൈസ്പ്രസിഡന്റ് യു.ഹൈദ്രോസ്, സെക്രട്ടറി പി.ഇ.എ സലാം, പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി കെ.വി.മുസ്തഫ, മണ്ഡലം മുസ്‌ലിംലീഗ്  പ്രസിഡന്റ് എസ് എം കെ തങ്ങള്‍.തുടങ്ങിയവര്‍ അനുശോചിച്ചു.
പാലക്കാട്: മുസ്‌ലിംലീഗ് മുന്‍ ജില്ലാ സെക്രട്ടറി പി.സി സൈദ് മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ഗഫുര്‍ കോല്‍കളത്തില്‍, ജന.സെക്രട്ടറി പി.എം മുസ്തഫ തങ്ങള്‍ എന്നിവര്‍ അനുശോചിച്ചു. പുതു തലമുറയിലെ രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്ന അദ്ദേഹത്തിന്റെ പൊതുജീവിതമെന്നു അവര്‍ പറഞ്ഞു.

മുസ്‌ലിംലീഗ് ജില്ലാ ജനറല്‍സെക്രട്ടറി മരക്കാര്‍ മാരായമംഗലവും സീനിയര്‍വൈസ്പ്രസിഡന്റ് എം.എം ഹമീദും പതാക പുതപ്പിക്കുന്നു