പടന്നക്കാട് കോവിഡ് ആസ്പത്രി പ്രവര്‍ത്തനം തുടങ്ങി

പടന്നക്കാട്ടെ കോവിഡ് ആസ്പത്രി കെട്ടിടം

കാഞ്ഞങ്ങാട്: നീലേശ്വരം താലൂക്ക് ആസ്പത്രിയുടെ കീഴില്‍ പടന്നക്കാട് കോവിഡ് രോഗികള്‍ക്കായി കോവിഡ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. നേരത്തെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി സെന്ററായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ എന്ന പേരില്‍ ആസ്പത്രി തുറന്നത്.
ജില്ലയില്‍ വീണ്ടും കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുകയും ജില്ലാ ജനറല്‍ ആസ്പത്രികള്‍ കോവിഡ് രോഗികള്‍ക്ക് ചികിത്സ നല്‍കാത്ത ആസ്പത്രിയാക്കി മാറ്റുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. ഡോ. റോമി കലേശന്‍ ടിപിയുടെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ മെഡിക്കല്‍ സംഘം ഇവിടെയുണ്ട്. നീലേശ്വരം താലൂക്ക് ആസ്പത്രി സുപ്രണ്ട് ഡോ. ജമാല്‍ അഹമ്മദും നോഡല്‍ ഓഫിസര്‍ ഡോ. വി സുരേഷനും ആസ്പത്രി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ രാമദാസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സെന്റര്‍ തുടങ്ങിയത്. എന്‍എച്ച്എമ്മിന്റെ സഹായത്തോടു കൂടിയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. നാല്‍പതോളം പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ട്. നിലവില്‍ 25 രോഗികളാണ് ഇവിടെ കിടത്തി ചികിത്സിക്കുന്നത്.

ആദ്യ കേസ് ഡിസ്ചാര്‍ജായി
കാഞ്ഞങ്ങാട്: കോവിഡ് പോസിറ്റിവ് കേസുകള്‍ അഡ്മിറ്റ് ചെയ്യാന്‍ തയാറാക്കിയ പടന്നക്കാട്ടെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്ന് ആദ്യ കേസ് കോവിഡ് ടെസ്റ്റ് നെഗറ്റീവായി ആസ്പത്രി വിട്ടു. തുടര്‍ച്ചയായി രണ്ട് സ്രവ പരിശോധന നെഗറ്റീവായതോടെയാണ് ജൂണ്‍ നാലിന് അഡ്മിറ്റായ വലിയപറമ്പ് സ്വദേശിയെ കഴിഞ്ഞ ദിവസം ഡിസ്ചാര്‍ജ് ചെയ്തത്.