പാലക്കാട് ഗവ.മെഡിക്കല്‍ കോളജ് കോവിഡ് ആസ്പത്രിയാക്കും: മന്ത്രി

17
പാലക്കാട് ഗവ.മെഡിക്കല്‍ കോളജ്‌

പ്രതിപക്ഷ ആവശ്യം അംഗീകരിച്ചു

പാലക്കാട്: പ്രതിപക്ഷത്തിന്റെ ആവശ്യം അഗീകരിച്ച് ജില്ലയിലെ കോവിഡ് രോഗബാധിതര്‍ക്കായി പാലക്കാട് ഗവ. മെഡിക്കല്‍ കോളജ് കോവിഡ് ആശുപത്രിയാക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. നേരത്തെ ജില്ലാ ആസ്പത്രിയെ കോവിഡ് ആസ്പത്രിയാക്കാനും ഗവ.മെഡിക്കല്‍കോളജിലെ മറ്റുരോഗികള്‍ക്കുള്ള ആസ്പത്രിയാക്കാനുമായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ വി.കെ ശ്രീകണ്ഠന്‍ എം.പിയും ഷാഫി പറമ്പില്‍ എം.എല്‍.എയും സര്‍ക്കാര്‍ ഡോക്ടര്‍മാരും ഇതിനെ എതിര്‍ത്തതോടെയാണ് തീരുമാനം മാറ്റിയത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളനത്തിലാണ് മന്ത്രി എ.കെ ബാലന്‍ ഈ വിവരം അറിയിച്ചത്. മണപ്പുള്ളിക്കാവില്‍ പണിതീര്‍ന്നിരിക്കുന്ന മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്കാണ് കോവിഡ്‌കേന്ദ്രം മാറ്റുന്നത്. ജില്ലയിലെ കോവിഡ് രോഗികളെ നിലവില്‍ ജില്ലാ ആസ്പത്രിയിലും ചെര്‍പ്പുളശ്ശേരി മാങ്ങോടുള്ള സ്വകാര്യമെഡിക്കല്‍ കോളജിലും കല്ലേക്കാട് രാജീവ്ഗാന്ധി ആസ്പത്രിയിലുമാണ് ചികിത്സിക്കുന്നത്. മെഡിക്കല്‍കോളജ് ആസ്പ്ത്രിയുടെ ഉദ്ഘാടനം ഇനിയും നടന്നിട്ടില്ല. 100 എം.ബി.ബി.എസ് സീറ്റുള്ള മെഡിക്കല്‍ കോളജ് മാത്രമാണ് നിലവില്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത്. മുമ്പ്് പാലക്കാട് ജില്ലാ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കാന്‍ തീരുമാനിച്ചെങ്കിലും നിലവിലെ സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ ഫലപ്രദമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടം, ജില്ല മെഡിക്കല്‍ ഓഫീസ്, ജനപ്രതിനിധികള്‍, മാധ്യമ പ്രതിനിധികള്‍ തുടങ്ങിയവരുടെ നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്ത് ആരോഗ്യ മന്ത്രിയുമായി ചര്‍ച്ച ചെയ്തതിനു ശേഷമാണ് തീരുമാനമെടുത്തതെന്ന് മന്ത്രി അറിയിച്ചു.
കോവിഡ് പോസിറ്റീവ് ആയവരെ മാത്രമേ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കൂ. രോഗലക്ഷണങ്ങള്‍ ഉള്ളവരെ നിരീക്ഷണത്തിനായി മാങ്ങോട് കേരള മെഡിക്കല്‍ കോളെജ്, ഒറ്റപ്പാലം, മണ്ണാര്‍ക്കാട് എന്നീ താലൂക്കാസ്്്പത്രിയില്‍ പ്രവേശിപ്പിക്കും. ഇത്തരത്തില്‍ സംവിധാനം ഒരുക്കുമ്പോള്‍ നിലവില്‍ ജില്ലാശുപത്രിയിലുള്ള ആശങ്കയും പരിഹരിക്കപ്പെടും.
ഗവ. മെഡിക്കല്‍ കോളജിലേക്ക് കോവിഡ് രോഗികളെ മാറ്റുമ്പോള്‍ ഓക്‌സിജന്‍ കണക്ഷന്‍, ഐ.സി.യു, വെന്റിലേറ്റര്‍ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കുന്നതാണ്. അടിയന്തര സാഹചര്യമുണ്ടായാല്‍ രോഗികളെ പരിശോധിക്കുന്നതിനായി ജില്ലാസ്്്പത്രിയില്‍ പ്രത്യേക ബ്ലോക്ക് തന്നെ മാറ്റിവെയ്ക്കുമെന്ന് മന്ത്രി അറിയിച്ചു.
കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ മാറ്റം വരുത്താത്തതാണ് ജില്ലാ മെഡിക്കല്‍ ഓഫീസും സംസ്ഥാന ആരോഗ്യ വകുപ്പും നല്‍കുന്ന ജില്ലയിലെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടാവാന്‍ കാരണമെന്നും പട്ടിക പുതുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജില്ലാ കലക്ടര്‍ ഡി ബാലമുരളിയും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

യു.ഡി.എഫിന് അഭിമാനനിമിഷം
പാലക്കാട്: സംസ്ഥാനത്തെ ഏക പട്ടികജാതിവര്‍ഗ മെഡിക്കല്‍ കോളജായ പാലക്കാട് മെഡിക്കല്‍ കോളജ് ആസ്പത്രി കോവിഡ്‌കേന്ദ്രമാക്കുന്നത് ജില്ലക്ക് കോവിഡ്പ്രതിരോധത്തില്‍ അഭിമാനമാകുന്നു. 2014ല്‍ യു.ഡി.എഫ് സര്‍ക്കാരാണ് ജില്ലയില്‍ മെഡിക്കല്‍കോളജ് സ്ഥാപിച്ചത്. ഇതിനായി കഞ്ചിക്കോട് ഇന്ത്യന്‍ടെലിഫോണ്‍ ഇന്‍ഡസ്ട്രീസിന്റെ കീഴിലുള്ള കിഴക്കേയാക്കരയിലെ സ്ഥലം ഏറ്റെടുക്കുകയായിരുന്നു. 100 കിടക്കകളുള്ള ആസ്പത്രിയാണ് നിലവില്‍ പണികഴിപ്പിച്ചിട്ടുള്ളത്. 2017ല്‍ മെഡിക്കല്‍കോളജിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചിരുന്നു. 100 സീറ്റില്‍ 80സീറ്റുകളും പട്ടികജാതി വിഭാഗത്തിനാണ് സംവരണം ചെയ്തിട്ടുള്ളത്. മൂന്നാമത്തെ ബാച്ചാണ് നിലവിലുള്ള എം.ബി.ബി.എസ് ബാച്ച്.
മൂന്നുവര്‍ഷംമുമ്പ് ആരംഭിച്ച ആസ്പത്രി നിര്‍മാണത്തിന്റെ ഒരുബ്ലോക്കിലാണ് കോവിഡ് രോഗികളെ ചികിത്സിക്കാനായി തീരുമാനിച്ചിട്ടുള്ളത്. മൂന്നേക്കര്‍വരുന്ന സ്ഥലത്ത് മൂന്ന് ബ്ലോക്കുകളാണ് നിലവില്‍ പണികഴിപ്പിച്ചിട്ടുള്ളത്. രോഗികള്‍ക്കും ബന്ധുക്കള്‍ക്കും മെഡിക്കല്‍കോളജിലെത്തുന്നതിന് നിലവില്‍ യാത്രാസൗകര്യം കുറവാണ്. അതുകൊണ്ടാണ് തത്ക്കാലത്തേക്ക് ഒ.പി വിഭാഗം ഒഴിവാക്കുന്നത്. പണിപൂര്‍ത്തിയായ ശേഷം അടുത്തവര്‍ഷത്തോടെ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് കോവിഡ്‌കേന്ദ്രമായി മെഡിക്കല്‍കോളജിനെ പ്രഖ്യാപിച്ചത്. മെഡിക്കല്‍ കോളജിനോടനുബന്ധിച്ച് ഒന്നര ഏക്കറോളം സ്ഥലത്ത് ഷാഫി പറമ്പില്‍ എം.എല്‍.എയുടെ ശ്രമഫലമായി സിന്തറ്റിക് ട്രാക്കും നിര്‍മിച്ചിട്ടുണ്ട്. കോവിഡ് രോഗികളെ ഇവിടേക്ക് മാറ്റുന്നതോടെ ജില്ലാ ആസ്പത്രിയിലെ മറ്റുരോഗികളുടെ ചികിത്സ സുഗമമാക്കാന്‍ കഴിയും. അതേസമയം വെന്റിലേറ്റര്‍സൗകര്യങ്ങള്‍ മറ്റും ഇല്ലാത്തതിനാല്‍ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളെ തല്‍ക്കാലത്തേക്ക് ജില്ലാ ആസ്പത്രിയില്‍ തന്നെ ചികിത്സിക്കും.