തുല്യത ഉറപ്പുവരുത്താത്ത വിദ്യാഭ്യാസ പരിഷ്‌കരണം; എം.എസ്.എഫ് ഡി.ഡി.ഇ ഓഫീസ് ഉപരോധിച്ചു

എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറെ ഉപരോധിക്കുന്നു

പാലക്കാട്: വിദ്യാഭ്യാസ മേഖലയില്‍ സൗകര്യങ്ങള്‍ ഉറപ്പുവരുത്താതെ നടത്തുന്ന ഏകപക്ഷീയമായ പരിഷ്‌കാരങ്ങള്‍ സര്‍ക്കാര്‍ തിരുത്തണമെന്നാവശ്യപ്പെട്ട് ജില്ലാ എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.ഡി.ഇ ഓഫീസ് ഉപരോധിച്ചു. ഓണ്‍ലൈന്‍പഠനം നടപ്പിലാക്കുമ്പോള്‍ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന മൂന്നുലക്ഷത്തിലധികം വരുന്ന വിദ്യാര്‍ത്ഥികളുടെ പഠനത്തെയാണ് ബാധിക്കുന്നതെന്നും ഇത് വിദ്യാര്‍ത്ഥികളോടുള്ള വിവേചനമാണെന്നും എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഷറഫുദ്ദീന്‍പിലാക്കല്‍ കുറ്റപ്പെടുത്തി. തുല്യത ഉറപ്പുവരുത്താതെയുള്ള സര്‍ക്കാറിന്റെ നയങ്ങള്‍ രണ്ടുതരത്തിലുള്ള വിദ്യാര്‍ത്ഥികളെയാണ് സൃഷ്ടിക്കുന്നത്. വിദ്യഭ്യാസം വിദ്യാര്‍ത്ഥികളുടെ മൗലികാവകാശമാണ്. ഉയര്‍ന്ന ജീവിതനിലവാരമുള്ളവര്‍ക്ക് മാത്രം വിദ്യഭ്യാസം എത്തിപ്പെടുന്ന പുതിയ പരിഷ്‌കാരങ്ങളാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നത് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും മുദ്രവാക്യവിളികളുമായി ഒരുമണിക്കൂറോളം ജില്ലാ വിദ്യഭ്യാസ ഓഫീസറെ ഉപരോധിച്ചു. ഉപരോധത്തിന് നേതൃത്വം നല്‍കിയ എം.എസ്.എഫ് സംസ്ഥാന വൈസ്പ്രസിഡണ്ട് ഷറഫുദ്ദീന്‍ പിലാക്കല്‍, എം.എസ്. എഫ് സംസ്ഥാന സെക്രട്ടറി കെ.എം ഷിബു, ജില്ലാ ഭാരവാഹികളായ ബിലാല്‍ മുഹമ്മദ്, പി.കെ.എം ഷഫീഖ്, അജ്മല്‍ റാഫി, ഫാറൂഖ് പനംകുറ്റിയില്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.