പ്രവാസി അവഗണന: യൂത്ത്‌ലീഗ് നിയമലംഘനസമരം നടത്തി

പ്രവാസികളെ സഹായിക്കുന്നതില്‍ കേരള -സംസ്ഥാനസര്‍ക്കാറുകള്‍ കാണിക്കുന്ന അനാസ്ഥക്കെതിരെ യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പാലക്കാട് കലക്ടറേറ്റ് ഉപരോധം ജില്ലാ പ്രസിഡന്റ് ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: കോവിഡ് പ്രതിസന്ധിയില്‍ അകപ്പെട്ട മലയാളികളായ പ്രവാസികളെ സഹായിക്കുന്നതില്‍ കേരള കേരള സര്‍ക്കാറുകള്‍ കാണിക്കുന്ന അനാസ്ഥക്കെതിരെ യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലക്കാട് കലക്ട്രേറ്റ് ഉപരോധിച്ചുകൊണ്ട് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ നിയമ ലംഘന സമരം നടത്തി. ദുരിതത്തിലകപ്പെട്ട പ്രവാസികളെ ഉടന്‍ നാട്ടിലെത്തിക്കുക, കോവിഡ് ബാധിച്ചു മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് ആശ്വാസധനം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.ലോക്ക്ഡൗണ്‍ മൂലം കുടുങ്ങിപ്പോയ പ്രവാസികളെ ഫ്‌ളൈറ്റുകള്‍ ഷെഡ്യൂള്‍ ചെയ്ത് തിരികെ കൊണ്ടു വരാന്‍ മടി കാണിക്കുന്ന സര്‍ക്കാര്‍ രണ്ടര ലക്ഷം പ്രവാസികളെ ക്വാറന്റൈന്‍ ചെയ്യാന്‍ എല്ലാ സൗകര്യങ്ങളുമാരുക്കി എന്നു പ്രഖ്യാപിച്ചത് പച്ചക്കള്ളമാണെന്നു വ്യക്തമായിരിക്കുകയാണ്. പ്രവാസികള്‍ ക്വാറന്റൈന്‍ ചെലവ് വഹിക്കണമെന്ന് പറഞ്ഞതും നോര്‍ക്കയില്‍ അപേക്ഷ നല്‍കിയവര്‍ക്ക് അടിയന്തിര സഹായമായി അയ്യായിരം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ച തുക വിതരണം ചെയ്യാത്തതും സര്‍ക്കാറിന്റെ പ്രവാസി ദ്രോഹ നയമാണ് തെളിയിച്ചതെന്നും സമരക്കാര്‍ ആരോപിച്ചു. പ്രവാസി വെല്‍ഫയര്‍ ഫണ്ടില്‍ നിന്ന് എന്ത് കൊണ്ടാണ് ദുരിതമനുഭവിക്കുന്ന പ്രവാസികളെ സഹായിക്കാന്‍ പണമനുവദിക്കണമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും എന്ത് കൊണ്ടാണ് പാവപ്പെട്ട പ്രവാസികള്‍ക്ക് പണമനുവദിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും വാചകക്കസര്‍ത്ത് നിര്‍ത്തിപ്രവാസികള്‍ക്കായ പ്രത്യേകം പാക്കേജ് പ്രഖ്യാപിച്ചു നടപ്പാക്കാന്‍ തയ്യാറാവണം. കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ പ്രവാസികള്‍ കേരളത്തിന് ദുരിതമുണ്ടാകുമ്പോള്‍ കയ്യയച്ച് സഹായിച്ചത് സര്‍ക്കാര്‍ വിസ്മരിക്കരുതെന്നും അവര്‍ക്കൊരു ദുരിതം വന്നപ്പോള്‍ ആട്ടിയകറ്റുന്നത് നന്ദികേടാണെന്നും യൂത്ത് ലീഗ് കുറ്റപ്പെടുത്തി.ഉപരോധ സമരം യൂത്ത്‌ലീഗ് ജില്ലാ പ്രസിഡണ്ട് ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു. ജന.സെക്രട്ടറി പി.എം മുസ്തഫ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ റിയാസ് നാലകത്ത്, സീനിയര്‍ വൈസ് പ്രസിഡണ്ട് കെ.പി.എം സലിം ,ഭാരവാഹികളായ മാടാല മുഹമ്മദലി, സൈദ് മീരാന്‍ ബാബു, നൗഷാദ് വെള്ളപ്പാടം, അഡ്വ.നൗഫല്‍ കളത്തില്‍, എച്ച്.അബ്ബാസ്, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി കെ.എം ഷിബു പ്രസംഗിച്ചു.നസീര്‍ തൊട്ടിയാന്‍, നിസാര്‍ അസീസ്, ഷമീര്‍ ബാവ, ആഷിഖ് തത്തമംഗലം, അമാനുള്ള പുതുനഗരം, ഷമീര്‍ തൊട്ടിയാന്‍, മുബീര്‍, ഫിറോസ് മേപ്പറമ്പ്, ഹിദായത്തുള്ള മാസ്റ്റര്‍, ഖാദര്‍ കല്ലടിക്കോട് നേതൃത്വം നല്‍കി.