ഒടുവില്‍ പഞ്ചായത്ത് പ്രസിഡന്റ് തന്നെ മാലിന്യങ്ങള്‍ നീക്കി

കരുവാരകുണ്ട് കോവിഡ് കെയര്‍ സെന്ററിലെ മാലിന്യങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ഷൗക്കത്തലി നീക്കം ചെയ്യുന്നു

കരുവാരകുണ്ട്: പ്രവാസികള്‍ക്കായി ഒരുക്കിയ കോവിഡ് കെയര്‍ സെന്ററിലുണ്ടായിരുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ നേതൃത്വം കൊടുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാതൃകയായി. കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഷൗക്കത്തലിയാണ് കോവിഡ് കെയര്‍ സെന്ററിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ നേതൃത്വം വഹിച്ചത്. കരുവാരകുണ്ട് നജാത്ത് കോളജ് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് കെയര്‍ സെന്ററില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്തിരുന്നത് ടോമാകെയര്‍ വളണ്ടിയര്‍മാരായിരുന്നു. ചിലയാളുകള്‍ ഇവരെ പിന്തിരിപ്പിച്ചതോടെയും പുതിയ തൊഴിലാളികള്‍ എത്താതിരുന്നതിനെത്തുടര്‍ന്നുമാണ് പ്രസിഡന്റും സന്നദ്ധനായ വ്യക്തിയും ചേര്‍ന്ന് തന്നെ മാലിന്യങ്ങള്‍ നീക്കം ചെയ്തത്. ഇതരസംസ്ഥാനത്ത് നിന്ന് എത്തിയവരെ കൂടാതെ വിദേശത്തുനിന്ന് എത്തിയ വരെകൂടി നജാത്ത് കോളജിലെ കോവിഡ് കെയര്‍ സെന്റര്‍ നിരീക്ഷണത്തില്‍ താമസിപ്പിക്കാന്‍ ആരംഭിച്ചതോടെ കൂടുതല്‍ ആളുകള്‍ക്ക് വേണ്ട മുഴുവന്‍ സജ്ജീകരണങ്ങളും ഗ്രാമപഞ്ചായത്ത് മുന്‍കൈയെടുത്ത് ഒരുക്കിയിരുന്നു. എന്നാല്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ രണ്ടുദിവസമായി തൊഴിലാളികള്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് പകരം തൊഴിലാളികളെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും വൈകിയത് കൊണ്ടാണ് പ്രസിഡന്റു തന്നെ മാലിന്യം നീക്കം ചെയ്യാന്‍ നേതൃത്വം കൊടുത്തത്. ശുചീകരണത്തൊഴിലാളിക്കൊപ്പമാണ് മാലിന്യം നീക്കം ചെയ്തത്. സമീപ പ്രദേശങ്ങളെക്കാള്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന കരുവാരക്കുണ്ടിലെ കോവിഡ് കെയര്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ഒരു വിഭാഗം ശ്രമിക്കുന്നത് നാട്ടുകാര്‍ തന്നെ പരാജയപ്പെടുത്തിയെന്നും പ്രസിഡന്റ് പറഞ്ഞു.