പെരിന്തല്‍മണ്ണ സി.എച്ച് സെന്ററിനെ സഹായിക്കുക: ഹൈദരലി തങ്ങള്‍

പെരിന്തല്‍മണ്ണ സി.എച്ച് സെന്ററിന് ലഭിച്ച സാമ്പത്തിക സഹായം ജനറല്‍ സെക്രട്ടറി അഡ്വ. എ.കെ മുസ്തഫ മുഖ്യരക്ഷാധികാരി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് കൈമാറുന്നു

മലപ്പുറം: കേരളത്തില്‍ ജീവകാരുണ്യ സേവന പ്രവര്‍ത്തനരംഗത്ത് തുല്യതയില്ലാത്ത പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്ന സി.എച്ച്. സെന്ററുകളുടെ ഭാഗമായി പെരിന്തല്‍മണ്ണ ആസ്ഥാനമായി തുടക്കംകുറിക്കാന്‍ പോകുന്ന സി.എച്ച്. സെന്ററിന് ആവശ്യമായ പിന്തുണയും സഹകരണവും നല്‍കണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. ആസ്പത്രികളുടെ നഗരമായ പെരിന്തല്‍മണ്ണയെ ആശ്രയിക്കുന്ന പരിസരപ്രദേശങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് രോഗികള്‍ക്ക് അത്താണിയാകും വിധം പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന പെരിന്തല്‍മണ്ണയിലെ സി.എച്ച്. സെന്ററിന് എല്ലാ വിഭാഗം മനുഷ്യ സ്‌നേഹികളുടെയും പിന്തുണ തങ്ങള്‍ ആവശ്യപ്പെട്ടു. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തില്‍ ഇന്നലെ ജില്ലാ ലീഗ് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ഒരു അഭ്യുദയകാംക്ഷി നല്‍കിയ ആദ്യത്തെ സാമ്പത്തിക സഹായം ജനറല്‍ സെക്രട്ടറി അഡ്വ. എ.കെ. മുസ്തഫ മുഖ്യരക്ഷാധികാരി കൂടിയായ ഹൈദരലി തങ്ങള്‍ക്ക് കൈമാറി. സി.എച്ച്. സെന്ററിന്റെ രക്ഷാധികാരിയായി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയെയും വൈസ് പ്രസിഡന്റായി അഡ്വ. നാലകത്ത് സൂപ്പിയേയും തെരഞ്ഞെടുത്തു. പ്രസിഡന്റ് കെ.പി.എ. മജീദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, പി.വി. അബ്ദുല്‍ വഹാബ് എം.പി, എം.പി. അബ്ദുസ്സമദ് സമദാനി, ഡോ. എം.കെ. മുനീര്‍ എം.എല്‍. എ, മഞ്ഞളാംകുഴി അലി എം.എല്‍. എ, നാലകത്ത് സൂപ്പി, എം.എസ്. അലവി, റഷീദ് ആലായന്‍, പച്ചീരി ഫാറൂഖ്, ജനറല്‍ സെക്രട്ടറി അഡ്വ. എ.കെ. മുസ്തഫ പ്രസംഗിച്ചു.