പിണറായി സര്‍ക്കാറിന്റേത് പ്രവാസികളെ കൊലക്ക് കൊടുക്കുന്ന നിലപാട്: കുവൈത്ത് കെഎംസിസി

കുവൈത്ത് സിറ്റി: കേരളത്തിലേക്ക് പ്രവാസികള്‍ എത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചതായ കേന്ദ്ര മന്ത്രിയുടെ വെളിപ്പെടുത്തല്‍ പ്രവാസികളെ കൊലക്ക് കൊടുക്കുന്ന നിലാപാടാണെന്ന് കുവൈത്ത് കെഎംസിസി കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. തക്കം കിട്ടുമ്പോഴൊക്കെ പ്രസ്താവനകളിലൂടെ പ്രലോഭിപ്പിച്ച് പ്രവാസികളെ കൊള്ളയടിക്കുന്ന ഇടതുപക്ഷ സര്‍ക്കാറിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ വെളിവായതെന്നും കുവൈത്ത് പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്തും ജന.സെക്രട്ടറി എം.കെ അബ്ദുല്‍ റസാഖ് പേരാമ്പ്രയും വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
ഗള്‍ഫ് നാടുകളിലെ ലോക്ക്ഡൗണ്‍ കാരണം പാവപ്പെട്ട പ്രവാസികള്‍ അവരുടെ ജോലി നഷ്ടപ്പെട്ട്, വേതനമില്ലാതെയും ഭക്ഷണത്തിനോ താമസ വാടകക്കോ പണമില്ലാതെയും പത്തും പതിനഞ്ചും പേരുള്ള മുറികളില്‍ ഏത് നിമിഷവും കോവിഡ് ബാധയേല്‍ക്കാമെന്ന ഭയത്താല്‍ പ്രയാസപ്പെടുമ്പോള്‍ അത് കണ്ടില്ലെന്ന് നടിക്കുന്നത് മനുഷ്യത്വ രഹിതവും പ്രതിഷേധാര്‍ഹവുമാണെന്നും അത് കേരളം പോലുള്ള പ്രബുദ്ധ സംസ്ഥാനത്തിന് ചേര്‍ന്നതല്ലെന്നും ഇരുവരും പറഞ്ഞു. പ്രവാസികളെ സഹായിക്കാന്‍ ഉത്തരവാദപ്പെട്ട ഇരു സര്‍ക്കാറുകളും അതിന് മടിക്കുമ്പോള്‍ കെഎംസിസി പോലുള്ള സന്നദ്ധ സംഘടനകള്‍ വിമാന ചാര്‍ട്ടര്‍ ചെയ്ത് പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള നടപടികളെല്ലാം പൂര്‍ത്തീകരിച്ച് അന്തിമ ഘട്ടത്തിലെത്തിയപ്പോള്‍ അതിനും തുരങ്കം വെക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് വഞ്ചനാപരമാണെന്നും കുവൈത്ത് കെഎംസിസി നേതാക്കള്‍ പറഞ്ഞു.