ദുബൈ: അനാസ്ഥയും കെടുകാര്യസ്ഥതയും കൊണ്ടു മാത്രം നഷ്ടം സംഭവിക്കുന്ന വൈദ്യുതി ബോര്‍ഡിനെ സഹായിക്കാന്‍ വേണ്ടി പിണറായി സര്‍ക്കാര്‍ ഈ കോവിഡ് കാലത്തും ജനങ്ങളെ കൊള്ളയടിക്കുന്ന ബില്ലാണ് നല്‍കിയിരിക്കുന്നതെന്നും പ്രവാസികളുടെ കുടുംബങ്ങളടക്കമുള്ളവരെ ഇരട്ട ഷോക്കടിപ്പിക്കുന്നതാണിതെന്നും ഇന്‍കാസ് ഇന്‍കാസ് യുഎഇ കമ്മിറ്റി ജന.സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി. ബസ് ചാര്‍ജ് കൂട്ടിയതിനിടക്കാണ് വൈദ്യുതിക്ക് കൂടിയ നിരക്ക് അടിച്ചേല്പ്പിച്ചതെന്നതും ലോക്ക്ഡൗണും കടുത്ത സാമ്പത്തിക പ്രതിസന്ധിയും മൂലം ആളുകള്‍ കുടുതല്‍ പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴാണ് ഈ വര്‍ധനയെന്നും അദ്ദേഹം പറഞ്ഞു. ഇതേറ്റവും കൂടുതല്‍ ബാധിച്ചത് സാധാരണക്കാരെയും പ്രവാസികളെയുമാണ്. മൊത്തം 1.37 കോടി ഉപയോക്താക്കളില്‍ വലിയൊരു വിഭാഗം പാവപ്പെട്ടവരാണ്. 240 യൂണിറ്റില്‍ താഴെ ഉപയോഗിക്കുന്ന ഇവര്‍ക്ക് സബ്സിഡി നിരക്കാണ് ഏര്‍പ്പെടുത്തിയിരുന്നത്.
എന്നാല്‍ കോവിഡ് മൂലം റീഡിംഗ് എടുക്കാന്‍ വൈകിയതുകൊണ്ട് പാവപ്പെട്ടവരുടെ വൈദ്യുതി ഉപയോഗം 240 യൂണിറ്റിന് മുകളിലാവുകയും സബ്സിഡി നഷ്ടപ്പെട്ടവര്‍ക്ക് കൂടിയ നിരക്കിലുള്ള വൈദ്യുതി ചാര്‍ജ് അടക്കേണ്ടി വരികയും ചെയ്തിരിക്കുകയാണ്. മറ്റു സ്ളാാബുകളിലുള്ളവര്ക്കും കൂടിയ സ്ളാബുകളിലുള്ള നിരക്കില്‍ വൈദ്യുതി നിരക്ക് അടക്കേണ്ടി വന്നു. ലോക്ക്ഡൗണ്‍ കാലത്ത് ശരാശരി ബില്‍ തുക കൂട്ടിയപ്പോഴും നിരവധി പേര്‍ക്ക് സബ്സിഡി നഷ്ടപ്പെടുകയും അവര്‍ കൂടിയ സ്ളാബുകളിലേക്ക് മാറുകയും ചെയ്തു. ബോര്‍ഡ് റീഡിംഗ് എടുക്കാന്‍ വൈകിയതിന്റെ ശിക്ഷ ലഭിച്ചത് പാവപ്പെട്ടവര്‍ക്കാണ്. കംപ്യൂട്ടറില്‍ ബില്‍ റീസെറ്റ് ചെയ്ത് അനായാസം പരിഹരിക്കാവുന്ന പ്രശ്നമാണിതെന്നും കോവിഡ് മൂലം 600 രൂപ വിലവരുന്ന പച്ചക്കറി കിറ്റ് സൗജന്യമായി തന്നപ്പോള്‍ ഇത്ര വലിയ ഒരു വഞ്ചന പിണറായി സര്‍ക്കാര്‍ കാട്ടുമെന്ന് പ്രതീക്ഷിച്ചില്ലെന്നും പുന്നക്കന്‍ മുഹമ്മദലി അഭിപ്രായപ്പെട്ടു.