പ്രവാസി ദ്രോഹത്തിനെതിരെ മുസ്‌ലിംലീഗ് പ്രതിഷേധം

പ്രവാസി അവഗണനക്കെതിരെ മുസ്‌ലിംലീഗ് മഞ്ചേരി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഞ്ചേരി ടൗണില്‍ നടത്തിയ പ്രതിഷേധ സംഗമം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു.എ ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: പ്രവാസികളുടെ നാട്ടിലെത്താനുള്ള അവകാശങ്ങള്‍ നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാറിനെതിരെ ജില്ലയില്‍ പ്രതിഷേധമിരമ്പി. മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പഞ്ചായത്ത്, മുനിസിപ്പല്‍ തലങ്ങളിലാണ് പ്രതിഷേധ പരിപാടികള്‍ നടന്നത്. വിമാനങ്ങള്‍ അനുമതി നിഷേധിച്ചതുള്‍പ്പെടെ പ്രവാസികളോട് സര്‍ക്കാര്‍ കാണിച്ച ക്രൂരതകളെല്ലാം പൊതുജന മധ്യത്തില്‍ തുറന്നുകാട്ടാന്‍ പ്രതിഷേധ പരിപാടിയിലൂടെ സാധിച്ചു. പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള പദ്ധതികളെ തുടക്കം മുതല്‍ തുരങ്കംവെച്ച ഇടതു സര്‍ക്കാറിനെ ശക്തമായ പ്രതിഷേധമാണ് സംഗമങ്ങളിലുയര്‍ന്നത്.
മുസ്്‌ലിംലീഗ് ദേശീയ, സംസ്ഥാന, ജില്ലാ നേതാക്കാള്‍ വിവിധ കേന്ദ്രങ്ങളില്‍ പങ്കെടുത്തു. ചാര്‍ട്ടര്‍ വിമാനങ്ങളില്‍ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് ഈ മാസം 20 മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതുള്‍പ്പെടെയുള്ള ക്രൂര നിലപാടുകള്‍ക്കെതിരെയാണ് പ്രതിഷേധവുമായി മുസ്‌ലിംലീഗ് രംഗത്തെത്തിയത്. വന്ദേ ഭാരത് മിഷന്‍ പദ്ധതിയിലൂടെ വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കോവിഡ് പരിശോധന ബാധകമല്ലെന്നു പറയുകയും മറ്റു വിമാനങ്ങള്‍ക്ക് ഇത് നിര്‍ബന്ധമാക്കുയും ചെയ്യുന്നതിന് പിന്നില്‍ പ്രവാസികളുടെ മടക്കം തടയാനുള്ള ഗൂഢാലോചനയാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.
കേന്ദ്ര സര്‍ക്കാരിന്റെ വന്ദേ ഭാരത് വഴി മതിയായ വിമാനങ്ങള്‍ ഏര്‍പ്പെടുത്തി ജോലിയും കൂലിയുമില്ലാതെ കോവിഡ് ഭീഷണിയില്‍ കഷ്ടപ്പെടുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് കെ.എം.സി.സി ഉള്‍പ്പെടെയുള്ള പ്രവാസി സംഘടനകള്‍ ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങിയത്. എംബസിയിലും നോര്‍ക്കയിലും രജിസ്റ്റര്‍ ചെയ്ത് മാസങ്ങളായി കാത്തുനില്‍ക്കുന്ന, ജോലിയില്‍ നിന്ന് പിരിച്ചു വിട്ടവരും ഗര്‍ഭിണികളും രോഗികളും വിസാ കാലാവധി കഴിഞ്ഞവരും ഉള്‍പ്പെടെ നാട്ടിലെത്തേണ്ട പ്രവാസികളുടെ നിരന്ത ആവശ്യപ്രകാരമായിരുന്നു ഇത്. ചാര്‍ട്ടര്‍ വിമാനങ്ങള്‍ വഴി വരുന്നവര്‍ക്ക് ടെസ്റ്റ് വേണമെന്നും, വന്ദേ ഭാരത് വഴി വരുന്നവര്‍ക്ക് ടെസ്റ്റ് വേണ്ടായെന്നുമുള്ള തീരുമാനത്തിലെ യുക്തി എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. സന്നദ്ധ സംഘടനകള്‍ ചാര്‍ട്ടര്‍ ചെയ്യുന്ന വിമാനങ്ങളെ സ്വീകരിക്കാന്‍ തയാറല്ലെങ്കില്‍ ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് പകരം അത്രയും വിമാനങ്ങള്‍ വന്ദേ ഭാരത് മിഷന്‍ വഴി ഷെഡ്യൂള്‍ ചെയ്ത് കോവിഡ് ടെസ്റ്റില്ലാതെ തന്നെ പ്രവാസികളെ കൊണ്ടുപോകാന്‍ സര്‍ക്കാര്‍ തയാറാവണം. രണ്ടര ലക്ഷം ക്വാറന്റൈന്‍ സൗകര്യ റെഡിയെന്ന് പറഞ്ഞ പ്രവാസികളെ വഞ്ചിച്ച സര്‍ക്കാര്‍ സ്വപ്രയത്‌നം കൊണ്ടും മറ്റുള്ളവരുടെ സഹായത്താലും നാടണയാനിരക്കുമ്പോള്‍ അതിന് അള്ളുവെക്കുന്ന നിലപാട് പ്രതിഷേധാര്‍ഹമാണ്. പാവപ്പെട്ട പ്രവാസികളെ മരണത്തിനു വിട്ടുകൊടുക്കാതെ ഏറ്റവും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികളാണ് വേണ്ടത്. സര്‍ക്കാര്‍ ഉടന്‍ പുനര്‍ വിചിന്തനം നടത്തി തീരുമാനം പിന്‍വലിക്കണമെന്നും പ്രതിഷേധ സംഗമങ്ങള്‍ ആവശ്യപ്പെട്ടു. പ്രവാസികളും അവരുടെ കുടുംബങ്ങളും പ്രതിഷേധ പരിപാടിക്ക് പിന്തുണയുമായെത്തി.


പ്രവാസികളോടുള്ള സര്‍ക്കാര്‍ നയം ഇരട്ട നീതിയുടെ കേരള മോഡല്‍: സാദിഖലി തങ്ങള്‍
മലപ്പുറം: പ്രവാസികള്‍ നാട്ടിന്റെ നട്ടെല്ലാണെന്നു പറയുകയും പിന്നാമ്പുറത്ത് അവര്‍ക്ക് നാട്ടിലെത്താനുള്ള എല്ലാ വഴികളും അടക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ഈ ഇരട്ടത്താപ്പ് നിര്‍ത്താന്‍ സര്‍ക്കാര്‍ തയാറാവണമെന്നും മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആവശ്യമായ രീതിയില്‍ യാത്രാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തത് കാരണമാണ് സാമൂഹിക സംഘടനകള്‍ക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വന്നത്. അവയിലെ യാത്രക്കാര്‍ക്ക് പ്രത്യേക വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുന്നത് ഇരട്ട നീതിയുടെ കേരള മോഡലാണ്. സ്വന്തം പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ട സര്‍ക്കാര്‍ ആവശ്യമായ യാത്രാ സംവിധാനം ഇപ്പോഴും ഏര്‍പ്പെടുത്തുന്നില്ല. ഇത് കാരണം സങ്കീര്‍ണ നിയമനൂലാമാലകള്‍ തരണം ചെയ്തശേഷമാണ് സാമൂഹിക സംഘടനകള്‍ക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ അനുമതി ലഭിക്കുന്നത്. ഇതിനിടയിലാണ് വന്ദേ ഭാരത് മിഷന്‍ വിമാനങ്ങളില്‍ വരുന്നവരെ ഒഴിവാക്കി ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് മാത്രം കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കി കേരള സര്‍ക്കാര്‍ തീരുമാനം വന്നിരിക്കുന്നത്. ഇത്
പ്രവാസികളോട് കാണിക്കുന്ന കടുത്ത വിവേചനവും അനീതിയുമാണ്. 200 ലധികം പ്രവാസി മലയാളികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രം കോവിഡ് ബാധിച്ച് മരിച്ചിട്ടും ഒരു അനുശോചനം പോലും അറിയിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ പാവം പ്രവാസികളുടെ ജീവന്‍ വെച്ച് രാഷ്ട്രീയം കളിക്കരുതെന്നും പ്രവാസികളെ മനുഷ്യരായി കാണണമെന്നും തങ്ങള്‍ പറഞ്ഞു. മലപ്പുറത്ത് നടന്ന പ്രതിഷേധ പരിപാടിയിലാണ് തങ്ങള്‍ പങ്കെടുത്തത്.

പ്രവാസികളോട് ക്രൂരമായി പെരുമാറുന്നു: അഡ്വ. യു.എ ലത്തീഫ്

മലപ്പുറം: പ്രതിസന്ധി ഘട്ടത്തില്‍ പ്രവാസികളോട് സര്‍ക്കാര്‍ കാണിക്കുന്ന നീതികേട് ന്യായീകരിക്കാനാവാത്തതാണെന്ന് മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു.എ ലത്തീഫ്. ജീവിത സാഹചര്യം മെച്ചപ്പെടുത്തുവാനുള്ള അധ്വാനം നാടിന്റെ പുരോഗതിക്ക് കൂടി മുതല്‍കൂട്ടാക്കിയവരാണെന്ന് പ്രവാസികളെന്ന് വാതോരാതെ പറഞ്ഞു കൊണ്ടിരുന്ന സര്‍ക്കാര്‍ അതേ പ്രവാസികളോട് ക്രൂരമായി പെരുമാറുന്ന സാഹചര്യമാണുള്ളത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിബന്ധന ഒരു പ്രവാസിക്കുപോലും സഊദിയില്‍നിന്ന് നാടണയാന്‍ സാധിക്കാത്ത വിധം തുരങ്കം വെക്കുന്നതാണ്.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ ഒന്നും തന്നെ ഇത്തരം തീരുമാനം എടുത്തിട്ടില്ല എന്നിരിക്കെ കേരള സര്‍ക്കാര്‍ എടുത്ത തീരുമാനം പിന്‍വലിക്കുകയോ കൂടുതല്‍ വിമാന സര്‍വീസുകള്‍ സര്‍ക്കാര്‍ തന്നെ ആരംഭിക്കുകയോ ചെയ്യണം. ക്വാറന്റൈന്‍ സൗകര്യമൊരുക്കുന്ന കാര്യത്തിലും ജാഗ്രത വര്‍ധിപ്പിക്കണം.
പ്രവാസികള്‍ക്ക് സൗജന്യ കാറന്റൈന്‍ നല്‍കണം. കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാനം നേടിയെടുത്ത മുഖഛായ നിലനിര്‍ത്താനുള്ള വ്യഗ്രതയുടെ ഭാഗമാണ് മേല്‍പറഞ്ഞതെങ്കില്‍ സാമൂഹ്യവ്യാപനത്തിനു തടയിടാനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയായിരുന്നു സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.