പ്രവാസി ദ്രോഹത്തിനെതിരെ മുസ്‌ലിംലീഗ് പ്രതിഷേധ സംഗമങ്ങള്‍

പ്രവാസി ദ്രോഹത്തിനെതിരെ മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ സംഗമം മലപ്പുറത്ത് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യുന്നു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.ഉബൈദുല്ല എം.എല്‍.എ സമീപം

കോഴിക്കോട്: പ്രവാസികളെ ശത്രുക്കളായി കണ്ട് നാട്ടില്‍ വരുന്നത് തടഞ്ഞും എത്തുന്നവരെ പിടിച്ചു പറിച്ചും നടത്തുന്ന ദ്രോഹങ്ങള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിംലീഗ് പഞ്ചായത്ത്, മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍ നടത്തിയ പ്രതിഷേധ സംഗമങ്ങള്‍ താക്കീതായി. കോര്‍പ്പറേഷനുകളില്‍ മേഖലകളിലും പഞ്ചായത്ത്, മുനിസിപ്പല്‍ തലങ്ങളില്‍ ആസ്ഥാനങ്ങളിലും ഭരണ കാര്യാലയങ്ങള്‍ക്കു മുന്നില്‍ നടന്ന പ്രതിഷേധ സംഗമങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പ്രവര്‍ത്തകര്‍ അണിനിരന്നത്.
വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചും, ക്വാറന്റൈന്‍ സൗകര്യത്തിന് പണം ഈടാക്കിയും പ്രവാസികളെ രണ്ടാംതരം പൗരന്മാരാക്കിയ സംസ്ഥാന സര്‍ക്കാര്‍ കോവിഡില്ലെന്ന് സര്‍ട്ടിഫിക്കറ്റുളളവര്‍ക്ക് മാത്രമെ ചാര്‍ട്ടേഡ് വിമാനങ്ങളിലൂടെ തിരിച്ചെത്താനാവൂവെന്നാണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തോടെ നടത്തുന്ന വന്ദേഭാരത് മിഷന്‍ വിമാനങ്ങളില്‍ എത്തുന്നവര്‍ക്ക് ഇങ്ങനെയൊരു നിര്‍ദേശം ഇല്ലാത്തപ്പോഴാണ് ചാര്‍ട്ടേഡ് വിമാനങ്ങളിലെത്തുന്നവരെ ക്രൂശിക്കുന്ന സമീപനം. അശാസ്ത്രീയമായതും സാമ്പത്തിക ബാധ്യത വരുന്നതുമായ ഉത്തരവ് പിന്‍വലിച്ച്, തിരിച്ചെത്തുന്നവര്‍ക്ക് ഫലപ്രദമായ ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് പ്രതിഷേധ സംഗമങ്ങള്‍ ആവശ്യപ്പെട്ടു.
മലപ്പുറത്ത് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. കോവിഡ് ടെസ്റ്റ് നടത്തണമെന്ന നിബന്ധന വെച്ച് പ്രവാസികളുടെ യാത്ര മുടക്കാന്‍ കേരളം കേന്ദ്രത്തിന് എഴുതിയ കത്ത് ഉടന്‍ പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വാഴക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ പ്രതിഷേധ സമരം ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. ദുരന്തകാലത്ത് പ്രവാസികളെ ദ്രോഹിക്കുന്ന സര്‍ക്കാര്‍ നടപടി തിരുത്തണമെന്നും ഇനിയും ദ്രോഹം തുടര്‍ന്നാല്‍ മുസ്‌ലിംലീഗും ജനാധിപത്യ വിശ്വാസികളും ചേര്‍ന്നു പുതിയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. നാടണയാന്‍ കൊതിക്കുന്ന പ്രവാസികള്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ കേരളസര്‍ക്കാര്‍ ഉത്തരവ് പ്രവാസികളോടുള്ള യുദ്ധപ്രഖ്യാപനമാണെന്നും അത് പിന്‍വലിക്കാത്ത പക്ഷം മുസ്‌ലിംലീഗ് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും മക്കരപ്പറമ്പ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.