തിരുവനന്തപുരം: വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്നവരുടെ ക്വാറന്റൈന് മാര്‍ഗരേഖ പുതുക്കി. വിദേശത്ത് നിന്നെത്തുന്നവരില്‍ വീട്ടില്‍ ക്വാറന്റൈന് സൗകര്യമുള്ളവര്‍ക്ക് പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം സത്യവാങ്മൂലം എഴുതി വാങ്ങി ആവശ്യമായ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും തുടര്‍ന്ന് വീടുകളിലേക്ക് പോകാന്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സ്വന്തം വാഹനത്തിലോ ടാക്സിയിലോ ഇവര്‍ക്ക് വീടുകളിലേക്ക് പോകാം. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം, പൊലീസ്, കൊവിഡ് കെയര്‍ സെന്റര്‍, നോഡല്‍ ഓഫീസര്‍, ജില്ലാ കളക്ടര്‍, ഇവര്‍ക്കെല്ലാം ഇത് സംബന്ധിച്ച് വിവരം കൈമാറും. നിശ്ചിത സമയത്തിനുള്ളില്‍ യാത്രക്കാരന് വീട്ടില്‍ എത്തിച്ചേര്‍ന്നോയെന്ന് പൊലീസ് ഉറപ്പാക്കും. വീട്ടില്‍ ക്വാറന്റൈനുള്ള സൗകര്യമുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനത്തിനാണ്. ന്യൂനതകളുണ്ടെങ്കില്‍ സര്‍ക്കാര്‍ ക്വാറന്റൈന് കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സുരക്ഷിതമായ ക്വാറന്റൈന് ഉറപ്പാക്കാന്‍ വീട്ടിലുള്ളവര്‍ക്ക് ആവശ്യമായ ബോധവല്‍ക്കരണം നടത്തും. കുട്ടികള്‍, പ്രായമായവര്‍ എന്നിവരുണ്ടെങ്കില്‍ പ്രത്യേകമായി തന്നെ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കും. നിരീക്ഷണത്തിലുള്ള വ്യക്തി ക്വാറന്റൈന് ലംഘിക്കാന്‍ പാടില്ല. ലംഘിച്ചാല്‍ നിയമപ്രകാരം പൊലീസ് നടപടി സ്വീകരിക്കും. വീട്ടില്‍ ക്വാറന്റൈന് സൗകര്യം ഇല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ക്വാറന്റൈന് കേന്ദ്രങ്ങളിലേക്ക് സ്വന്തം വാഹനത്തിലോ ടാക്സിയിലോ പോകാം. വീടുകളില്‍ സൗകര്യം ഇല്ലാത്തവര്‍ക്കാണ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് നിര്‍ദ്ദേശിക്കുന്നത്. പെയ്ഡ് ക്വാറന്റൈന് ആവശ്യപ്പെടുന്നവര്‍ക്ക് ഹോട്ടല്‍ സംവിധാനമാണ് ഒരുക്കുന്നത്. വീട്ടില്‍ ഏതെങ്കിലും രീതിയില്‍ അസൗകര്യമുള്ളവര്‍ ഹോട്ടലുകളില്‍ താമസിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ മാത്രമാണ് അവര്‍ക്ക് പെയ്ഡ് ക്വാറന്റൈന് സംവിധാനം ഒരുക്കുന്നത്.
14 ദിവസത്തെ ക്വാറന്റൈന് കാലത്തെ ചെലവുകള്‍ ആ വ്യക്തി തന്നെ വഹിക്കണം. വിമാനം, ട്രെയിന്‍ റോഡ് മാര്‍ഗ്ഗങ്ങള്‍ വഴി, മറ്റ് സംസ്ഥാനത്ത് നിന്നും വരുന്നവര്‍ക്കുള്ള ക്വാറന്റൈനിലും പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളും ഏര്‍പ്പെടുത്തി. മറ്റ് സംസ്ഥാനത്ത് നിന്ന് എത്തുന്നവര്‍ ജാഗ്രതാ പോര്‍ട്ടലില്‍ സത്യവാങ്മൂലം നല്‍കണം. സ്വന്തം വീടോ അനുയോജ്യമായ മറ്റൊരു വീടോ ഇതില്‍ തെരഞ്ഞെടുക്കാം. കോവിഡ് കണ്ട്രോള് റൂമോ പൊലീസോ സുരക്ഷിതത്വം ഉറപ്പാക്കും. അല്ലെങ്കില്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളിലോ പെയ്ഡ് ക്വാറന്റൈന് സൗകര്യവും ഉറപ്പാക്കും. ഇവര്‍ വീട്ടിലെത്തിയെന്ന് പൊലീസ് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
കണ്ടെയ്ന്മെന്റ് സോണ്‍ നിര്‍ണയത്തില്‍ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനഭീഷണിയുള്ള കണ്ടെയ്ന്മെന്റ് സോണുകളെ നിര്‍ണയിക്കുന്ന രീതിയില്‍ മാറ്റം വരുത്തിയതായും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഓരോ ദിവസവും രാത്രി 12 മണിക്ക് മുന്‍പ് കണ്ടെയ്ന്മെന്റ് സോണ്‍ വിജ്ഞാപനം ചെയ്യും. പഞ്ചായത്തുകളില്‍ വാര്‍ഡ് തലത്തില്‍, കോര്‍പ്പറേഷനുകളില്‍ സബ് വാര്‍ഡ് തലത്തിലും തരം തിരിക്കാം ചന്ത, തുറമുഖം, കോളനി സ്ട്രീറ്റ്, താമസ പ്രദേശം തുടങ്ങിയ പ്രാദേശിക സാഹചര്യം അനുസരിച്ച് കണ്ടെയ്ന്മെന്റ് സോണ്‍ നിര്‍ണയിക്കാം. ഒരു വ്യക്തി പ്രാദേശിക സമ്പര്‍ക്കത്തിലൂടെ പോസിറ്റീവായാലും, വീട്ടിലെ രണ്ട് പേര് ക്വാറന്റൈന് ആയാലും വാര്‍ഡില്‍ പത്തിലേറെ പേര് നിരീക്ഷണത്തിലായാല്‍, വാര്‍ഡില്‍ സെക്കന്ററി ക്വാറന്റൈന് ഉള്ളവര്‍ തുടങ്ങിയ സാഹചര്യം ഉണ്ടാകുമ്പോള്‍ പ്രത്യേക പ്രദേശം കണ്ടെയ്ന്മെന്റ് സോണാകും. ഏഴ് ദിവസത്തേക്കാണ് ഇങ്ങനെ കണ്ടെയ്ന്മെന്റ് സോണ്‍ പ്രഖ്യാപിക്കുക. നീട്ടുന്ന കാര്യം കളക്ടറുടെ ശുപാര്‍ശ പ്രകാരം തീരുമാനിക്കും. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമെത്തി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് പോസിറ്റീവായാല്‍, വീടും ചുറ്റുമുള്ള വീടുകളും ചേര്‍ത്ത് കണ്ടെയ്ന്മെന്റ് സോണാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.