വകുപ്പുകളിലെ ഏകോപനം നഷ്ടപ്പെടുന്നു
കല്‍പ്പറ്റ: ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും, ചെക്ക്പോസ്റ്റ് ഡ്യൂട്ടിക്ക് പിന്നാലെ ക്വാറന്റീനില്‍ കഴിയേണ്ടവര്ക്കും പുതുതായി നിയമനം നല്കി ആരോഗ്യവകുപ്പ്. ചെക്ക്പോസ്റ്റുകളിലും മുത്തങ്ങ ഫെസിലിറ്റേഷന്‍ സെന്ററുകളിലുമാണ് മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിക്കാതെ ആരോഗ്യവകുപ്പ് ജീവനക്കാരെ നിയമിക്കുന്നത്. മുത്തങ്ങയില്‍ 10 ദിവസം തുടര്‍ച്ചയായി ജോലിചെയ്താല്‍ 14 ദിവസം നിര്‍ബന്ധമായും ക്വാറന്റീനില്‍ പ്രവേശിക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന ആരോഗ്യവകുപ്പ് തന്നെയാണ് അധ്യാപകരെ നിയമം പാലിക്കാതെ നിയമിച്ച് കൊണ്ടിരിക്കുന്നത്.
ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ജൂണ്‍ 6ന് പുതുതായി ഇറക്കിയ ഉത്തരവില്‍ ജൂണ്‍ 8 മുതല്‍ 30 വരെയാണ് അധ്യാപകരെ ചെക്ക്പോസ്റ്റുകളില്‍ നിയമിച്ചിരിക്കുന്നത്. അതെ സമയം സുല്‍ത്താന്‍ബത്തേരി തഹസില്‍ദാര്‍ മുത്തങ്ങ അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ 10 ദിവസത്തേക്ക് നിയമിക്കുകയും ജോലി തുടര്‍ന്ന് കൊണ്ടിരിക്കുകയും ചെയ്യുന്നവര്‍ ആരോഗ്യവകുപ്പിന്റെ പുതിയ നിയമന ലിസ്റ്റിലുണ്ട്. തഹസില്‍ദാര്‍ നിയമിച്ചവര്‍ ജൂണ്‍ 10 ന് ജോലി കഴിഞ്ഞ് 14 ദിവസം ക്വാറന്റീനില്‍ നിര്‍ബന്ധമായും കഴിയേണ്ടതുണ്ടതുണ്ടെന്നും ആരോഗ്യവകുപ്പ് പറയുന്നു.
ക്വാറന്റീനില്‍ പ്രവേശിച്ചവര്‍ക്കും പ്രവേശിക്കേണ്ടവര്ക്കുമാണ് ചെക്ക്പോസ്റ്റ് ചുമതല നല്കിയ ആരോഗ്യവകുപ്പിന്റെ ഉത്തരവ് വിവാദമായിരിക്കുകയാണ്. 10 ദിവസം തുടര്‍ച്ചയായി മുത്തങ്ങ ചെക്ക്പോസ്റ്റിലെ അതിര്‍ത്തി ഫെസിലിറ്റേഷന്‍ സെന്ററില്‍ ജോലി ചെയ്ത് ക്വാറന്റീനില്‍ കഴിയുന്ന അധ്യാപകരെ തൊട്ടടുത്ത ദിവസം തന്നെ പാട്ടവയല്‍,പെരിക്കല്ലൂര്‍ അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ നിയമിച്ചത് വിവാദമായിരുന്നു. വയനാട്ടിലെ മൂന്ന് ചെക്ക്പോസ്റ്റുകളിലുള്‍പ്പെടെ 13 ദിവസം ജോലി ചെയ്ത അധ്യാപകരെയാണ് നിരന്തരം ജോലിക്കായി നിയമിച്ച്കൊണ്ടിരിക്കുന്നത്. അതേസമയം മാര്‍ച്ച് 18 മുതല്‍ തുടങ്ങി ജൂണ്‍ 30 വരെയുള്ള നിയമന ഉത്തരവുകളില്‍ ഇതെ വരെ ചുമതലയും നിയമനവും ലഭിക്കാത്ത നിരവധി അധ്യാപകര്‍ ജില്ലയിലുണ്ട്. വിചിത്രമായ നിരവധി നിയമനങ്ങള്‍ വേറെയുമുണ്ട്.
കോവിഡ് 19 മഹാമാരിയെ മറികടക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കണമെന്ന് ജില്ലാ ഭരണകൂടം അധ്യാപകരോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ചെക്ക്പോസ്റ്റുകളില്‍ ഡ്യൂട്ടി നല്‍കിയത്. ജില്ലയിലേക്കുള്ള കര്‍ണ്ണാടക,തമിഴ്നാട് സംസ്ഥാന അതിര്‍ത്തികളിലും കണ്ണൂര്‍,കോഴിക്കോട്, ജില്ലാ അതിര്ത്തികളടക്കമുള്ള പോയന്റുകളിലാണ് അധ്യാപകരെ നിയമനം നടത്തിയത്.
മാര്‍ച്ച് 18 മുതലായിരുന്നു ആദ്യ നിയമനം. 8 ഗ്രാമപഞ്ചായത്തുകളിലെ 14 അതിര്‍ത്തി പോയന്റുകളില്‍ ആരോഗ്യം, പൊലീസ്,റവന്യൂ,വനം,തദ്ദേശസ്വയംഭരണം എന്നീവകുപ്പുകളിലെ ജീവനക്കാരോടൊപ്പമാണ് വിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരും ജോലിക്കെത്തിയത്. സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അധ്യാപകരെ പങ്കാളികളാക്കി ചുമതല നല്കാന് തീരുമാനിച്ച ആദ്യ ജില്ലാ ഭരണകൂടം വയനാടായിരുന്നു. ആദ്യഘട്ടങ്ങളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറായിരുന്നു നിയമന ഉത്തരവ് നല്‍കിയിരുന്നത്. പിന്നീട് തഹസില്‍ദാര്‍മാരും നാഷണല്‍ ഹെല്‍ത്ത് മിഷനും (എന്‍.എച്ച്.എം).നിയമനം തുടങ്ങി. രണ്ടിടങ്ങളില്‍ നിന്ന് ചെക്ക്പോസ്റ്റുകളില്‍ അധ്യാപകരെ നിയമിച്ച ഉത്തരവുകള്‍ ഇറങ്ങിയതോടെ ഏകോപനം നഷ്ടപ്പെടലും താളം തെറ്റലും പതിവായി. ഇത് വരെ ജോലി നല്കാത്തവരെ കണ്ടെത്തി നിയമനം നടത്തുന്നതിന് പകരം ലഭിക്കുന്നവര്‍ക്ക് തന്നെ നിരന്തരം ജോലി നല്കുകയുണ്ടായി. ഒരാള്‍ക്ക് രണ്ടിടങ്ങളില്‍ ഒരെ സമയം ജോലി നല്കുന്നു. ഇത് സംബന്ധിച്ച് അധ്യാപകര്‍ പരാതിയുമായെത്തിയാല്‍ റവന്യൂ-വിദ്യാഭ്യാസ-ആരോഗ്യ വകുപ്പധികാരികള്‍ക്ക് കൃത്യമായ മറുപടിയുണ്ടാവുന്നില്ല. ക്വാറന്റീനിലുള്ളവര്‍ക്ക് ആയത് പരിഗണിക്കാതെ നിയമിക്കുന്നു, ഒരു ചെക്ക് പോസ്റ്റില്‍ ജോലി കഴിഞ്ഞെത്തി പിറ്റെ ദിവസം തന്നെ അടുത്ത ജോലി നല്കുന്നു, ചെക്ക് പോസ്റ്റില്‍ നിന്നെത്തുന്ന ജീവനക്കാര്‍ക്ക് കോവിഡ് പരിശോധന സൗകര്യം ഉറപ്പാക്കല്‍, മതിയായ സുരക്ഷിതത്വം, തുടങ്ങിയ പരാതികളാണ് പ്രധാനമായും ഉയരുന്നത്.യാതൊരു മാനദണ്ഡവുമില്ലാതെയാണ് ചുമതല നല്‍കുന്നതെന്നും പരാതിയുണ്ട്.
എറണാകുളം മെഡിക്കല്‍ കോളജില്‍
ഗുരുതരാവസ്ഥയില്‍ കഴിയുന്നത് അഞ്ച് രോഗികള്‍
കൊച്ചി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കോവിഡ് ചികില്‍സയില്‍ കഴിയുന്നതില്‍ നവജാത ശിശു മുതല്‍ എണ്‍പത് കാരി വരെയുള്ള അഞ്ച് പേര് ഗുരുതരാവസ്ഥയില്‍ കഴിയുന്നതായി ആസ്പത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. ചികിത്സയില്‍ കഴിയുന്ന കോവിഡ്ബാധിതയായ 80 വയസുകാരി ഗുരുതരാവസ്ഥയില്‍ ശ്വസന സഹായിയില്‍ തുടരുന്നു. ശ്വാസകോശ അണുബാധയുള്ള രോഗി ദീര്‍ഘ കാലമായുള്ള വൃക്ക രോഗത്തിനും ചികിത്സയിലാണ്. നൈജീരിയയില്‍ നിന്ന് വന്ന് എറണാകുളത്തു ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന 47 വയസുള്ള പൂനെ സ്വദേശിയായ പുരുഷനെ ഇന്നലെ ഉച്ചയോടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ എത്തിച്ച് ഐസിയുവില്‍ പ്രവേശിപ്പിച്ചു. കോവിഡ് ബാധിതനാണ് എന്ന് സ്ഥിതീകരിച്ച ഇദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുന്നു. മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള 31 വയസുള്ള മറ്റൊരു കോവിഡ് ബാധിതയായ യുവതിയെ ഹൃദയമിടിപ്പിലെ വ്യതിയാനത്തെ തുടര്‍ന്ന് ഐ സി യു വിലേക്ക് മാറ്റി. ഹൃദ്രോഗ വിദഗ്ധര്‍ യുവതിക്ക് ചികിത്സ നല്കി വരുന്നു. എറണാകുളത്ത് ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന 44 വയസുള്ള തമിഴ്നാട്ടുകാരനായ പുരുഷനെയും ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടുണ്ട് ഇദ്ദേഹം ഒരു വര്‍ഷം മുമ്പേ ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനാവുകതയും ഇപ്പോള്‍ അമിത രക്തസമ്മര്‍ദത്തിനും പ്രമേഹരോഗത്തിനും മരുന്നുകഴിച്ചു കൊണ്ടിരിക്കുന്ന ആളുമാണ്. കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയ ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ക്വാറന്റൈനില്‍ കഴിയവേ മെഡിക്കല്‍ കോളജില്‍ വന്നു മാസം തികയാതെ പ്രസവിച്ച യുവതിയുടെ കുട്ടിയെ, നവജാത ശിശുക്കള്‍ക്കുള്ള ഐസിയുവില്‍ പ്രവേശിപ്പിച്ചു. എക്കോ സ്കാനിങ്ങില്‍ ഹൃദയത്തില്‍ സുഷിരമുള്ളതായി കണ്ടെത്തിയ കുട്ടി വെന്റിലേറ്ററിലാണ്. മാതാവിന്റെ കോവിഡ് ടെസ്റ്റ് ഫലങ്ങള്‍ നെഗറ്റീവാണ്.