മൂന്നു പതിറ്റാണ്ട് നീണ്ട പ്രവാസം മതിയാക്കി രാഘവേട്ടന്‍ നാട്ടിലേക്ക് മടങ്ങി

വി. രാഘവന്‍

ദുബൈ: നൂറുകണക്കിന് പ്രവാസികള്‍ക്ക് ജീവിത വിജയം നേടാനുള്ള വളയം പിടിക്കാന്‍ പഠിപ്പിച്ച ഡ്രൈവിംഗ് പരിശീലകന്‍ വി. രാഘവന്‍ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങി. ദുബൈ ബെല്‍ഹാസ ഡ്രൈവിംഗ് സ്‌കൂളില്‍ 21 വര്‍ഷമായി ഡ്രൈവിംഗ് പരിശീലകനായ ഇദ്ദേഹം പോറ്റമ്മ നാടിന് ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞാണ് ബുധനാഴ്ച പുലര്‍ച്ചെ മടങ്ങിയത്.
കാസര്‍കോട് പൊയിനാച്ചി സ്വദേശിയായ ഇദ്ദേഹം 1983 ഫെബ്രുവരിയില്‍ ഉപജീവനം തേടി യുഎഇയിലെത്തി. പ്രവാസ ജീവിതത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ വളരെ കഷ്ടപ്പാടുകള്‍ അനുഭവിച്ചു. പ്രതിമാസം 700 ദിര്‍ഹമിനായിരുന്നു ആദ്യ ജോലി. പിന്നീട് സ്വന്തമായി ചില ചെറുകിട ബിസിനസുകള്‍ ചെയ്തപ്പോള്‍ ജീവിതം പച്ച പിടിച്ചു തുടങ്ങി. റാസല്‍ഖൈമയില്‍ റെസ്‌റ്റോറന്റ് ആരംഭിച്ചെങ്കിലും ചില സാങ്കേതിക പ്രശ്‌നങ്ങളാല്‍ അത് നിര്‍ത്തേണ്ടി വന്നു. തുടര്‍ന്ന്, സ്വകാര്യ ഡ്രൈവിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലകനായി. ദുബൈയില്‍ സ്വകാര്യ ഡ്രൈവിംഗ് പരിശീലക സ്ഥാപനങ്ങളുടെ യാത്രക്ക് അധികൃതര്‍ സഡന്‍ ബ്രേക്കിട്ടപ്പോള്‍ 14 വര്‍ഷം മുന്‍പ് ബെല്‍ഹാസയില്‍ ചേരുകയായിരുന്നു.
ഇതിനകം 2,000ത്തിലേറെ പേര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് എടുത്തു കൊടുക്കാന്‍ സാധിച്ചതായി രാഘവന്‍ പറയുന്നു. യുഎഇ ഡ്രൈവിംഗ് ലൈസന്‍സ് തൊഴില്‍ മേഖലയില്‍ പ്രധാന ഘടകമാണെന്നതിനാല്‍ പലര്‍ക്കും ജീവിതത്തില്‍ നേട്ടമുണ്ടാക്കാന്‍ വഴിയൊരുക്കിയതില്‍ ഏറെ സന്തോഷമുണ്ട്. മിക്കവരും ആദ്യ ടെസ്റ്റില്‍ തന്നെ ലൈസന്‍സ് സ്വന്തമാക്കുമ്പോള്‍ സന്തോഷിക്കുക പരിശീലകര്‍ കൂടിയാണ്. മിക്ക വിദ്യാര്‍ഥികളുമായും തുടര്‍ന്നും ബന്ധം തുടരാന്‍ സാധിച്ചത് ഗുരു-ശിഷ്യ ബന്ധത്തിന്റെ ഏറ്റവും മനോഹരമായ ദൃശ്യമാണ് -രാഘവന്‍ പറയുന്നു.
സാമൂഹിക രംഗത്തും രാഘവന്‍ നിറസാന്നിധ്യമായിരുന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ അംഗമായ ഇദ്ദേഹം കെസെഫ്, ആശ്രയ കാസര്‍കോട്, ശക്തി കാസര്‍കോട് എന്നീ സംഘടനകളിലും സജീവമായി പ്രവര്‍ത്തിച്ചു. കുടുംബത്തോടൊപ്പം ദുബൈയിലായിരുന്നു താമസം. ഭാര്യ: പ്രിയ. മൂന്നു പെണ്‍മക്കള്‍. മൂത്ത മകള്‍ നികിത ദുബൈയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു. ഇവരുടെ ഭര്‍ത്താവ് ബാബു പ്രസാദ് ദുബൈയില്‍ അനസ്തീഷ്യ ടെക്‌നിഷ്യനാണ്. രണ്ടാമത്തെ മകള്‍ ഇന്റീരിയര്‍ ഡിസൈനറായ അമ്പിളി അഭിലാഷ്. മൂന്നാമത്തെ മകള്‍ അനഘ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ പത്താം ക്‌ളാസ് പൂര്‍ത്തിയാക്കി. തനിക്ക് മികച്ച ജീവിതം നല്‍കിയ പോറ്റമ്മ നാടിനോട് വിട പറയുമ്പോള്‍ രാഘവന് നന്ദി മാത്രം.