കരുതിയിരിക്കാം…. മഴക്കാലമാണ്

കണ്ണൂര്‍: പതിവ് പോലെ ജൂണ്‍ ഒന്നിന് തന്നെ കേരളത്തില്‍ കാലവര്‍ഷം എത്തി. എന്നാല്‍ കോവിഡിന്റെ ആഘാതത്തില്‍ മഴക്കാലത്തെ നേരിടാന്‍ മതിയായ കരുതലുകള്‍ പലരും കൈക്കൊണ്ടിട്ടില്ല. മഴക്കാലത്താണ് അസുഖങ്ങള്‍ വരാന്‍ സാധ്യതയേറെയും. മതിയായ കരുതല്‍ സ്വീകരിച്ചില്ലെങ്കില്‍ അസുഖം പടരുന്നത് തടയാനാകില്ല.
കോവിഡ് വ്യാപന ഭീഷണിക്കിടയില്‍ മഴക്കാലം കൂടി വന്നതോടെ ജില്ലയില്‍ സാംക്രമിക രോഗങ്ങളും പെരുകും. മലയോര മേഖലയിലും കോളനികളിലും കഴിയുന്ന ജനങ്ങള്‍ക്കാണ് പകര്‍ച്ച വ്യാധികള്‍ വെല്ലുവിളി ഉയര്‍ത്തുന്നത്. കോവിഡ് കാലം ആയതിനാല്‍ മതിയായ ചികിത്സ ലഭ്യമാകുമോയെന്ന ആശങ്കയും ജനങ്ങള്‍ക്കിടയിലുണ്ട്. മലയോര മേഖലകളായ കേളകം, കൊട്ടിയൂര്‍ പഞ്ചായത്തുകളില്‍ 17 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. കേളകത്തെ വാര്‍ക്കപാലം, മീശക്കവല ഭാഗങ്ങളുള്‍പ്പെടുന്ന നാല്, അഞ്ച്, ഒന്‍പത് വാര്‍ഡുകളില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
കൊട്ടിയൂര്‍ പഞ്ചായത്തില്‍ മാടത്തിന്‍കാവ് മേഖലയില്‍ അഞ്ച് പേര്‍ക്കും നീണ്ടുനോക്കിയില്‍ ഒരാള്‍ക്കുമാണ് അസുഖം ബാധിച്ചത്. ജില്ലയിലെ പ്രധാന കുടിയേറ്റ മേഖലയായ ആലക്കോട് മേഖലയില്‍ വേനല്‍ മഴ കാലത്ത് തന്നെ ഡെങ്കിപ്പനി ബാധിച്ച് നിരവധി പേരാണ് ചികിത്സ തേടിയത്. നടുവില്‍, ഉദയഗിരി, ആലക്കോട് പഞ്ചായത്തുകളിലായി നൂറിലധികം പേര്‍ ചികിത്സയിലാണ്. നടുവിലെ വെള്ളാടപള്ളിക്കവലയിലെ വീട്ടമ്മ എട്ട് മാസം മുന്‍പ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു. പത്തോളം പേരെയാണ് അന്ന് രോഗം ബാധിച്ചത്.
ഇതിനിടെ ആലക്കോടിന് സമീപം പരപ്പയില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ജനം ആശങ്കയിലാണ്. ഡെങ്കിപ്പനിക്ക്് പുറമെ വൈറല്‍ പനി, ചിക്കുന്‍ഗുനിയ, എച്ച്്1 എന്‍1, എലിപനി എന്നിവയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സുരക്ഷിതമായ കരുതല്‍ ഉണ്ടെങ്കില്‍ മാത്രമേഅസുഖങ്ങള്‍ വരുന്നത് തടയാന്‍ സാധിക്കുവെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.


ശുചീകരണം പ്രധാനം
ലോക്ക്ഡൗണ്‍ കാരണം ജില്ലയിലെ ശുചീകരണ പ്രവൃത്തികള്‍ മുടങ്ങിയിരിക്കുകയാണ്. പലയിടത്തും മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ട്. നഗരത്തിലുള്‍പ്പെടെ ശുചീകരണം നടന്നിട്ടില്ല. റബര്‍ തോട്ടങ്ങളുള്‍പ്പെടെ വൃത്തിഹീനമായതാണ്മലയോര മേഖലയില്‍ മഴയ്ക്ക് മുമ്പ് അസുഖങ്ങള്‍ പടരാന്‍ പ്രധാന കാരണം. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ രൂപപ്പെട്ട മാലിന്യങ്ങള്‍ മലയോര മേഖലയില്‍ പലയിടത്തും ഇത് വരെ മുഴുവനായി നീക്കം ചെയ്തിട്ടില്ല. കണ്ണൂരില്‍ മാലിന്യം നീക്കം ചെയ്യാന്‍ കോര്‍പ്പറേഷന്‍ 55 ഡിവിഷനുകളിലേക്കും 25,000 രൂപ വീതം അനുവദിച്ചിട്ടുണ്ട്.
ശുചീകരണ പ്രവൃത്തികള്‍ക്ക് തുടക്കം കുറിച്ചെങ്കിലും ആവശ്യത്തിന് തൊഴിലാളികള്‍ ഇല്ലാത്തത് ശുചീകരണം മന്ദഗതിയിലാക്കുകയാണ്. 148 തൊഴിലാളികളെ വെച്ചാണ് പണി നടത്തുന്നത്. കൂടിയ അളവില്‍ മാലിന്യമുള്ള സ്ഥലങ്ങളില്‍ ജെസിബി ഉപയോഗിച്ചാണ് മാലിന്യം നീക്കുന്നത്. റെയില്‍വെ അടിപാലത്തിനടിയില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് യാത്രക്കാരെ പ്രയാസത്തിലാക്കുകയാണ്. റെയില്‍വെ സ്‌റ്റേഷനിലെ മാലിന്യങ്ങള്‍ ഇവിടെയാണ് ഒഴുകിയെത്തുന്നത്.
ജില്ലകളില്‍ പലയിടത്തും മാലിന്യങ്ങള്‍ കെട്ടി ക്കിടക്കുകയാണ്. എന്നാല്‍ തൊഴിലുറപ്പ് തൊഴിലാളികളെയും മറ്റ് ശുചീകരണ തൊഴിലാളികളെയും ഉള്‍പ്പെടുത്തി ശുചീകരണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ പറയുന്നു
അസുഖങ്ങള്‍,
ലക്ഷണങ്ങള്‍


ഡെങ്കിപ്പനി
സാധാരണ പനിയില്‍ നിന്നു വലിയ വ്യത്യാസമില്ലാത്തതിനാല്‍ തിരിച്ചറിയാന്‍ വൈകുന്ന ഒരു രോഗമാണ് ഡെങ്കിപ്പനി. ഈഡിസ് എന്ന കൊതുകാണ് ഇത് പകര്‍ത്തുന്നത്. കടുത്ത പനി, തലവേദന, ശരീരവേദന, കണ്ണിന് പിന്നില്‍ വേദന, പേശികള്‍ക്കും സന്ധികള്‍ക്കും വേദന, രുചിയില്ലായ്മ, വിശപ്പില്ലായ്മ, ഛര്‍ദിയും ക്ഷീണവും ഇവയാണ് പ്രധാന ലക്ഷണങ്ങള്‍.

വൈറല്‍പ്പനി
മഴക്കാലത്ത് ഏറ്റവും കൂടുതലായി കാണപ്പെടുന്ന പനികളില്‍ ഒന്നാണ് വൈറല്‍ പനി. വായുവിലൂടെയാണിത് പകരുന്നത്. പലതരം വൈറസുകളാല്‍ വൈറല്‍ പനി ഉണ്ടാകുന്നു. ശക്തമായ പനി, ജലദോഷം, മൂക്കടപ്പ്, തൊണ്ടവേദന, ശരീരവേദന, തലവേദന, ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയവയാണ് വൈറല്‍ പനിയുടെ മുഖ്യലക്ഷണങ്ങള്‍.

മഞ്ഞപ്പിത്തം
ഈച്ച പരത്തുന്ന രോഗമാണ് മഞ്ഞപ്പിത്തം. രോഗിയുമായി നേരിട്ടുള്ള ബന്ധങ്ങളിലൂടെയും ഇത് പകരും. കടുത്ത പനി, തലവേദന, ശരീര വേദന, ഛര്‍ദി എന്നിവയാണ് ലക്ഷണങ്ങള്‍. പെട്ടെന്ന് മരണത്തിനിടയാക്കുന്ന രോഗമാണിത്. നല്ല വിശ്രമവും പോഷകാഹാരവും നിര്‍ബന്ധമാണ്. എണ്ണയുള്ളതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കണം.

എച്ച്1 എന്‍1
ശക്തമായ ശരീര വേദന, തൊണ്ട വേദന, ചുമ

ചിക്കുന്‍ ഗുനിയ
പനി, സന്ധികളില്‍ വേദന, നീര്, ചുവന്ന തടിപ്പ്

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
* വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക
* ആഹാര സാധനങ്ങള്‍ വേവിച്ച് ചൂടോടെ മാത്രം കഴിക്കുക
* തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
* പോഷകാഹാരങ്ങള്‍ കഴിക്കുക. രോഗിയുമായി നേരിട്ടുള്ള ബന്ധം ഒഴിവാക്കുക.
* വെള്ളം ശേഖരിക്കുന്ന പാത്രങ്ങള്‍, ടാങ്കുകള്‍ തുടങ്ങിയവ ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കണം. കൊതുക് കടക്കാത്ത വിധം ഇവ അടച്ചു വയ്ക്കുക. വീടിന്റെ ടെറസും സണ്‍ഷേഡും വെള്ളം കെട്ടിനില്‍ക്കാത്ത വിധം പണിയുക. കെട്ടിനില്‍ക്കുന്നുണ്ടെങ്കില്‍ ആഴ്ചയിലൊരിക്കല്‍ അത് ഒഴുക്കിക്കളയുക.
* ഭക്ഷണം കഴിക്കുന്നതിന് മുമ്പും പുറത്തുപോയി വരുമ്പോഴും ശൗചാലയം ഉപയോഗിച്ച ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം