ഐസിഎഫിന്റെ കാരുണ്യച്ചിറകില്‍ സാന്ത്വന തീരമണഞ്ഞ് 346 പേര്‍

ദുബൈ: നന്മയുടെ ആകാശത്ത് സ്‌നേഹ ദൂതുമായി വീണ്ടും ഐസിഎഫിന്റെ ചിറകടി. നാടണയാനുള്ള മോഹവുമായി നൊമ്പരങ്ങള്‍ ഉള്ളിലൊതുക്കി പ്രവാസ ഭൂമിയില്‍ കാത്തിരുന്ന 346 പേര്‍ക്കാണ് 22ന് ഐസിഎഫിന്റെ തണലില്‍ ആഗ്രഹ സാഫല്യമായത്.
ദുരിത ഘട്ടത്തില്‍ കരുതലേകിയ ഐസിഎഫിനെ മാറോടണച്ച് സ്‌നേഹ ഭൂവില്‍ അവര്‍ കേരളത്തിന്റെ സാന്ത്വന ഭൂമിയില്‍ പറന്നിറങ്ങി.
ഐസിഎഫ് ചാര്‍ട്ടര്‍ ചെയ്ത രണ്ട് വിമാനങ്ങളിലാണ് യുഎഇയില്‍ നിന്നുള്ള പ്രവാസികള്‍ കരിപ്പൂരിലിറങ്ങിയത്. തിങ്കളാഴ്ച ഉച്ച 2.30നും രാത്രി 11.30നുമായിരുന്നു വിമാനങ്ങള്‍ ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് കരിപ്പൂരിലിറങ്ങിയത്. 72 സ്ത്രീകളും 11 കുട്ടികളും ഉള്‍പ്പെട്ടു.
വിസിറ്റ് വിസയിലെത്തി നാട്ടിലെത്താനാവാതെ വിഷമിച്ച 72 പേര്‍ക്കും ഈ വിമാനങ്ങളിലൂടെ ഐസിഎഫിന്റെ സാന്ത്വന സ്പര്‍ശം ലഭിച്ചു. മെഡിക്കല്‍ ആവശ്യമുള്ളവര്‍ 47 പേരും ജോലി നഷ്ടപ്പെട്ട 60 പേരും സംഘത്തിലുണ്ടായിരുന്നു. വിവിധ ഐസിഎഫ് ഘടകങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ഇതിനകം മുപ്പതോളം പേര്‍ക്ക് സൗജന്യ യാത്രയും നിരവധി പേര്‍ക്ക് നിരക്കിളവില്‍ യാത്രാ അവസരവും നല്‍കി.
കൊവിഡിനെ തുടര്‍ന്ന് നാട്ടിലെത്താന്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് നാട്ടിലെത്താന്‍ അവസരമൊരുക്കുകയാണ് ഐസിഎഫിന്റെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍. വരുംദിവസങ്ങളിലും യുഎഇയില്‍ നിന്നും നിരവധി സര്‍വീസുകള്‍ ഉണ്ടാകും.
ദുബൈയിലെയും ഷാര്‍ജയിലെയും എയര്‍പോര്‍ട്ടുകളില്‍ യാത്രികര്‍ക്ക് ആവശ്യമായ സഹായവുമായി ഐസിഎഫ് ഭാരവാഹികളായ ശരീഫ് കാരശ്ശേരി, കരീം തളങ്കര, ശമീര്‍ അവേലം, അബ്ദുല്‍ ഹകീം എ.കെ, അശ് റഫ് പാലക്കോട്, എഞ്ചി. നജീം തിരുവനന്തപുരം, ശംസുദ്ദീന്‍ പയ്യോളി, സലീം വളപട്ടണം, നസീര്‍ ചൊക്‌ളി, മൂസ കിണാശ്ശേരി, ഹുസൈന്‍ പയ്യോളി, അശ്‌റഫ് കക്കോവ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഐസിഎഫ് വളണ്ടിയര്‍ വിംഗ് പ്രവര്‍ത്തന സജ്ജമായി രംഗത്തുണ്ടായിരുന്നു.