അബുദാബിയില്‍ ഭക്ഷണശാലകള്‍ പ്രവര്‍ത്തിക്കാം; 12-60 പ്രായക്കാര്‍ക്ക് പ്രവേശനമില്ല

റസാഖ് ഒരുമനയൂര്‍
അബുദാബി: അബുദാബിയിലെ ഭക്ഷണശാലകള്‍ കടുത്ത നിബന്ധനകളോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ സാമ്പത്തിക വികസന വകുപ്പ് (ഡിഇഡി) അനുമതി നല്‍കി. കോവിഡ് 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നിലവില്‍ ഭക്ഷണശാലകളില്‍ പാര്‍സല്‍ സംവിധാനത്തിന് മാത്രമാണ് അനുമതിയുള്ളത്. എന്നാല്‍, ഇനി മുതല്‍ കനത്ത നിബന്ധനകളോടെ അകത്തിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പൊതുജനാരോഗ്യം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ നിബന്ധനകളാണ് അധികൃതര്‍ നിര്‍ദേശിച്ചിട്ടുള്ളത്. റെസ്റ്റോറന്റുകള്‍, കഫ്റ്റീരിയകള്‍, കോഫി ഷോപ്പുകള്‍ എന്നവ തുറന്ന് പ്രവര്‍ത്തിക്കാനാണ് നിബന്ധനകളോടെ അനുമതി നല്‍കിയിട്ടുള്ളത്. അബുദാബി കാര്‍ഷിക- ഭക്ഷ്യ സുരക്ഷാ വിഭാഗം, ദേശീയ അടിയന്തിര ദുരന്ത നിവാരണ സമിതി എന്നിവയുടെ സഹകരണത്തോടെയാണ് ഭക്ഷണശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്.
പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന മുഴുവന്‍ സേവന സംവിധാനങ്ങളും സാധാരണ നിലയിലേക്ക് കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് ഭക്ഷണ ശാലകള്‍ക്ക് നിബന്ധനകളോടെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നതെന്ന് ഡിഇഡി അണ്ടര്‍ സെക്രട്ടറി റാഷിദ് അബ്ദുല്‍ കരീം അറിയിച്ചു.

റാഷിദ് അബ്ദുല്‍ കരീം

വാണിജ്യ കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതില്‍ വിജയം കൈവരിച്ചിട്ടുണ്ട്. നിബന്ധനകള്‍ പാലിക്കാനുള്ള നിര്‍ദേശങ്ങള്‍ സ്ഥാപന ഉടമകള്‍ പൂര്‍ണമായും പാലിക്കുന്നുവെന്നത് തന്നെയാണ് തീരുമാനം വിജയത്തിലേക്കെത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തുറന്നു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പൂര്‍ണമായും അണുമുക്തമായിരിക്കണമെന്നത് പ്രഥമ പ്രധാന നിബന്ധനയാണ്.
ഭക്ഷണ ശാലകളിലെ പാത്രങ്ങള്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്നവയായിരിക്കണം. മാസ്‌കും ഗ്‌ളൗസും നിര്‍ബന്ധമായും ധരിച്ചിരിക്കണം. മൊത്തം സ്ഥല പരിമിധിയുടെ 40 ശതമാനത്തില്‍ മാത്രമേ ഉപഭോക്താക്കളെ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. ടേബിളുകള്‍ തമ്മിലുള്ള അകലം ചുരുങ്ങിയത് രണ്ടര മീറ്റര്‍ ആണ്. ഓരോ ടേബിളിലും നാലു പേര്‍ക്ക് മാത്രമേ ഇരിക്കാനാകൂ.
പ്രവേശന കവാടത്തില്‍ ശരീര താപനില പരിശോധിക്കുന്ന സംവിധാനവും അണുമുക്ത സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തണം. ഓരോ ഉപഭോക്താവും ഇരിക്കുന്നതിനു മുന്‍പും ഭക്ഷണ ശേഷവും നിര്‍ബന്ധമായും ഇരിപ്പിടങ്ങളും ടേബിളുകളും അണുമുക്തമാക്കിയിരിക്കണം. ഉപയോഗിക്കുന്ന മുഴുവന്‍ വസ്തുക്കളും നിരന്തരം അണുമുക്തമാക്കണം.
ബുഫെ സംവിധാനം അനുവദനീയമല്ല. ജീവനക്കാരുടെ ജോലി സമയം കുറക്കുകയോ ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തുകയോ വേണം. പാര്‍ട്ടികളും ആളുകള്‍ ഒരുമിക്കുന്ന പരിപാടികളും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
അകലം പാലിക്കാനുള്ള അടയാളങ്ങള്‍ ഫ്‌ളോറുകളില്‍ പതിക്കണം. ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങളില്‍ ജോലിക്കാരുടെ എണ്ണം കുറക്കണം. ചുമ, തുമ്മല്‍, പരിധിയില്‍ കവിഞ്ഞ ശരീര താപനില എന്നിവയുള്ളവരെ പ്രവേശിപ്പിക്കാന്‍ പാടുള്ളതല്ല. പണമിടപാടുകള്‍ പരമാവധി ബാങ്ക് കാര്‍ഡുകള്‍ വഴിയാക്കാനും നിര്‍ദേശത്തില്‍ പറയുന്നു.
അബുദാബിയില്‍ റെസ്റ്റോറന്റ്, കഫ്റ്റീരിയ, കോഫി ഷോപ്പ് എന്നിവയുടെ ലൈസന്‍സുകളില്‍ 13,271 സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. അബുദാബി 8,263, അല്‍ ഐന്‍ 2,602, അല്‍ദഫ്‌റ 492 എന്നിങ്ങനെയാണ്.