അഷ്റഫ് വേങ്ങാട്ട്
റിയാദ്: റിയാദില്‍ നിന്നുള്ള കെഎംസിസിയുടെ ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനം വെള്ളിയാഴ്ച പുറപ്പെടും. 175 യാത്രക്കാരെ ഉള് കൊള്ളുന്ന സ്പൈസ് ജെറ്റിന്റെ ബോയിംഗ് 737 വിമാനമാണ് വെള്ളിയാഴ്ച വൈകുന്നേരം സഊദി സമയം 5.30ന് റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കോഴിക്കോട്ടേക്ക് പറന്നുയരുക.
റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയാണ് ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസ് ഒരുക്കുന്നത്. വിമാനം ശനിയാഴ്ച പുലര്‍ച്ചെ 1 മണിയോടെ കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ചേരും. യാത്രക്കാര്‍ ഇന്ന് ഉച്ച 1.30ന് മുന്‍പ് വിമാനത്താവളത്തിലെത്തിച്ചേരണം. 25 കിലോ ഭാരമുള്ള സിംഗ്ള്‍ ബാഗേജും 7 കിലോ ഭാരമുള്ള ഹാന്‍ഡ് ബാഗേജുമാണ് യാത്രക്കാര്‍ കരുതേണ്ടത്. ഗര്‍ഭിണികളെയും രോഗികളെയും ഉള്‍പ്പെടുത്തിയാണ് മുന്‍ഗണനാ ലിസ്റ്റ് തയാറാക്കിയിരിക്കുന്നത്. ഹൃദ്രോഗികള്‍, കിഡ്നി-കാന്‍സര്‍ രോഗികള്‍ തുടങ്ങി വിട്ടു മാറാത്ത അസുഖങ്ങള്‍ കൊണ്ട് പ്രയാസപ്പെടുന്നവരും ആദ്യ വിമാനത്തില്‍ ഇടം നേടിയിട്ടുണ്ട്. നേരത്തെ, ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ അടിയന്തിരമായി നാട്ടിലെത്തേണ്ടവരെയാണ് ആദ്യ യാത്രക്കായി പരിഗണിച്ചിരിക്കുന്നത്. കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഇതിനായി പ്രത്യേക രജിസ്ട്രേഷനും നടത്തിയിരുന്നു. സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ കര്‍ശന വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടായിരിക്കും സര്‍വീസ് നടത്തുക.
ഇന്ത്യന്‍ എംബസിയിലും അബ്ഷിര്‍ ഔദയിലും രജിസ്റ്റര്‍ ചെയ്ത നിരവധി പേരാണ് യാത്രാനുമതിയും കാത്ത് റിയാദില്‍ കഴിയുന്നത്. ഇതില്‍ ഗര്‍ഭിണികളും രോഗികളുമുണ്ട്. ഇവരെയെല്ലാം നാട്ടിലെത്തിക്കാന്‍ വന്ദേ ഭാരത് മിഷന്റെ വിമാന സര്‍വീസുകള്‍ പര്യാപ്തമല്ലാത്ത സാഹചര്യത്തിലാണ് കെഎംസിസി ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസിനായി കൂടുതല്‍ ശക്തമായ ഇടപെടലുകള്‍ നടത്തിയത്. കോവിഡ് 19 വ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ വിമാന സര്‍വീസിനായി കമ്മിറ്റി ശ്രമം തുടങ്ങിയിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും ഇന്ത്യന്‍ എംബസിയുമായും നിരന്തരം ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിമാനത്തിന് അനുമതി ലഭിച്ചതെന്ന് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സി.പി മുസ്തഫ പറഞ്ഞു. കൂടുതല്‍ വിമാനങ്ങള്‍ വേണമെന്ന് കമ്മിറ്റി ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇത് പ്രകാരമുള്ള നടപടികള്‍ നടന്നു വരികയുമാണ്. വന്ദേ ഭാരത് മിഷന്റെ വിമാനങ്ങള്‍ക്ക് പുറമെ, കൂടുതല്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് കൂടി അനുമതി ലഭിക്കുന്നതോടെ ആശങ്കയില്‍ കഴിയുന്ന നിരവധി പേരെ നാട്ടിലെത്തിക്കാനാകും. പൊതുവെ രോഗ നിരക്ക് കൂടുതലായ ഇവിടെ കഴിയുന്നവരില്‍ അതനുസരിച്ച് ഭയവും ആശങ്കയും അധികരിച്ചിട്ടുണ്ട്. ഈയിടെയായി കോവിഡ് ബാധിച്ചും ഹൃദയാഘാതം മൂലവും റിയാദില്‍ നിരവധി മലയാളികളടക്കമുള്ളവര്‍ മരിച്ചത് പലരെയും മാനസികമായി തളര്‍ത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
അക്ബര്‍ ട്രാവല്‍സ് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് റിയാദ് കെഎംസിസി ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസ് നടത്തുന്നത്. കൂടുതല്‍ വിമാന സര്‍വീസുകള്‍ ഏര്‍പ്പെടുത്താനുള്ള ഒരുക്കങ്ങള്‍ നടന്നു വരികയാണെന്ന് അക്ബര്‍ ട്രാവല്‍സ് ഓഫ് ഇന്ത്യ റീജ്യണല്‍ മാനേജര്‍ യൂനുസ് പടുങ്ങല്‍ അറിയിച്ചു.