നാട്ടില്‍ നിന്നെത്തിയ നഴ്‌സുമാര്‍ക്ക് ആശ്രയമായി റിയാദ് കെഎംസിസി

    19

    അഷ്‌റഫ് വേങ്ങാട്ട്
    റിയാദ്: കോവിഡ് 19 മഹാമാരിക്കെതിരെയുള്ള സ ഊദിയുടെ പോരാട്ടത്തില്‍ പങ്കാളികളാവാന്‍ നാട്ടില്‍ നിന്നെത്തിയ നഴ്‌സുമാര്‍ക്ക് സ്‌നേഹ തണലൊരുക്കി റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി. കണക്ഷന്‍ വിമാനം വൈകിയത് മൂലം റിയാദില്‍ കുടുങ്ങിയ 49 നഴ്‌സുമാര്‍ക്കാണ് റിയാദ് കെഎംസിസി പ്രവര്‍ത്തകര്‍ തുണയായത്. മക്ക, ഹഫര്‍ അല്‍ ബാതിന്‍ തുടങ്ങി സഊദിയുടെ വിവിധ ഭാഗങ്ങളിലേക്ക് പോകേണ്ട ഇവരെ കെഎംസിസി പ്രവര്‍ത്തകരെത്തി ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു. വൈകുന്നേരത്തോടെ അധികൃതരെത്തി ഇവരെ ഹോട്ടലില്‍ നിന്നും പ്രിന്‍സസ് നൂറ യൂണിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസിലേക്ക് മാറ്റി.
    ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സഊദി എയര്‍ലൈന്‍സില്‍ കൊച്ചിയില്‍ നിന്നും 134 മലയാളി നഴ്‌സുമാര്‍ റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ഇതില്‍ 49 നഴ്‌സുമാര്‍ക്കാണ് യാത്രാ സൗകര്യം ലഭ്യമാവാതിരുന്നത്. യാത്ര പുറപ്പെടുമ്പോള്‍ തന്നെ ഇതുസംബന്ധമായ അനിശ്ചിതത്വം നിലവിലുണ്ടായിരുന്നെന്നും എന്നാല്‍ റിയാദിലെത്തുന്ന മുറക്ക് യാത്രാ സൗകര്യമൊരുക്കുമെന്നായിരുന്നു എംബസിയില്‍ നിന്നും ലഭിച്ച വിവരമെന്നും നഴ്‌സുമാര്‍ പറഞ്ഞു. കൂടെയുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് കണക്ഷന്‍ വിമാനം ലഭിച്ചതിനെ തുടര്‍ന്ന് അവരെല്ലാം വിവിധ ഭാഗങ്ങളിലേക്ക് യാത്ര തിരിച്ചു. എന്നാല്‍, മണിക്കൂറുകള്‍ കാത്തിരുന്നിട്ടും കൃത്യമായ വിവരമൊന്നും ലഭിക്കാതിരുന്നത് കൊണ്ടാണ് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സി.പി മുസ്തഫയുമായി നഴ്‌സുമാര്‍ ഫോണില്‍ ബന്ധപ്പെടുകയും താല്‍ക്കാലിക താമസ സൗകര്യമൊരുക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തത്. ഇതേത്തുടര്‍ന്ന് സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരിന്റെ നേതൃത്വത്തില്‍ ഉടന്‍ തന്നെ വാഹനങ്ങളുമായി പ്രവര്‍ത്തകര്‍ വിമാനത്താവളത്തിലെത്തുകയും നഴ്‌സുമാരെ എല്ലാവരെയും അവിടെ നിന്നും ബത്ഹയിലെ അപ്പോളോ ഡിമോറ ഹോട്ടലിലേക്ക് മാറ്റുകയും ചെയ്തു. ഇന്നലെ രാത്രി മുതല്‍ വിമാനത്താവളത്തില്‍ കാത്തിരുന്ന ഇവരെ ഇന്ന് രാവിലെ 7 മണിയോടെയാണ് പ്രവര്‍ത്തകരെത്തി ഹോട്ടലിലേക്ക് മാറ്റിയത്. ഈ വിഷയം സിദ്ദീഖ് തുവ്വൂര്‍ വിമാനത്താവള അധികൃതരുമായി സംസാരിക്കുകയും വിമാനത്താവള മാനേജരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തിരുന്നു. ഹോട്ടലിലെത്തി വിശ്രമിച്ച നഴ്‌സുമാര്‍ക്ക് ഭക്ഷണവും കെഎംസിസി എത്തിച്ചു നല്‍കി. പിന്നീട് വൈകുന്നേരത്തോടെ ഇവരെ ഹോട്ടലില്‍ നിന്നും അധികൃതരെത്തി മാറ്റി.
    വരുംദിവസങ്ങളില്‍ മുഴുവന്‍ നഴ്‌സുമാരും ബന്ധപ്പെട്ട ഭാഗങ്ങളിലേക്ക് തിരിക്കും. നഴ്‌സുമാരുടെ ലഗേജടക്കമുള്ള വസ്തുക്കളെല്ലാം കെഎംസിസി പ്രവര്‍ത്തകര്‍ തന്നെ വാഹനങ്ങളിലെത്തിച്ചു. വനിതാ കെഎംസിസി പ്രവര്‍ത്തകര്‍ ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ രംഗത്തുണ്ടായിരുന്നു. അബ്ദുല്‍ മജീദ് പയ്യന്നൂര്‍, ഷംസു പെരുമ്പട്ട, അല്‍മദീന ഹൈപര്‍ മാര്‍ക്കറ്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ ശിഹാബ് കൊടിയത്തൂര്‍, ഹുസൈന്‍ കുപ്പം, മജീദ് പരപ്പനങ്ങാടി, മഹ്ബൂബ് കണ്ണൂര്‍, അഷ്‌റഫ് പയ്യന്നൂര്‍, കുഞ്ഞിമുഹമ്മദ് അല്‍ മദീന തുടങ്ങിയവര്‍ സഹായത്തിനായി രംഗത്തുണ്ടായിരുന്നു. കെഎംസിസിയുടെ ഈ മഹാമനസ്‌കതയെ നഴ്‌സുമാരുടെ നാട്ടിലെ കുടുംബങ്ങളടക്കം നിരവധി പേര്‍ അഭിനന്ദിച്ചു.