വര്‍ഷക്കാല ദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള നടപടികള്‍ വേണം: സാദിഖലി തങ്ങള്‍

ശാസ്ത്രീയ പഠന റിപ്പോര്‍ട്ട് സര്‍ക്കാര്‍ അവഗണിച്ചു

മലപ്പുറം: വര്‍ഷ കാല ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നന്ന് മുസ്്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ജില്ലയില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി ഉണ്ടായ വര്‍ഷക്കാല ദുരന്തങ്ങളെ കുറിച്ച് സാങ്കേതിക വിദഗ്ധരുടെ സംഘടനകളുടെ സഹായത്തോടെ നഗരാസൂത്രണ വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ അവഗണിച്ചു. വിദഗ്ധരായ എഞ്ചിനീയര്‍മാരുടെ റിപ്പോര്‍ട്ടിന്മേല്‍ നടപടികളൊന്നും സര്‍ക്കാര്‍ സ്വീകരിച്ചില്ല. വിദഗ്ധ നിര്‍ദേശങ്ങള്‍ നടപ്പാക്കിയിരുന്നെങ്കില്‍ രണ്ടാം പ്രളയത്തില്‍ ഇത്രകണ്ട് നാശനഷ്ടങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. രണ്ട് പ്രളയങ്ങള്‍ക്ക് ശേഷവും സര്‍ക്കാര്‍ അനങ്ങാതിരിക്കുന്നത് ജില്ലയോട് കാണിക്കുന്ന കടുത്ത അവഗണനയാണ്.
ആഗസ്ത് മാസത്തില്‍ കാലവര്‍ഷം കൂടുതല്‍ ശക്തമാവുമെന്ന് മുഖ്യമന്ത്രി തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് ദുരന്തം നേരിടാനും ജനങ്ങളെ ബോധവത്കരിക്കാനും യാതൊരു പദ്ധതിയും ഇതുവരെ ജില്ലയില്‍ ആസൂത്രണം ചെയ്തിട്ടില്ല. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ പ്രകൃതി ദുരന്തത്തില്‍ കൂടുതല്‍ ആളപായമുണ്ടാവുകയും ഏറ്റവും അധികം നാശ നഷ്ടമുണ്ടാവുകയും ചെയ്തത് മലപ്പുറം ജില്ലയിലായിരുന്നു. ഉരുള്‍പൊട്ടലില്‍ കവളപ്പാറയില്‍ മാത്രം 59 പേരാണ് മരണമടഞ്ഞത്. ഇതില്‍ 11 പേരെ കണ്ടെത്താന്‍ പോലും കഴിഞ്ഞിട്ടില്ല.
ദുരന്ത സാധ്യതാ പ്രദേശങ്ങള്‍ ധാരാളമുളള ജില്ലയില്‍ പുതിയ ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ ഇനിയും പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയിട്ടില്ല. കഴിഞ്ഞകാല പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ദുരന്ത സാധ്യതാ പ്രദേശങ്ങള്‍, പുനരധിവാസത്തിന് അനുയോജ്യമായ സ്ഥലങ്ങള്‍ എന്നിവ മുന്‍കൂട്ടി ജനങ്ങളെ അറിയിക്കേണ്ടതുണ്ട്. ദുരന്തങ്ങള്‍ക്കൂ ശേഷം ജനപിന്തുണയോടെ നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മാത്രം ഒതുങ്ങി പോകുകയാണ് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍. ദുരന്തത്തിന്റെ കാരണങ്ങളും പ്രതിവിധിയും ചര്‍ച്ച ചെയ്യുന്നില്ല. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ തകര്‍ക്കുന്ന വികസനനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം ഉണ്ടാവേണ്ടതായിരുന്നു.
പ്രളയാനന്തരം ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പ്രകൃതി ദുരന്ത മാപ്പില്‍ നിന്നും മലപ്പുറം ജില്ലയെ അവഗണിക്കുകയും കഴിഞ്ഞ വര്‍ഷം പ്രളയമുണ്ടായ സമയത്ത് നാശ നഷ്ടം സംഭവിച്ചവര്‍ക്ക് അധിക സഹായം നല്‍കുന്ന സര്‍ക്കാറിന്റെ പ്രത്യുത്ഥാനം പദ്ധതിയില്‍ നിന്നും ജില്ലയെ ഒഴിവാക്കുകയും ചെയ്തു. ഏറ്റവും വലിയ ദുരന്തമുണ്ടായ നിലമ്പൂരില്‍ വ്യക്തിഗത നഷ്ടപരിഹാരവും റോഡും,പാലവുമടക്കം തകര്‍ന്നടിഞ്ഞ പൊതു സംവിധാനങ്ങളും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കാതെ പോയ സാഹചര്യത്തില്‍ മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി ദുരന്തമുണ്ടായ നിലമ്പൂര്‍ കവളപ്പാറ മുതല്‍ കലക്ടറേറ്റ് വരെ ലോങ് മാര്‍ച്ച് നടത്തിയിരുന്നു. കോവിഡ് 19 പശ്ചാത്തലമുള്ള ഇന്നത്തെ സാഹചര്യത്തില്‍ ഇത്തവണ ദുരന്തമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനും ദുരിതാശ്വാസകേന്ദ്രങ്ങള്‍ ഒരുക്കുന്നതിനും വലിയ പ്രയാസം നേരിടേണ്ടി വരും.
സാമൂഹികാകലം നിര്‍ബന്ധമായ ഈ സാഹചര്യത്തില്‍ സംവിധാനങ്ങള്‍ ഒരുക്കാന്‍ വലിയ ജാഗ്രത വേണ്ടിവരും. കഴിഞ്ഞ തവണയുണ്ടായ പ്രളയ ദുരന്തത്തില്‍ വ്യക്തിഗതവും സാമൂഹികവുമായ തകര്‍ച്ചക്ക് പരിഹാരം കണ്ടെത്താന്‍ ഇതുവരെ സര്‍ക്കാറിനായിട്ടില്ല. കോവിഡ് 19 മഹാമാരിയെ നേരിടാന്‍ തന്നെ ജനങ്ങളില്‍ നിന്നും സാമ്പത്തിക സഹായം തേടുന്ന സര്‍ക്കാറിനും, സാമ്പത്തിക തകര്‍ച്ച നേരിട്ട ജനങ്ങള്‍ക്കും ഒരു പ്രകൃതി ദുരന്തം കൂടി താങ്ങാന്‍ സാധ്യമാവുകയില്ല.
കഴിഞ്ഞ തവണ ദുരന്ത നിവാരണത്തിന് ജനകീയമായ വന്‍ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ കോവിഡ് പാശ്ചാത്തലത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നടത്താന്‍ പ്രയാസം നേരിടും. സര്‍ക്കാര്‍ അടിയന്തരമായി ദുരന്ത സാധ്യതാ പ്രദേശങ്ങളെകുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയും, പുനരധിവാസത്തിന് അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തുകയും ചെയ്യേണ്ടതാണ്. ദുരന്തങ്ങള്‍ വന്നതി നുശേഷം ദുരിതാശ്വാസം എന്ന കാഴ്ചപ്പാടില്‍ നിന്നും മാറി ദുരന്തം വരും മുമ്പ് പ്രതിരോധം എന്ന തത്വമാണ് സര്‍ക്കാറിനു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ മുസ്‌ലിംലീഗ് ദുരന്ത നിവാരണ
സമിതി കര്‍മരംഗത്തിറങ്ങുന്നു
മലപ്പുറം: പ്രളയ ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്ന മുസ്്‌ലിംലീഗ് ദുരന്തനിവാരണത്തിനായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. പരിസ്ഥിതി ദിനമായ ഇന്ന് മുതല്‍ ദുരന്തനിവാരണ സമിതി കര്‍മരംഗത്ത് കൂടുതല്‍ സജീവമാകുമെന്നും മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി അഡ്വ.യു.എ ലത്തീഫ്, സെക്രട്ടറി ഇസ്മയില്‍ പി മൂത്തേടം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജില്ലയില്‍ വര്‍ഷകാലങ്ങളില്‍ തുടര്‍ച്ചയായുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും മറ്റു അത്യാഹിതങ്ങളും മുന്നില്‍ കണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ദുരിതാശ്വാസം, വൈദ്യസഹായം, വളണ്ടിയര്‍ സേവനം, മറ്റു സഹായങ്ങള്‍, ബോധവത്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ് ദുരന്തനിവാരണ സമിതിയുടെ പ്രധാന ദൗത്യം.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ദുരന്ത നിവാരണ സമിതിയുടെ ജില്ലാ ചെയര്‍മാന്‍. അഡ്വ. യു.എ ലത്തീഫ് ജനറല്‍ കണ്‍വീനറുമാണ്. മുസ്‌ലിംലീഗ് ജില്ലാ ഭാരവാഹികള്‍ അംഗങ്ങളായിരിക്കും. ജില്ലയിലെ മൂന്ന് പാര്‍ലമെന്റ് മണ്ഡലം കേന്ദ്രീകരിച്ച് ഉപസമിതികള്‍ പ്രവര്‍ത്തിക്കും. നിലമ്പൂര്‍, വണ്ടൂര്‍, എറനാട് കൊണ്ടോടി നിയോജക മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന നിലമ്പൂര്‍ ഉപസമിതിയുടെ കണ്‍വീനര്‍ ഇസ്മായില്‍ മൂത്തേടവും, മലപ്പുറം പാര്‍ലമെന്റ് മണ്ഡലം സമിതി കണ്‍വീനര്‍ ഉമര്‍ അറക്കലും, പൊന്നാനി പാര്‍ലമെന്റ് മണ്ഡലം സമിതി കണ്‍വീനര്‍ എം. അബ്ദുല്ല കുട്ടിയുമാണ്. ജില്ലയിലെ മുസ്‌ലിംലീഗ് ജനപ്രതിനിധികള്‍ മുസ്‌ലിംലീഗ് പോഷക ഘടകങ്ങളുടെ ജില്ലാ ഭാരവാഹികള്‍, മുസ്‌ലിംലീഗ് മണ്ഡലം ഭാരവാഹികള്‍ പാര്‍ലമെന്റ് ഉപ സമിതി അംഗങ്ങളായിരിക്കും.
സമിതിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ബോധവത്കരണ വാരം ആചരിക്കും. ഇന്ന് പരിസ്ഥിതി ദിനത്തില്‍ തുടക്കമാവും. വാര്‍ഡ് തലത്തില്‍ പരിസ്ഥിതി സംരക്ഷണ ബോധവത്കരണം
പ്രകൃതി ദുരന്തത്തെ കുറിച്ച് ബോധവത്കരണം. ലോക്ക് ഡൗണ്‍ നിയമങ്ങള്‍ പാലിച്ച് നേരിട്ടും വിദഗ്ധരെ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ വഴിയും സംഘടിപ്പിക്കും. ദുരന്ത നിവാരണ രംഗത്തെ വിദഗ്ദരായവരെ ഉള്‍പ്പെടുത്തി സമിതി അംഗങ്ങള്‍ ദുരന്ത സാധ്യതാ പ്രദേശങ്ങള്‍ ഉടന്‍ സന്ദര്‍ശിക്കും. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ആധുനിക ഉപകരണങ്ങള്‍, പ്രത്യേക പരിശീലനം ലഭിച്ച വളണ്ടിയര്‍മാര്‍, ആംബുലന്‍സ് സൗകര്യം, ജനങ്ങളെ മാറ്റിപ്പാര്‍ക്കുന്നതിന് മുന്‍കൂട്ടി തന്നെ ദുരിതാശ്വസ കേന്ദ്രങ്ങള്‍ ഒരുക്കല്‍, ദുരന്തസാധ്യതാ മേഖലയിലെ ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാഥമിക ഘട്ടത്തില്‍ കര്‍മസമിതി തയാറെടുപ്പുകള്‍ നടത്തുന്നത്.
കഴിഞ്ഞ പ്രളയത്തില്‍ ദുരന്തനിവാരണത്തിന് സ്തുത്യര്‍ഹ സേവനം നടത്തിയ മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍, വൈറ്റുഗാര്‍ഡ് വളണ്ടിയര്‍മാര്‍ വിദഗ്ധരായ ഖലാസികള്‍ തുടങ്ങിയവരെ ഏകോപിപ്പിച്ച് അതിവേഗ ദുരന്തനിവാരണത്തിന് സംവിധാനമൊരുക്കും. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഈ സംവിധാനങ്ങളും ഉപകരണങ്ങളും വിട്ടുനല്‍കുകയും
ചെയ്യും.