ശരതിന് വീടായി; ഓടിക്കളിക്കാന്‍ ധ്രുവനില്ലെന്ന സങ്കടം പക്ഷേ ബാക്കി

73
ഉറ്റവരെ നഷ്ടപ്പെട്ട ശരത്തിന് പാണക്കാട് തങ്ങള്‍ കുടുംബം നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചതിന് ശേഷം വീട് കണ്ടിറങ്ങുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. സാദിഖലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി എംപി, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍ സമീപം പി ഷംസീര്‍

കോട്ടക്കുന്നില്‍ മണ്ണിടിഞ്ഞ് ഉറ്റവരെ നഷ്ടപ്പെട്ട
ശരതിന് പാണക്കാട് തങ്ങള്‍ കുടുംബം
നിര്‍മ്മിച്ചുനല്‍കിയ വീടിന്റെ താക്കോല്‍ കൈമാറി

മലപ്പുറം: സ്‌നേഹിച്ച് കൊതിതീരും മുമ്പെ മകനെ നഷ്ടപ്പെട്ടവനാണ് ശരത്. ഒന്നരവയസ്സുകാരന്‍ ധ്രുവന്‍ മാത്രമല്ല, അമ്മയും ഭാര്യയും നിമിഷ നേരം കൊണ്ട് കണ്‍മുന്നില്‍ നിന്നും മാഞ്ഞില്ലാതായതിന്റെ നിസ്സഹായ കാഴ്ച്ചക്കാരന്‍. കോട്ടക്കുന്നിന്റെ ചരുവില്‍ നിന്നും മണ്ണിടിഞ്ഞ് വരുന്ന കാഴ്ച്ച കണ്ടതും അടുത്തുണ്ടായിരുന്ന അമ്മയുടെ കൈപിടിച്ച് ഓടിമാറാന്‍ ശ്രമിച്ചതാണ്. വിധി പക്ഷെ ശരതിന്റെ കൈയില്‍ നിന്നും അമ്മയെ കൊണ്ടുപോയി. വീടിനകത്തുണ്ടായിരുന്ന ഭാര്യയും പിഞ്ചുകുഞ്ഞും മണ്ണിനടിയിലായി. മരണം പോലും ഒറ്റപ്പെടുത്തിയ ശരത്. ജീവിതം തന്നെ അവസാനിപ്പിച്ചാലോ എന്ന ചിന്തയില്‍ കഴിഞ്ഞിരുന്ന മകന്‍ സങ്കടങ്ങള്‍ ഉള്ളിലൊതുക്കിയാണെങ്കിലും ചിരിക്കാന്‍ തുടങ്ങിയതിന്റെ വലിയ ആശ്വാസത്തിലാണ് പിതാവ് സത്യന്‍. തീര്‍ത്തും ഒറ്റപ്പെട്ട സാഹചര്യത്തില്‍ ചേര്‍ത്ത് പിടിച്ച പാണക്കാട് തങ്ങള്‍ കുടുംബം തന്നെയാണ് ആ ചിരിക്ക് പിന്നില്‍. കേറികിടക്കാന്‍ ഒരു വീട് എന്ന സ്വപ്‌നവും താലോലിച്ചായിരുന്നു ഓരോ ദിനവും ശരതും കുടുംബവും കോട്ടക്കുന്നിലെ വാടകവീട്ടില്‍ കഴിഞ്ഞിരുന്നത്. ഇന്നല്ലെങ്കില്‍ നാളെ അത് സാധ്യമാകുമെന്ന് തന്നെയായിരുന്നു പ്രതീക്ഷ. അതിനായി പണം സ്വരൂപിച്ചു. ഒന്നരവയസ്സുകാരന്‍ ധ്രുവന്‍ ഓടിക്കളിക്കാനാവുമ്പോഴേക്കും പുതിയ വീടിലേക്ക് മാറണം. പക്ഷെ വിധി മറ്റൊന്നായിരുന്നു. ഓഗസ്റ്റ് ഒമ്പതിന് തോരാത്ത മഴയില്‍ കോട്ടക്കുന്നിന്‍ ചെരുവില്‍ നിന്ന് മണ്ണിടിഞ്ഞ് ശരതിന്റെ അമ്മ സരോജിനിയും ഭാര്യ ഗീതുവും ഒന്നരവയസ്സുകാരന്‍ ധ്രുവനും അതിലകപ്പെട്ടു. ആ കുഞ്ഞുകുടുംബത്തിന്റെ വലിയ സ്വപ്‌നങ്ങള്‍ കൂടിയാണ് മണ്ണിടിഞ്ഞില്ലാതായത്. ശരത്തിന്റെ ദുഖത്തിനൊപ്പം നിന്ന പാണക്കാട് തങ്ങള്‍ കുടുംബം അവനെ നെഞ്ചോട് ചേര്‍ത്തു. പട്ടര്‍ക്കടവില്‍ പണികഴിപ്പിച്ച മനോഹര വീട്ടിലേക്ക് ഇന്നലെ ശരതും കുടുംബവും താമസം മാറി. മഞ്ചേരി നെല്ലിക്കുത്തുള്ള അമ്മയുടെ വീട്ടിലായിരുന്നു ഇതുവരെ കഴിഞ്ഞിരുന്നത്. 900 ചതുരശ്ര അടിയില്‍ എല്ലാ സൗകര്യങ്ങളോടും കൂടി പണി പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ ഇന്നലെ രാവിലെ ഒമ്പത് മണിയോടെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ശരത്തിന് കൈമാറി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി എംപി, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറ ലി തങ്ങള്‍, സയ്യിദ് റഷീദലി തങ്ങ ള്‍, സയ്യിദ് ഹമീദലി തങ്ങള്‍, സയ്യിദ് ഹുസൈന്‍ ശിഹാബ് തങ്ങള്‍ മേ ല്‍മുറി, സയ്യിദ് സ്വാലിഹ് ശിഹാബ് തങ്ങള്‍, നാസര്‍ ഹയ്യ് തങ്ങള്‍, സയ്യിദ് ഫസല്‍ ശിഹാബ് തങ്ങള്‍, സയ്യിദ് മുത്തുപ്പ തങ്ങള്‍, സയ്യിദ് ഹുസൈന്‍ പൂക്കു, സയ്യിദ് റഫീഖ് ശിഹാബ്, നൗഷാദ് മണ്ണിശ്ശേരി, ആരിഫ് കള്ളപ്പാടന്‍, നിര്‍മാണ കമ്മിറ്റി അംഗങ്ങളായ പരി മജീദ്, പി. വി. അഹമ്മദ് സാജു, ഹകീം കോല്‍മണ്ണ, പെരുമ്പള്ളി ലത്തീഫ്, സി. എച്ച് ജലീല്‍ എന്നിവര്‍ പങ്കെടു ത്തു. മാതൃസഹോദരി രതി നിലവിളക്കുകൊളുത്തി. പിതാവ് സത്യന്‍, സഹോദരന്‍ സിജിന്‍ എന്നിവരും സന്നിഹിതരായിരുന്നു. വ്യവസായി ആരിഫ് കളപ്പാടന്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് വീട് പണിതത്. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ മേല്‍ നോട്ടത്തില്‍ ദ്രുതഗതിയിലാണ് വീട് പണി പൂര്‍ത്തിയായത്. കേറി കിടക്കാന്‍ വീടായതിന്റെ ആശ്വാസത്തിലും ഇത് കാണാന്‍ ആഗ്രഹിച്ചവര്‍ കൂടെയില്ലാത്തതിന്റെ വേദനയിലാണ്ശരത്. അമ്മയും ഭാര്യയും കുഞ്ഞു ധ്രുവനും ചിരിച്ചിരിക്കുന്ന ചിത്രത്തിലേക്ക് നോക്കിയിരിക്കുന്ന ശരത് തന്നെയായിരുന്നു ചടങ്ങിനെത്തിയവര്‍ക്ക് നൊമ്പരമായത്.