
പിണറായിക്കെതിരെ തുറന്നടിച്ച് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്
കേരളത്തിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കും
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പ്രവാസികളെ കൈ വിട്ടു. വിദേശത്ത് നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്കെല്ലാം കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ജാഗ്രതയുടെയും മുന്കരുതലിന്റെയും ഭാഗമായാണ് അവര്‍ പുറപ്പെടുന്നിടത്ത് കോവിഡ് പരിശോധന വേണമെന്ന് സര്‍ക്കാര്‍ പറഞ്ഞതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേ സമയം കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ മാത്രം കേരളത്തിലേക്ക് മടങ്ങി വന്നാല്‍ മതിയെന്ന കേരള സര്‍ക്കാരിന്റെ നിലപാടിനെതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് രംഗത്ത് വന്നു. സംസ്ഥാനം നിലപാട് മാറ്റിയില്ലെങ്കില്‍ വന്ദേ ഭാരത് മിഷനില്‍ കേരളത്തിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവര്ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാണ് എന്ന സര്‍ക്കാര്‍ നിലപാട് ഇന്നലെ മുഖ്യമന്ത്രി ആവര്‍ത്തിക്കുകയായിരുന്നു. രോഗമുള്ളവരെയും ഇല്ലാത്തവരെയും ഇടകലര്‍ത്തി ഒരേ വിമാനത്തില്‍ കൊണ്ടുവരാനാകില്ല. അത് വലിയ അപകടമായി മാറും. ഇതുമായി ബന്ധപ്പെട്ട് പരിശോധന സുഗമമാക്കാന്‍ എംബസികള്‍ വഴി ഇടപെടല്‍ കേന്ദ്രം നടത്തണം. ഇക്കാര്യമതാണ് പ്രധാനമന്ത്രിയോട് സംസ്ഥാനം ആവശ്യപ്പെട്ടതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.നിലവിലെ സ്ഥിതിയില്‍ വിദേശത്ത് നിന്ന് ഇവിടെ വരുന്നവരില്‍ ഒന്നര ശതമാനത്തിന് രോഗം വരുന്നു. യാത്രക്കാരുടെ എണ്ണം ഇനിയും കൂടും. രണ്ട് ലക്ഷത്തിലും കൂടും. അങ്ങനെ വരുമ്പോള്‍ കോവിഡ് പോസിറ്റീവായവരുടെ എണ്ണവും കൂടും. ആ സാധ്യത മുന്നില്‍ക്കാണണം-മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി വി.മുരളീധരന്റെ നിലപാട് മുഖ്യമന്ത്രി തള്ളി. ആദ്യം പറഞ്ഞ നിലപാടില്‍ നിന്ന് കേന്ദ്രമന്ത്രി പിന്നോക്കം പോയതായാണ് മുഖ്യമന്ത്രിയുടെ മറുപടി.

ശക്തമായ സമരപരിപാടികളെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: പ്രവാസികള്‍ക്ക് ഇരുട്ടടിയായ കേരള സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് മുസ ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയ നടപടി പ്രവാസികളെ എങ്ങനെ തടഞ്ഞുനിര്‍ത്താമെന്ന ചിന്തയില്‍ നിന്നും ഉണ്ടായതാണ്. ഏറെ പ്രയാസം അനുഭവിക്കുന്ന, മരണം മുഖാമുഖം കണ്ട് കഴിയുന്ന പ്രവാസികളോട് നീതികാണിക്കാത്ത സര്‍ക്കാര്‍ ക്രൂരമായ നടപടിയാണ് സ്വീകരിക്കുന്നത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഉടനെ തീരുമാനം പിന്‍വലിക്കണം. ഇതിനായി മുസ്്ലിംലീഗും യു.ഡി.എഫും ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കും. പ്രവാസികളുടെ നല്ല കാലത്ത് അവരോടൊപ്പമെന്ന് പറഞ്ഞ് നടന്നവര്‍ അവരെ ചേര്‍ത്ത് നിര്‍ത്തേണ്ട സമയത്ത് കൂടുതല്‍ ദ്രോഹിക്കുകയാണ്. ഇത് വളരെ ക്രൂരമായ നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്്ലിം യൂത്ത്ലീഗിന്റെ ക്ലിഫ് ഹൗസ് മാര്‍ച്ച് ഇന്ന് നടക്കും. മുഴുവന്‍ പോഷക സംഘടനകളും ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ലഡാക്ക് അതിര്‍ത്തിയില്‍ നടന്ന സംഭവം ഏറെ ദുഖകരമാണ്. രാജ്യത്തിനായി ധീരമായി പോരാടുന്ന സൈനികരോടൊപ്പം നില്ക്കുന്നു. പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ ശ്രമം നടത്തണം. കേന്ദ്ര സര്‍ക്കാര്‍ വിശദാംശങ്ങള്‍ പുറത്തുവിട്ട ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും രാജ്യത്തിനൊപ്പം ഒറ്റക്കെട്ടായി എല്ലാവരും നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധം
തിങ്കളാഴ്ച്ച സെക്രട്ടേറിയറ്റിനു മുന്നില്‍
കോഴിക്കോട്: പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പ്രവാസി കുടുംബങ്ങളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ഇന്ന് വൈകുന്നേരം മൂന്നു മണിക്ക് ജില്ലാ കലക്ടറേറ്റുകള്‍ക്കു മുന്നില്‍ മുസ്ലിംലീഗ് പ്രതിഷേധ സമരം സംഘടിപ്പിക്കും. തിങ്കളാഴ്ച മുസ്ലിംലീഗ് എം.എല്‍.എമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധിക്കും. പ്രവാസികള്‍ ഒരിക്കലും നാട്ടിലെത്താതിരിക്കാനുള്ള വിദ്യകളാണ്സര്ക്കാര് പ്രയോഗിച്ചുകൊണ്ടിരിക്കുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. തീരുമാനം തിരുത്തുന്നതു വരെ ശക്തമായ സമരപരിപാടികളുമായി പാര്‍ട്ടി മുന്നോട്ടു പോകും. പ്രവാസി കുടുംബങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തിയാണ് ജില്ലാ കലക്ടറേറ്റുകള്‍ക്ക് മുന്നില്‍ സമരം നടക്കുക. സെക്രട്ടറിയേറ്റ് ഉപവാസത്തില്‍ മുഴുവന്‍ ലീഗ് എം.എല്‍.എമാരും പങ്കെ ടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
75 പേര്‍ക്ക് കൂടി കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്തിന് ആശ്വാസമായി ഒരു ഇടവേളക്ക് ശേഷം രോഗമുക്തരായവരുടെ എണ്ണം രോഗം സ്ഥിരീകരിക്കുന്നതിനെ മറികടന്നു. ഇന്നലെ 75 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 90 പേരാണ് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരണമടഞ്ഞത് 20 പേരാണ്. വിദേശരാജ്യങ്ങളില്‍ ഇന്നലെ വരെ 277 കേരളീയര്‍ രോഗം ബാധിച്ച് മരിച്ചു .ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി ഇന്നലെ മരിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര് വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ 19 പേരാണ്. സമ്പര്‍ക്കം മൂലം 3 പേര്‍ക്കാണ് രോഗം വന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് രോഗം സ്ഥിരീകരിച്ചത് മഹാരാഷ്ട്ര 8, ദില്ലി 5, തമിഴ്നാട് 4, ആന്ധ്ര, ഗുജറാത്ത് 1 എന്ന കണക്കിലാണ്. പോസിറ്റീവായവരില്‍ ഏറ്റവും കൂടുതലുള്ളത് കൊല്ലത്താണ്. 14 പേര്. മലപ്പുറം 11, കാസര്‍കോട് 9, തൃശ്ശൂര്‍ 8, പാലക്കാട് 6, കോഴിക്കോട് 6, എറണാകുളം 5, തിരുവനന്തപുരം 3, കോട്ടയം 4, കണ്ണൂര്‍ 4, വയനാട് 3, പത്തനംതിട്ടയും ആലപ്പുഴയും 1 വീതം .
മുസ്ലിം യൂത്ത് ലീഗ് ക്ലിഫ്ഹൗസ് മാര്‍ച്ച് ഇന്ന്
കോഴിക്കോട്: പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത്ലീഗ് ഇന്ന് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തും. പ്രവാസികളും മനുഷ്യരാണ്,“പ്രവാസികളോടുള്ള ക്രൂരത അവസാനിപ്പിക്കുക’ എന്നീ ആവശ്യങ്ങള്‍ ഉന്നയിക്കുമെന്ന് പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളും ജ. സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു.