സര്‍ക്കാര്‍ നിബന്ധനകള്‍ പാലിക്കാന്‍ കഴിയുന്നിടങ്ങളിലാണ് പള്ളികള്‍ തുറക്കേണ്ടത്: ഹൈദരലി തങ്ങള്‍

മലപ്പുറം: ആരാധനാലയങ്ങള്‍ തുറക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായ പശ്ചാത്തലത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ കഴിയുന്നിടങ്ങളിലാണ് പള്ളികള്‍ തുറക്കേണ്ടതെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. കൂട്ടം കൂടാതിരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, പങ്കെടുക്കുന്നവരുടെ പേരുവിവരങ്ങള്‍ ശേഖരിക്കല്‍, തുടങ്ങിയ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കണം. കോവിഡ് 19 രോഗം ക്രമാതീതമായി വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച്ചവരുത്തരുത്. വ്യവസ്ഥകള്‍ പാലിച്ചാല്‍ മാത്രമേ ആരാധനാ കര്‍മങ്ങള്‍ നല്ലനിലയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂ. സാഹചര്യം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. വീഴ്ച പാടില്ല. കോവിഡ് 19 മഹാമാരിയുടെ ശമനത്തിനായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തണമെന്നും തങ്ങള്‍ പറഞ്ഞു.