സാമൂഹിക പ്രര്‍ത്തനങ്ങളുടെ കാലമാണ്, പ്രവര്‍ത്തകരുടെയും…

ഷാ തിരൂര്‍

ഗള്‍ഫ് മേഖലയിലെ കാര്യങ്ങളെ കുറിച്ചാണ്. ഒന്നുമൊന്നുമല്ലാത്ത ഒരു പാട് സഹോദരങ്ങള്‍ക്ക്
ആശ്വാസത്തിന്റെ ഒരുപാടു നല്ല മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കാന്‍ ഇവിടത്തെ നല്ല സാമൂഹിക പ്രവര്‍ത്തകര്‍ കാരണമായിട്ടുണ്ട്. മുഖമറിയാതെ, മുഖം കൊടുക്കാതെ ആളറിയാതെ, വിലാസങ്ങളൊന്നുമില്ലാതെ, കോണ്‍ടാക്ട് നമ്പറോ മറ്റു തിരിച്ചറിയല്‍ രേഖകളോ എവിടെയും പതിപ്പിക്കാതെ പ്രവര്‍ത്തിച്ചവരാണവര്‍…
സ്വാര്‍ത്ഥതയില്ലാത്ത പ്രവര്‍ത്തനം എന്നൊന്നില്ല. ‘ആരും ഒന്നും വെറുതെ കൊടുക്കില്ല’ എന്ന സൈദ്ധാന്തിക വാക്യം കടമെടുത്തു പറഞ്ഞാല്‍ പ്രശസ്തിയാണ് പലരുടെയും ഉന്നം. മേമ്പൊടിക്ക് നമ്മുടെ സമൂഹത്തിനു വേണ്ടി, അവശത അനുഭവിക്കുന്ന ജനവിഭാഗത്തിന്റെ ഉന്നമനത്തിനു വേണ്ടി, ആരാലും തിരിഞ്ഞു നോക്കാനില്ലാത്ത മനുഷ്യ കുലത്തിന് വേണ്ടി എന്നൊക്കെയുളള ക്‌ളീഷെകളല്ലാതെ ആ വിഭാഗത്തില്‍ പുതുതായി എഴുതി ചേര്‍ന്നതൊന്നും കണ്ടിട്ടില്ല. കേള്‍ക്കാറുമില്ല.
സംഘടനകളുടെ തണലില്‍ നിന്ന് വാളു വീശുന്നവരാണ് കൂടുതലും. സംഘടന വളര്‍ന്ന് വലിയ പാര്‍ട്ടിയാകുമ്പോള്‍ , പര്‍വതമാവുമ്പോള്‍ ഞാനും പില്‍ക്കാലത്ത് ഒരു പാറക്കല്ലായി മാറും എന്ന ദിശാബോധം കൊണ്ടുനടക്കുന്ന
പാവം പ്രവര്‍ത്തകര്‍ മുതല്‍ തല്‍ക്കാലം മീഡിയയില്‍ തന്റെ തന്നെ മുഖം ഒന്ന് കണ്ടു നിര്‍വൃതിയടയുന്ന ഒറ്റത്തവണ സാമൂഹിക പ്രവര്‍ത്തകര്‍ വരെ ഉള്‍ക്കൊള്ളുന്നതാണ് സംഘടനകള്‍. ടിവിയില്‍ വരുന്ന തന്റെ മുഖം, അത് സ്‌ക്രീന്‍ ഷോട്ടോ, സ്‌ക്രീന്‍ റെക്കോര്‍ഡിംഗോ ഒക്കെയാക്കി അടുത്ത ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും പോസ്റ്റി ഇച്ചിരി ലൈക് ഒക്കെ മേടിച്ച് സംതൃപ്തിയായാല്‍ അതോടെ തീരുന്ന സാമൂഹിക പ്രവര്‍ത്തനങ്ങളാണ് ചിലത്. പിന്നെയുള്ളത് വലിയ കൊമ്പന്‍ സ്രാവുകളാണ്. അവര്‍ നമ്മുടെ ചര്‍ച്ചയില്‍ ഒതുങ്ങില്ല. വേറെയുള്ള ഒരു ജനവിഭാഗമെന്ന് പറഞ്ഞാല്‍, അവരാണ് ഹീറോകള്‍. ഗള്‍ഫിലെത്തി നല്ല അധ്വാനവും ബുദ്ധിയും ഉപയോഗിച്ച് അവര്‍ തന്നെ സ്വപ്നം കണ്ടിരുന്ന
സാമ്പത്തിക, വ്യാപാര അവസ്ഥകളെക്കാള്‍ എത്രയോ മടങ്ങ് മുന്‍പന്തിയിലെത്തി കുമിഞ്ഞു കൂടിയ
പണത്തിന്റെ മുന്നില്‍ സ്വയം അന്ധാളിച്ചു നില്‍ക്കുന്ന പാവങ്ങള്‍… അതായത്, പാവം കോടീശ്വരന്മാര്‍!
ജയിക്കാനും ജീവിക്കാനും ഓടിയ ഓട്ടത്തിനിടയില്‍ സമൂഹത്തിലേക്കോ സാമൂഹിക സേവനത്തിലെക്കോ എത്തി നോക്കാന്‍ സാധിക്കാതെ പോയവരാണവര്‍.
ആ പാവങ്ങളാണ്, അല്ല, ആ പാവം കോടീശ്വരന്മാരാണ് ഗള്‍ഫ് മേഖലയിലെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളുടെ നല്ല നീരുറവകള്‍. ഗള്‍ഫിലെ സംഘടനാ നേതാക്കള്‍ കുടിച്ചു കുടിച്ച് ഉറവ വറ്റിച്ച കുറെ നല്ല തെളിനീരുറവകളെയും ഇവിടെ കാണാം.
ഇച്ചിരി പ്രശസ്തി, ഇച്ചിരി സ്റ്റേജുകള്‍, ഇച്ചിരി സ്വീകരണങ്ങള്‍ ഒക്കെ കൊടുത്താല്‍ പിന്നെ പണം ചറപറാ ഒഴുക്കിയിരുന്നവര്‍. പറ്റിയാല്‍ ചെറിയ ഒരു പത്മ…അതിനുള്ള ബന്ധങ്ങള്‍ ഇതിനൊക്കെയുള്ള
ഈ വിങ്ങലുകളൊക്കെ അടക്കി ഒതുക്കി പാവങ്ങളായ ഈശ്വരന്മാരും പ്രഭുക്കളും ഇങ്ങനെ പഞ്ചപുച്ഛമടക്കി നമ്മുടെ ഗള്‍ഫിലെ നേതാക്കളുടെ മുന്നില്‍ ഊഴം കാത്തു നില്‍ക്കുമ്പോള്‍, ബിസിനസില്‍ കാട്ടുന്ന അസാമാന്യ ബുദ്ധിയും മിടുക്കും കുതികാല്‍ വെട്ടും അഭ്യാസങ്ങളും എന്തേ ഇവിടെയെത്തുമ്പോള്‍ ഇല്ലാതായിപ്പോകുന്നതെന്ന് ഒരുവേള നമുക്ക് തോന്നിപ്പോകുന്നത് തികച്ചും സ്വാഭാവികം മാത്രം.
കഥ കാടുകയറുന്നു. നമ്മുടെ കഥ ഇതല്ല.
നമ്മുടെ കഥ ഇങ്ങനെയൊക്കെ നടക്കുന്ന സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളുടെ തിരിവെട്ടം കത്തിക്കുന്നവരുടേതാണ്…
അവര്‍ പ്രവര്‍ത്തിക്കുകയാണ്. എവിടെയും മുഖം കൊടുക്കാതെ, ആളറിയാതെ, അഡ്രസ്സറിയാതെ, കോണ്‍ടാക്ട് നമ്പറോ മറ്റു തിരിച്ചറിയല്‍ രേഖകളോ എവിടെയും പതിപ്പിക്കാതെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നവര്‍.
ഈ കോവിഡ് കാലത്തും കണ്ടു, കണ്ണ് തുറപ്പിക്കുന്ന കുറെ ഒറ്റയാള്‍ പോരാട്ടങ്ങള്‍. ഉറക്കത്തിലും ഉറക്കച്ചടവിലും ബെഡില്‍ തന്നെ കിടന്നും മറിഞ്ഞും വാട്‌സാപ്പിലൂടെ ആഹ്വാനം നടത്തുന്ന യുദ്ധ സമാനമായ സാമൂഹിക പ്രവര്‍ത്തനമല്ല. സ്വന്തം മുഖം നാട്ടുകാരെ കാണിച്ച് ബോറടികള്‍ ഇരന്നു വാങ്ങുന്ന ഫേസ്ബുക്ക് ലൈവ്
സെലിബ്രെറ്റികളുടെ സാങ്കേതികതയും ഇയാള്‍ക്കത്ര പോരാ. ഇയാള്‍ക്കറിയുന്നത് ദുബൈയില്‍ കോവിഡ് ബാധിച്ചവരെ ക്വാറന്റീന്‍ ചെയ്യുന്ന നാടന്‍ പണിയാണ്.
രാവാണോ പകലാണോ, പെരുനാളാണോ മറ്റു വിശേഷ ദിവസങ്ങളാണോ എന്നൊന്നും അറിയാതെ അവര്‍ക്ക് ഭക്ഷണ കിറ്റുകള്‍ എത്തിക്കുന്ന സാധാരണ സേവനം അറിയാം. ക്വാറന്റീന്‍ സെന്ററില്‍ നിന്ന് ഏതെങ്കിലും അസുഖ ബാധിതനെ ഹോസ്പിറ്റലിലേക്ക് ട്രാന്‍സ്ഫാര്‍ ചെയ്യേണ്ട ആവശ്യം വന്നാല്‍ ബെഡുകള്‍ ഒഴിവില്ലാത്ത സാഹചര്യമാണെങ്കില്‍ പോലും ഹോസ്പിറ്റലുകളില്‍ അഡ്മിഷന്‍ വാങ്ങിക്കൊടുക്കുന്ന മാജിക്കും ഇയാള്‍ക്കറിയാം. കാല് പിടിച്ച കൈകളിലെ തഴമ്പ് നമ്മുടെ കണ്ണില്‍ പെടില്ല. അതയാളുടെ സ്വകാര്യതയാണ്. ക്വാറന്റീന്‍ സെന്ററില്‍ അഡ്മിഷന്‍ വാങ്ങിക്കൊടുത്ത അജ്ഞാതനെ ദിവസവും വിളിച്ച് സുഖവിവരങ്ങള്‍ അന്വേഷിക്കുന്ന അച്ഛനായോ, സഹോദരനായോ, ഇയാളെ നിങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞേക്കാം. അവരുടെ ആരോഗ്യ കാര്യങ്ങളില്‍ സ്വന്തക്കാരെക്കാള്‍ ആശങ്ക പ്രകടിപ്പിക്കുന്ന സുഹൃത്തിനെ നിങ്ങള്‍ക്ക് കാണാം. കോവിഡ് ബാധിച്ച മരണങ്ങള്‍ കണ്ടാല്‍, കേട്ടാല്‍ ഹോസ്പിറ്റല്‍ വരാന്തയിലിരുന്നു ഉച്ചത്തില്‍ പൊട്ടിക്കരയുന്ന മനുഷ്യ സ്‌നേഹത്തെയും നമുക്ക് അടുത്ത് കാണാം…
ഇമ്യൂണിറ്റി വര്‍ദ്ധിപ്പിക്കാനുതകുന്ന ആയുര്‍വേദ കൂട്ടുകളും പഴങ്ങളും മരുന്നുകളും സ്വന്തം ചെലവില്‍ വാങ്ങി വര്‍സാന്‍ ക്വാറന്റീന്‍ സെന്ററില്‍ എത്തിച്ചു
കഴിക്കാന്‍ നിര്‍ബന്ധിപ്പിക്കുന്ന വാത്സല്യമുള്ള അമ്മയുടെ റോളിലും ഇയാളെ നിങ്ങള്‍ക്ക് കാണാം.
എന്താണവരുടെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനം.
എന്താണവരുടെ ലാഭം. ചില നേരങ്ങളില്‍ ഈ ചിന്ത വന്നു പോകുന്നുണ്ട്. ഉത്തരം കണ്ടെത്താനാവില്ല.
മന:സാക്ഷി മരവിച്ചിട്ടില്ലാത്ത സഹജീവികളെ തിരിച്ചറിയുന്ന ഒരു പാട് ജന്മങ്ങളുടെ നന്മയാണിത്. ചെറിയ ചിന്തകളില്‍ ഇങ്ങനെ സ്വന്തമായൊരു നിഗമനത്തിലെത്താനേ എനിക്ക് സാധിക്കുന്നുള്ളൂ.
ആരോരുമറിയാത്ത എവിടെയോ ഉള്ളവര്‍ക്ക്
വേണ്ടി സാമൂഹിക പ്രവര്‍ത്തനം എന്ന് പേരിട്ടു വിളിക്കുന്ന മന:സാക്ഷി പ്രവര്‍ത്തനം നടത്തുന്ന, ഞാന്‍ അറിയുന്ന,
അറിയുന്ന എന്നല്ല, അടുത്തറിയുന്ന ഒരു സഹോദരനാണ് കൂടെയുള്ള ഫോട്ടോയില്‍ കാണുന്ന ഈ സഹോദരന്‍.
ഓര്‍ത്തു വെക്കേണ്ട മുഖമാണ്.
മനസ്സറിഞ്ഞ നമ്മുടെ പ്രാത്ഥനകളുടെ ഒരു പങ്ക് ഇദ്ദേഹത്തെ പോലുള്ളവര്‍ക്ക് കൂടിയുള്ളതാണ്. വിരുദ്ധ രാഷ്ട്രീയ ബോധത്താല്‍ നയിക്കപ്പെടുന്നവരാണ്. വിരുദ്ധമായ ആശയങ്ങളാലും. തര്‍ക്കങ്ങളും ആശയ പ്രകടനങ്ങളില്‍ പ്രകടമാക്കാറുള്ള നീരസവും എല്ലാം നിലനില്‍ക്കുന്നുണ്ട്.
എല്ലാ വിരുദ്ധ അഭിപ്രായങ്ങളും പ്രകടമാകുമ്പോഴും പ്രകടമാക്കുമ്പോഴും, ഇതാണ് യഥാര്‍ത്ഥ സാമൂഹിക പ്രവര്‍ത്തനം എന്ന് ഞാന്‍ തിരിച്ചറിയുന്നു.
അല്ല, പറഞ്ഞതില്‍ പിശകുണ്ട്. ഇത് തന്നെയാണ് യഥാര്‍ത്ഥ സാമൂഹിക പ്രവര്‍ത്തകന്‍…
എനിക്കറിയുന്ന, നമുക്കറിയുന്ന നിസ്വാര്‍ത്ഥനായ, നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ദുബൈയില്‍ വസിക്കുന്ന ഇദ്ദേഹത്തിന്റെ പേരാണ് തറമ്മല്‍ ബദ്‌റുദ്ദീന്‍.

തറമ്മല്‍ ബദ്‌റുദ്ദീന്‍