സ്മാര്‍ട്ട് ഇലക്ട്രിക് ബൈക്ക് നിര്‍മ്മിച്ച് പത്താം ക്ലാസുകാരന്‍

സ്മാര്‍ട്ട് ബൈക്കുമായി ഹൃദിന്‍ ശ്രീഹരി

നരിപ്പറ്റ: സ്വന്തമായി സ്മാര്‍ട്ട് ഇലക്ട്രിക്ക് ബൈക്ക് നിര്‍മ്മിച്ചു വ്യത്യസ്തനാവുകയാണ് കൈവേലി സ്വദേശി ഹൃദിന്‍ ശ്രീഹരി എന്ന പത്താം ക്ലാസുകാരന്‍. വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഈ മിടുക്കന്‍ നിര്‍മ്മിച്ചത് സ്മാര്‍ട്ട് ബൈക്ക് തന്നെയാണ്. ഹെല്‍മറ്റ് ഇട്ട് സ്ട്രാപ്പ് ഇട്ട് സുരക്ഷിതമാക്കിയാല്‍ മാത്രമേ സ്റ്റാര്‍ട്ട് ആവുകയുള്ളൂ. ഹെല്‍മെറ്റിന്റെ കൂടെ മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള സംവിധാനവും ഉണ്ട്. അഞ്ചാം ക്ലാസ് മുതല്‍ ഇലക്ട്രിക്ക്, ഇലക്ട്രോണിക് മേഖലയില്‍ താത്പര്യമുണ്ടായിരുന്നു. ഏഴാം ക്ലാസ് മുതലുള്ള ആഗ്രഹമാണ് ഇലക്ട്രിക് ബൈക്ക്. അന്ന് മുതല്‍ അതിനുള്ള പരിശ്രമത്തിലായിരുന്നെങ്കിലും ഈ ലോക്ക്ഡൗണ് കാലത്താണ് സ്വപ്‌നം യാഥാര്‍ഥ്യമായത്. കുടുംബാംഗം സമ്മാനിച്ച ബൈക്കാണ് ഇലക്ട്രിക് ബൈക്കാക്കി മാറ്റിയത്. ഭാവിയില്‍ കൂടുതല്‍ സെന്‍സറുകള്‍ കൂട്ടിച്ചേര്‍ക്കണമെന്നാണ് ഹൃദിന്റെ ആഗ്രഹം. അപകടം ഉണ്ടായാല്‍ ബന്ധപ്പെട്ടവരെ മൊബൈലിലേക്ക് കാള്‍ പോകുന്ന സിസ്റ്റം ഉടന്‍ ചെയ്യുമെന്നും ഹൃദിന്‍ പറയുന്നു. ചെറുപ്രായത്തില്‍ തന്നെ ഹൗസ് വയറിങ് മോഡല്‍ ഉണ്ടാക്കി നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. കൂടാതെ പി.വി.സി പൈപ്പ് ഉപയോഗിച്ചു പെട്രോള്‍ തോക്കും ഉണ്ടാക്കിയിട്ടുണ്ട്. കൈവേലി വള്ളിത്തറ ശ്രീനിലയത്തില്‍ ഹരീന്ദ്രന്‍- നിജിഷ ദമ്പതികളുടെ മൂത്ത മകനായ ഹൃദിന്‍ തന്റെ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ സാമ്പത്തിക സഹായം തേടുകയാണ്.