കണ്ണൂര്‍: പഠനം ഓണ്‍ലൈനായതോടെ പ്രതിസന്ധിയെ മറികടന്നു സ്മാര്‍ട്ടാകുന്നു ഇലക്ട്രോണിക്സ് വിപണി. കോവിഡ് പശ്ചാത്തലത്തില്‍ അധ്യയന വര്‍ഷം ഓണ്‍ലൈനായി തുടങ്ങിയതാണ് ലോക്ക്ഡൗണ്‍ ഇളവിലെ ആദ്യ ഘട്ടത്തില്‍ മന്ദഗതിയിലായിരുന്ന ഇലക്ട്രോണിക് വില്‍പ്പന സ്ഥാപനങ്ങള്‍ക്കും അനുഗ്രഹമായത്.
നേരത്തെ തന്നെ ക്ലാസുകള്‍ സംബന്ധിച്ച തീരുമാനങ്ങള്‍ പുറപ്പെടുവിച്ചതിനാല്‍ ദിവസങ്ങളായി കടകളില്‍ സ്മാര്‍ട്ട് ഫോണുകള്‍ മുതല്‍ കമ്പ്യൂട്ടര്‍ വരെ വാങ്ങാനെത്തിയവരായിരുന്നു ഏറെയും. വരുമാനത്തിനനുസരിച്ചായിരുന്നു രക്ഷിതാക്കള്‍ തങ്ങളുടെ മക്കള്‍ക്ക് ആവശ്യമായ ഉള്‍പ്പന്നങ്ങള്‍ തെരഞ്ഞെടുത്തത്. ടാബുകള്‍ക്കും എല്‍ഇഡി ടിവികളും വരെയുള്ളവക്കും ആവശ്യക്കാരുണ്ട്. എന്നാല്‍ ഏറെ പേരും സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങാനാണ് കടകളിലെത്തുന്നത്. ഭൂരിഭാഗം പേരുടെ കയ്യിലും സമാര്‍ട്ട് ഫോണുകളുണ്ടെങ്കിലും അവ ജോലിക്കാര്യങ്ങള്‍ക്കും മറ്റുമായി ഉപയോഗിക്കുന്നതാണ്. ഈ സാഹചര്യത്തില്‍ കുട്ടികളുടെ പഠനകാര്യത്തിന് വേണ്ടി മാത്രം പുതിയത് വാങ്ങുകയാണ് പലരും. രക്ഷിതാക്കള്‍ കുട്ടികളെയും കൂട്ടിയാണ് ഫോണ്‍ വാങ്ങാനെത്തുന്നതും. ടാബിനും ലാപ്ടോപ്പിനും ആവശ്യക്കാര്‍ ഏറെയാണ്.
താല്‍ക്കാലിക ആവശ്യത്തിനെന്ന ചിന്തകളില്ലാതെ മികച്ച കമ്പനികളുടെ ഉല്‍പ്പന്നങ്ങളാണ് രക്ഷിതാക്കള്‍ തെരഞ്ഞെടുക്കുന്നതും. ചൈനയുടെ ഉള്‍പ്പന്നങ്ങള്‍ക്ക് വിമുഖത കാണിക്കുന്നവരാണേറെയും. വീട്ടില്‍ ടിവിയുണ്ടെങ്കിലും പൂതിയ ടിവി വാങ്ങുന്നവരും ഏറെയാണ്. പഴയ ടിവികള്‍ മാറ്റി എല്‍ഇഡി ടിവി യോടാണ് ഇപ്പോള്‍ പ്രിയം. ഒന്ന് മുതല്‍ പ്ലസ്ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന മക്കളുള്ളവര്ക്കെല്ലാം വേണം പുത്തന്‍ മൊബൈല്‍ ഫോണുകളും കമ്പ്യൂട്ടറുകളും എല്‍ഇടി ടിവികളും.