ശ്രമിക് ട്രെയിനുകള്‍ റദ്ദാക്കുന്നത് പതിവായി ദുരിതം പേറി അതിഥി തൊഴിലാളികള്‍

യുപിയിലേക്ക് മടങ്ങാനായി തളിപ്പറമ്പ് ബസ് സ്റ്റാന്റില്‍ എത്തിയ കുടുംബം. ട്രെയിന്‍ ഇല്ലെന്ന അറിയിപ്പ് വന്നതിന്റെ നിരാശയില്‍ കൈക്കുഞ്ഞിനെയുമെടുത്ത് താമസ സ്ഥലത്തേക്ക് തന്നെ മടങ്ങാന്‍ ഒരുങ്ങുന്നു

ജില്ലാ ഭരണകൂടത്തിന്റെ വീഴ്ചയെന്നും ആക്ഷേപം

തളിപ്പറമ്പ്: അന്യസംസ്ഥാനങ്ങളിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കുന്നത് ദുരിതം സൃഷ്ടിക്കുന്നു. ഈ നടപടി അതിഥി തൊഴിലാളികള്‍ക്ക് ദുരിതമാകുമ്പോള്‍ തദ്ദേശസ്വയംഭരണ സ്ഥാപന അധികൃതര്‍ക്ക് തലവേദനയായി മാറുകയാണ്. ജില്ലാ ഭരണകൂടത്തിന്റെ ഏകോപനത്തിലെ വീഴ്ചയാണ് സംഭവം ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നതെന്ന് ആക്ഷേപവും ശക്തമാണ്.
അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമിക് ട്രെയിന്‍ സര്‍വീസുകള്‍ ആണ് ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് റദ്ദാക്കുന്നത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സമാനമായ സ്ഥിതി ഉണ്ടായി. തിങ്കളാഴ്ച രാത്രി കണ്ണൂരില്‍ നിന്നും യുപിയിലേക്ക് ട്രെയിന്‍ പുറപ്പെടുന്നു എന്ന വിവരമാണ് ജില്ലാ ലേബര്‍ ഓഫീസറുടെ ഭാഗത്തുനിന്നും തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതര്‍ക്ക് ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ അനുവദിച്ച പ്രകാരമുള്ള 51 പേരെ തളിപ്പറമ്പ് നഗരസഭ അധികൃതര്‍ ബസ് സ്റ്റാന്റില്‍ എത്തിയ കെഎസ്ആര്‍ടിസി ബസില്‍ കയറ്റുകയും ചെയ്തു. തിങ്കളാഴ്ച രാത്രി ഏഴ് മണിക്കായിരുന്നു ഇത്. എന്നാല്‍ ബസ് പുറപ്പെടാനുള്ള അറിയിപ്പ് കാത്തിരുന്ന അധികൃതര്‍ക്ക് ട്രെയിന്‍ റദ്ദാക്കി എന്ന വിവരമാണ് 7.30 ഓടെ ലഭിച്ചത്. തുടര്‍ന്ന് ബസില്‍ ഉണ്ടായിരുന്ന 51 യുപി സ്വദേശികളെയും രാത്രി തന്നെ തിരികെ അവരുടെ താമസ സ്ഥലങ്ങളിലേക്ക് നഗരസഭ അധികൃതര്‍ക്ക് എത്തിക്കേണ്ടിവന്നു.
ഇതിനിടെ രാത്രി 11 മണിയോടെ ചൊവ്വാഴ്ച രാവിലെ യുപി യിലേക്കുള്ള ട്രെയിന്‍ കണ്ണൂരില്‍ നിന്ന് ഉണ്ടെന്ന അറിയിപ്പ് വീണ്ടും ലഭിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ 51 പേരെയും ഫോണില്‍ വിളിച്ച് ട്രെയിന്‍ ഉള്ള വിവരം അറിയിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് വീണ്ടും ഇവരെ തളിപ്പറമ്പ് ബസ് സ്റ്റാന്റില്‍ ഉണ്ടായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ കയറ്റിയിരുത്തി. അതിനിടെ 8.15ന് ട്രെയിന്‍ റദ്ദാക്കിയെന്ന വിവരം ലേബര്‍ ഓഫീസര്‍ തളിപ്പറമ്പ് നഗരസഭാ അധികൃതര്‍ക്ക് നല്‍കുകയും ചെയ്തു. ഇത് നഗരസഭ അധികൃതര്‍ക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചത്.
രണ്ടുതവണ കബളിപ്പിക്കപ്പെട്ട അതിഥി തൊഴിലാളികളെ എങ്ങനെ കാര്യം പറഞ്ഞു മനസ്സിലാക്കും എന്ന ആശങ്കയും ഉടലെടുത്തു. തുടര്‍ന്ന് പത്ത് മണിയോടെ തളിപ്പറമ്പ് തഹസില്‍ദാര്‍ സ്ഥലത്തെത്തിയാണ് ഇവരെ വിവരം പറഞ്ഞ് തിരികെ വീണ്ടും താമസസ്ഥലത്തേക്ക് മടക്കി അയച്ചത്. നേരത്തെയും ട്രെയിനുകള്‍ അപ്രതീക്ഷിതമായി റദ്ദാക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. റെയില്‍വേയില്‍ ബന്ധപ്പെട്ടെങ്കിലും ട്രെയിന്‍ റദ്ദാക്കാന്‍ ഒരു അറിയിപ്പും നല്‍കിയിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ ഏകോപനത്തിലെ വീഴ്ചയായാണ് സംഭവം വിലയിരുത്തപ്പെടുന്നത്. ജില്ലാ കലക്ടര്‍ അടക്കമുള്ളവര്‍ ഇടപെട്ട് പരിഹാരം കാണണമെന്ന ആവശ്യവും ശക്തമാകുകയാണ്.